സ്നേഹം പകർന്ന്
(Byസുജാത വാര്യർ
വെങ്ങാനെല്ലൂർ വാര്യം
ചേലക്കര
9544508957)
👍👌: warriers.org
പുറത്ത് വെയിൽ തിളക്കുമ്പോൾ, അതിലും ചൂടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റ കൊട്ടിക്കലാശം പൊടി കസറുകയാണ്. വീറും, വാശിയും നിറഞ്ഞ അസാധാരണമായ
പോരാട്ടത്തിനൊടുവിൽ ജനം തീരുമാനിക്കും അടുത്ത അഞ്ചു വർഷം ഇനി ആരു ഭരിക്കണമെന്ന്.
മോഹന വാഗ്ദാനങ്ങൾ പലവിധം......
പട്ടിണിയില്ലാത്ത കേരളം,..... നാൽപ്പത് ലക്ഷം തൊഴിലുകൾ,എല്ലാവർക്കും വീട്.....
ക്ഷേമ പെൻഷൻ അങ്ങനെ നീളുന്നു മോഹിപ്പിക്കുന്ന ഉറപ്പുകൾ.
പ്രകൃതിയുടെ വരദാനമായ കുന്നും, മലകളും ഇടിച്ചു നിരത്തി, പുഴകളൊക്കെ
കയ്യേറി മനോഹാരിത നഷ്‌ടപ്പെട്ടേടത്ത് ഈയൊരു അഞ്ചു വർഷം കിട്ടിയാൽ
വികസനത്തിന്റെ പൂക്കാലമൊരുക്കാം എന്നാണ് എല്ലാ പാർട്ടിക്കാരും പറയണത്.
കൊഴുപ്പിക്കുന്ന ആരവങ്ങൾക്ക് ഇന്ന് ആട്ടക്കലാശം... ഇനി എല്ലാവരും പോളിംങ് ബൂത്തിലേക്ക്. വായും, മൂക്കും മൂടി, സാമൂഹിക അകലം പാലിച്ച് കോവിഡ്
പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചു് ഒരു വിധിയെഴുത്ത്.
ഇന്നത്തെ കഴിഞ്ഞാൽ കുറച്ചൊരു ആശ്വാസം ആയി. പാതിരാത്രി വരെ മണിയേട്ടനെ നോക്കിയിരിക്കണ്ടല്ലോ. എന്ന് തുടങ്ങീതാ ഈ തലകുത്തി മറിയല്. വോട്ടു പിടുത്തം,
ചുവരെഴുത്തു്, ഓരോ വീടിന്റെ നട കേറി ഇറങ്ങല്,നോട്ടീസ് കൊടുക്കല്, മീറ്റിംഗ് ഒലക്കപ്പന്ത്രണ്ട്,..........
കൊറോണയാണ്, ആർക്കുംഷേക്ക് ഹാൻഡ് നൽകരുത്,ആവശ്യമില്ലാത്ത
ദേഹത്ത് തൊട്ടുള്ള സ്നേഹ പ്രകടനം ഒന്നും വേണ്ടാട്ടോ,.....മണിയേട്ടാ,.......
വെളുപ്പിനെ ഇറങ്ങുമ്പോൾ എന്നും ഓർമ്മിപ്പിക്കാറുണ്ട്. എവിടെ,ആര് കേൾക്കാൻ.....
മൂപ്പര് നേരം വെളുക്കണേനു മുന്നേ പോയാ പാതിരാക്കേ കേറി വരൂ.
""ഈ കൊറോണക്കാലത്തു് ഇങ്ങനെ ഓടിനടക്കണോ....? വീട്ടീന്ന് നമുക്ക് ഒരുമിച്ചു പോയി വോട്ടു ചെയ്യാം മണിയേട്ടാ "" അവള് ചിണുങ്ങി.
""പിന്നെ,ബൂത്തിൽ മുഖാവരണം ധരിക്കാത്തവരും, സാമൂഹിക അകലം പാലിക്കാത്തവരും
ഇല്ലെന്ന് ഉറപ്പ് വരുത്തണം, സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ
നിയന്ത്രണങ്ങൾ കർശനമാക്കാനാണ് സർക്കാരിന്റെ നടപടി. വീട്ടിൽ കുത്തിയിരുന്നാൽ
മതിയോ.....നീ പിന്നെങ്ങാനും വന്ന് ചെയ്താൽ മതി,.....""
"""ഉവ്വുവ്വേ,..... ആൾക്കാര് കൂട്ടം കൂടാതെയാണോ ചിനക്കത്തൂർ പൂരോം, നെൻമ്മാറ
വേലേം പൊടി കസറീത്.....അറിയാൻ മേലാഞ്ഞീട്ടു ചോദിക്യാ.......
ആ,... കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് എല്ലാരേം മാസ്ക്ക് അണിയിച്ചും,കൈ
കഴുകിച്ചും മണിയേട്ടൻ നടന്നോ,... ഏട്ടന് വല്ലതും വന്നാൽ ഈ "ദേവു "മാത്രമേ
ഉണ്ടാവുള്ളു.""......
ഇങ്ങേര് ആരാപ്പാ,.... ഇലക്ഷൻ കമ്മീഷണറോ.....? അടുത്ത ടിക്കാറാം മീണ ആവാനാവും
ശ്രമം.എല്ലാരും വോട്ട് ചെയ്ത് ജയിപ്പിച്ച് പുതിയ പാതേം,... മേൽപ്പാലോം, വാതക പൈപ്പ് ലൈനും ഒക്കെ ഒണ്ടാക്ക്. ന്നട്ട് അത് തന്നെ വീണ്ടും പൊളിച്ച് പണിയ്.അല്ല പിന്നെ.....
വീട്ടിലേക്കുള്ള വഴി ഇപ്പോഴും ഒരു വൈതരണിയാ.... ഇടവത്തിലെ മഴയിൽ തുടങ്ങിയാൽ
പിന്നെ മാനം തെളിഞ്ഞ് വെയില് മൂക്കണം ഒന്ന് നല്ലോണം നടക്കാൻ. എന്തെങ്കിലും ഒരു ഗുണം ഈ ജയിപ്പിച്ചോരെക്കൊണ്ട് മണിയേട്ടനുണ്ടോ....?
ഇന്ന് കുളിച്ചൊരുങ്ങി അമ്പലത്തിൽ പോകണം രണ്ടാൾക്കും കൂടി എന്നൊക്കെ വിചാരിച്ചതാ.
എവടെ നടക്കാനാ..... മൂപ്പര് മോടി കാട്ടി മാസ്ക്കും വച്ച് സിമ്പളക്കുട്ടപ്പനായി പോയിക്കഴിഞ്ഞു. പിന്നെ,ഇവരൊക്കെ വിചാരിച്ചാ കൊറേ വ്യാപനം തടയും,കാണാം.
കാലത്ത് വച്ചമാസ്ക്ക് വൈകിട്ട് ഉപയോഗിക്കില്ല. ദിവസത്തിൽ രണ്ടും, മൂന്നും......
വേസ്റ്റ് ബക്കറ്റിൽ ഷോപ്പീന്ന് കിട്ടുന്ന പ്ലാസ്റ്റിക് കവറിനെക്കാളും കൂടുതൽ ഇപ്പോൾ മാസ്ക്കാ.
ഇതൊക്കെ എന്തു ചെയ്യുമോ എന്തോ.
കല്യാണം കഴിഞ്ഞിട്ടിപ്പോൾ അഞ്ചാറു വർഷമായി. എന്താണ് പ്രോബ്ലം,, ആർക്കാണ്
കുഴപ്പം എന്നൊക്കെ അറിയണമെങ്കിൽ ഡോക്ടറെ കാണണ്ടേ,... മൂപ്പർക്ക് അതിനൊന്നും
സമയമില്ല.ഇനി വോട്ട് എണ്ണി ജയം ആർക്കാണ് എന്ന് ഉറപ്പ് വരുത്തി കവല തോറും സ്വീകരണോം, ആഘോഷോം പടക്കം പൊട്ടിക്കലും.........
മൂപ്പരുടെ പാർട്ടി വിജയം ഉറപ്പാണെന്ന മട്ടിലാ നടപ്പ്. ജയിച്ചാ,....... പറക്കോട്ടു കാവിൽ
വേലക്ക് പൊട്ടണേക്കാളും കൂടുതല് വെടിക്കെട്ട് പാർട്ടി ആപ്പീസിന്റെ മുന്നിലിട്ട് പൊട്ടിക്കും
പൊടി കസറും. എങ്ങാനും തോറ്റാൽ എനിക്കും കൂടി പൊറുതി ഉണ്ടാവില്ല.
എല്ലാ കലിപ്പും എന്നോടാവും.ഇവിടെ ആര് ജയിച്ചാലും വേണ്ടില്ല, ആര് ഭരിച്ചാലും വേണ്ടില്ല.
വോട്ട് ചെയ്യാൻ മണിയേട്ടന്റെ ഒപ്പം പോണം ന്നൊക്കെ ഒരാഗ്രഹം ഉണ്ടായിരുന്നു. നേരെ
ചൊവ്വേ ഒന്ന് കാണാനും കൂടി കിട്ടീല്യാ ഇന്ന് മൂപ്പരെ. നല്ല ഉണക്കല് ചമ്പാവരീടെ പിട്ടും
അസ്സല് കൊള്ളി ഇസ്റ്റൂം മണിയേട്ടന് വേണ്ടി മെനക്കെട്ട് ഉണ്ടാക്കീതാ, കാക്ക കരേണേന്
മുബന്നെ ആള് സ്ഥലം വിട്ടു, വീട്ടിലെ പശുവിന്റെ പാല് വീഴ്ത്തിയ കാപ്പി പോലും
കുടിക്കാതെ, അവിടെ സൽക്കാരോം ഒത്തു കൂടലും ഒക്കെ ഉണ്ടാവും, ന്നാലും
വീട്ടില് ഇരിക്കണോർക്കൊരു സമാധാനം വേണ്ടേ.....
സൂര്യ ബിംബത്തിന് ചൂട് കൂടുന്നതിന് മുൻപ് തന്നെ വോട്ട് ചെയ്യാൻ എത്തി. പഠിച്ച
സ്കൂളിൽ ത്തന്നെയാണ് വോട്ട്. വീടിന്റെ അടുത്തുതന്നെ കല്യാണം കഴിക്കാനും
ജനിച്ച നാട്ടിൽ തന്നെ കുറ്റിയടിച്ച് ജീവിക്കാനും പറ്റി എന്നുള്ളത് അഭിമാനമായി
തോന്നിയില്ല. പഠിക്കണ കാലത്ത് കെട്ടിച്ചു വിട്ട ഓരോ ചേച്ചിമാര് കെട്ട്യോനേം കൂട്ടി
സ്വന്തം വീട്ടില് ചടഞ്ഞു കൂടണ കാണുമ്പോ കലി വരാറുണ്ട്. അതോണ്ട് തന്നെ ഒന്നര ദിവസത്തിൽ കൂടുതൽ വീട്ടിൽ നിൽക്കാറൂല്യ.....
ദൂരെ എവിടെയെങ്കിലും ആയിരുന്നെങ്കിൽ ഇടക്കൊക്കെ നാട്ടിലേക്ക് വരുമ്പോൾ
എന്തായിരിക്കും ഒരു ഗമ... കാണുന്നോരോക്കെ വഴി നീളെ പുന്നരോം ചോദിച്ച് മയക്കും.
ഇതിപ്പോ ഈ ഗെയിറ്റീന്ന് ഒറ്റ ചാട്ടത്തിന് വീടെത്തും.
വോട്ട് ചെയ്യാൻ കിട്ടിയ ക്‌ളാസ്സ് റൂം,.... ""ഒൻപതു ബി.""പണ്ട് പഠിച്ച ആദ്യ വരിയിലെ ബഞ്ച്
കിടന്നിടം കാണാൻ കൊതിച്ചു് ചുറ്റും കൊതിയോടെ പരതി,ആ പഴയ പതിനാലു
വയസ്സുകാരിയുടെ കൗതുക കണ്ണുകളോടെ മഞ്ഞു പെയ്യുന്ന ഓർമ്മകൾക്ക് നിറം
പകർന്ന പഴയ സ്വപ്‌നങ്ങൾ പൂക്കുന്ന മോഹത്തിൻ കിങ്ങിണിക്കൊമ്പിലെ
ഊഞ്ഞാലിലാടി മനസ്സ്.എന്തിനാണ് വന്നതെന്ന് പോലും ഓർമ്മിക്കാതെ............
ഒരു നിമിഷം പച്ചയും ക്രീമും യൂണിഫോമിൽ, മുടി ഇരുവശവും മെടഞ്ഞിട്ട് റോസ്
റിബണിൽ.........എത്ര തലേല് കേറ്റിയാലും ഒന്നും മനസ്സിലാകാത്ത കണക്കു പിരീഡിലെ
ഗോപി മാസ്റ്ററുടെ കയ്യിലെ ചോക്കും, ഡസ്റ്ററും വച്ചുള്ള ഊക്കൊടെയുള്ള ഏറിന്റെ അസഹനീയത..... ഇംഗ്ളീഷ് പിരീഡിലെ മത്തായി മാഷ്ടെ വക ചൂരൽ കഷായത്തിന്റെ
പുളച്ചിൽ എല്ലാം ഓർമ്മയിൽ മിന്നി.........
ഇവിടം ടീനേജ് പ്രായത്തിലെ സ്വപ്നങ്ങളും, മോഹങ്ങളും പൂക്കുന്നിടം........
ഒരിക്കൽ ക്കൂടി ഇരമ്പുന്ന ക്‌ളാസ്സ് റൂമിലിരുന്ന് ഡസ്ക്ക് കൊട്ടി പാടാനും, കൂട്ടമണിയടിക്കുമ്പോൾ നെഞ്ചോട് ചേർത്ത പുസ്തകവും ചോറ്റു പാത്രവുമായി
ജനഗണമന ഒരുമിച്ചുരുവിട്ട് ആവേശത്തോടെ ഒരുവട്ടം കൂടി ആ, പോയ്‌പ്പോയ
വസന്തവും, വേനലവധികൾ തീർത്ത നോവും, കൂട്ടരോത്തുള്ള കലപിലയും
വാകപ്പൂക്കൾ പൊഴിഞ്ഞ മൈതാനവട്ടത്തെ കൂട്ടംകൂടലും ആസ്വദിക്കാൻ ഇനിയും
മോഹം.എല്ലാം ഓർമ്മകളിൽ സുഖമുള്ള സ്നേഹ മലരുകളായി . കരഞ്ഞു വിളിച്ച്
കരളു പകുത്തല്ലേ,ഈ നടകളിറങ്ങി പോയത്.
ജൂണിലെ വെളുപ്പാൻ കാലത്തെ ചാറിവന്ന മഴ സ്പ്പർശവും, വൈകുന്നേരത്തെ
അർത്തലച്ച മഴപ്പെയ്ത്തും,ഡസ്ക്കിലെ നിരന്നിരിക്കുന്ന പുസ്തകങ്ങളും,
ബോക്സുകളും ജീവതാളങ്ങളുടെ നനവാർന്ന സ്പന്ദനമായി ഇന്നും തുടിക്കുന്നോരോർമ്മകൾ.
സ്കൂൾ വിടുമ്പോൾ മഴ വരല്ലേ വരല്ലേ എന്ന പ്രാർത്ഥനയും, ചാറിവന്ന മഴ നനഞ്ഞും
മൂന്നുപേർ ഒരു കുടക്കീഴിലുമൊക്കെയായി വീടെത്താനുള്ള തത്രപ്പാട് എല്ലാം
പിൻവിളി പോലെ ഓർമ്മയിൽ പകുത്തപ്പോൾ നീൾമിഴികൾ നിറക്കുന്നു.
ഒപ്പമിരുന്ന "ഷീന"......അവളെന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. പക്ഷേ ഞാൻ പറയുന്നതിനെല്ലാം അവൾ എതിര് പറയും, എപ്പഴും. കാലത്ത് കുളിച്ച് കുറി വരച്ച്
ചെല്ലുമ്പോൾ അവളും, മലയാളം ടീച്ചറ് രമണി ടീച്ചറും കളിയായും, പുച്ഛമായും
കൊത്തിത്തരം പറയാറുണ്ട്. ""ഒരുങ്ങിക്കെട്ടി വന്നോളും മനുഷ്യനെ മെനക്കെടുത്താൻ.""
ടീച്ചറ് അങ്ങനെ പറയുമ്പോൾ, ഷീന പറയും ""എന്നതാടി എന്നും ഓരോ അമ്പലനട
കേറിയിറങ്ങല്..... ഇതൊക്കെ വട്ടൊള്ളോർക്ക് പറഞ്ഞേക്കണതാ "".......
അങ്ങനെ കളിയാക്കിയ ഷീന ഇന്ന് വിശ്വാസം മൂത്ത കെട്ട്യോന്റെ കൂടെ കൊരട്ടി പള്ളീലും,
ഭരണങ്ങാനത്തും, പ്രവിത്താനത്തും പോട്ടേലും കേറിയിറങ്ങി പുണ്ണ്യാളന്റെ അനുഗ്രഹം മേടിക്കാനായി നടക്കാ..............
ഈ, ഞാനോ....... പഠിക്കുമ്പോൾ എന്നോ ഒരു തമാശക്ക് ഞാൻ പറഞ്ഞിരുന്നു, എനിക്ക്
മക്കള് മൂന്നാല് പേര് ഉണ്ടാവണത് ഇഷ്‌ടാന്ന്. അപ്പോൾ അവൾ ഏറ്റുപിടിച്ചു..
""ഏയ് വേണ്ടേ വേണ്ട അടുത്തൊന്നും മക്കളും പരിവട്ടോo ഒന്നും വേണ്ട ഒന്ന് റിലാക്സ്
ചെയ്ത്, ജീവിതത്തിനെ പ്പറ്റി ഒരു പ്ലാൻ വരച്ച് അടിച്ച് പൊളിച്ചിട്ടു മതി പിള്ളാര്.
മിന്നുകെട്ട് കഴിഞ്ഞ് ആണ്ട് തികഞ്ഞതോടെ അവള് പേറ് തൊടങ്ങി. എല്ലാത്തിനും
ഉത്തരോം അവള് കണ്ടെത്തി, അതിയാന്റെ ഇഷ്ടം എന്നതാണേലും അതങ്ങോട്
അനുസരിക്കാനല്യോടി നമ്മക്കൊക്കെ വിധി.........എന്നും പറഞ്ഞൊരു കൊഴഞ്ഞ ചിരീം ഡ്രോയിങ് ക്‌ളാസ്സിലെ സൂസാപോൾ ടീച്ചറ് ആണ്ടുതോറും പേറിന് പോവുമ്പോ
"" വേറെ ഒരു പണീം ഇല്ലേ പിള്ളേ ഈ പെണ്ണുമ്പിള്ളക്ക് "" എന്ന് പറഞ്ഞപുള്ളിക്കാരിയാ..
രാജസ്ഥാനി പെണ്ണുങ്ങളെ പ്പോലെ മോഡൽ ഡ്രസ്സുകളിട്ട് പൂതി മാറാത്ത അവള് കെട്ടുകഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ അമ്മായിയമ്മേടെ തുറിച്ച നോട്ടോo,
പുളിയനുറുമ്പ് അരിച്ചു കേറുമ്പോഴത്തെ ചാട്ടോo,അട്ടംപൊളിച്ച് മേലോട്ട് ചാടുന്ന
തുള്ളലും കണ്ട് വാക്കയ്യും പൊത്തി, ഓച്ഛാനിച്ച് ചട്ടേലും,മുണ്ടേലും കേറീന്നൊള്ളത് നേരാ,.പക്ഷേങ്കി പിന്നില് ഞൊറി വച്ച ഒറ്റ മുണ്ടില് നസ്രാണി പ്പെണ്ണിന്റെയൊരു ശേല്
അടിപൊളി ആണേ........ചിന്തകളൊക്കെ കാടുകേറി വല്ല അകമലേലും ചെന്ന്
കേറാണ്ട് കുമ്പളങ്ങാട് വഴി തിരിച്ചു വിട്ടു. അതാ നല്ലത്, അല്ലെങ്കി ചെലപ്പോ നമ്മള്
മൂക്കാപ്പാവാടേം,ചുറ്റി പിന്നേം സ്ക്കൂളിലെ മൈതാനത്ത് ഓടിക്കളിക്കാൻ പോകും.
വോട്ട് ചെയ്ത് കഴിഞ്ഞീട്ടും പഠിച്ച ക്‌ളാസ്സ് റൂമിൽ നിന്നും അങ്കണത്തിൽ നിന്നും
പോരാൻ മനസ്സ് മടിച്ചു, മണിയേട്ടനെ മഷി ഇട്ടു നോക്കീട്ടു പോലും കണ്ടില്ല.
ഏത് തലേല് പോയി കെടക്കണു ആവോ.......?
പോരുന്ന വഴി വീട്ടിലൊന്നു കേറി. അമ്മ മുറ്റത്തെ ചെടികൾ നനക്കുന്നു. ചെയ്ഞ്ചു
റോസയും, രാജമല്ലിയും, നിറയെ പൂത്ത പത്തുമണിയും കണ്ടപ്പോൾ മനമൊന്ന്
തുള്ളി. മണിയേട്ടന്റെ വീട്ടില് മുൻവശത്ത് മുറ്റമൊന്നുമില്ല, തൂക്കണാം കുരുവിക്കൂട്
പോലെ അവിടവിടെ കുറെ ചെടികള് ചട്ടീല് നട്ട് തൂങ്ങിക്കളിക്കണ്ട്. എന്തൂട്ട് ഭംഗി.
അമ്മ അവളെ കണ്ടപ്പോൾ ബുറേവി ചുഴലിക്കാറ്റിനെക്കാളും വേഗത്തിലാ
ഉമ്മറത്തെത്തിത്. ഷിഫോൺ സാരീല് അമ്മയെ കണ്ടപ്പോൾ ബോറ് തോന്നി.
വേഷ്ടിയും, മുണ്ടുമാണ് അമ്മക്ക് ചേരുക. അതമ്മക്കൊട്ട് ഇഷ്‌ടല്ല.
ഞാനോ..........? അന്നും, ഇന്നും നേര്യത് അണിയാനാണ് കൊതിച്ചത്. മണിയേട്ടനും
അതാണിഷ്‌ടം, കുത്താമ്പുള്ളി വേഷടിമുണ്ടും, മണിയേട്ടനിഷ്‌ടമുള്ള കനകാംമ്പര
ക്കളറുള്ള സാരികളും ചുവരലമാരിയിൽ ഇടം പിടിച്ചു. രാഷ്ട്രീയച്ചൂട് ഒതുങ്ങുമ്പോൾ
ഓടിവന്നെന്നെ പൊതിയും, ആ, മനസ്സിന്റെ ഇഷ്‌ടങ്ങൾ അറിഞ്ഞുടുത്ത എന്നെ
പൊക്കിയെടുത്ത് മാനം തൊടീക്കും എന്നൊക്കെ പകൽ മയക്കത്തിൽ സ്വപ്നം
കാണാറുണ്ട്, അന്തിത്തിരി തെറുക്കുന്ന നേരം,........... നിലാവിന്റെ ഭംഗിയിൽ മുറ്റത്ത്
മുല്ലകൾ വിരിയുന്ന നേരം..........എല്ലാം ഞാൻ മണിയേട്ടന്റെ സാമീപ്യത്തിനായി വൃഥാ
വ്യാമോഹിച്ചു കൊണ്ടിരുന്നു.
പ്രതീക്ഷകള് മുഴുവൻ ബാലറ്റ് പെട്ടീലാക്കി മണിയേട്ടൻ എത്തീപ്പോ പാതിരാവ് കഴിഞ്ഞു.
ആകെ പോൾ ചെയ്തത്,..... പുരുഷമ്മാർ എത്ര.....? സ്ത്രീകൾ എത്ര.......? ഇനി എത്രണ്ണം
അസാധു ആയിട്ടുണ്ടാവും എന്നൊക്കെയാണ് മൂപ്പരുടെ ആധി.
ഇക്കണക്കിന് പോയാൽ മണിയേട്ടൻ ആധി പിടിച്ച് ചാവൂലോ, ഈശ്വരാ.......!!!
ഇലക്ഷൻ കഴിഞ്ഞതിന്റെ പിറ്റേന്ന്,..... നേരം ഉച്ചയോടടുത്തു. ഒരു ഉത്സാഹമോ
ഉന്മേഷമോ ആ മുഖത്ത് കണ്ടില്ല. ഉണ്ണാൻ വിളിച്ചിട്ട് വരുന്നുമില്ല. എന്താണോ എന്തോ..?
""ചോറ് വേണ്ട ദേവൂ, വിശപ്പില്ല, ""
""നടക്കില്ല മണിയേട്ടാ, ഉണ്ടേ പറ്റൂ, ചങ്കരനെ വിളിച്ച് മാനത്ത് കെടക്കണ ചക്ക വലിച്ച്
ചാടിച്ച് ഇടീച്ചതേ മണിയേട്ടന് ചക്കപ്പുഴുക്ക് ഒണ്ടാക്കി തരാനാ""..........
""ഒരു രുചിയും ഇല്ല ദേവൂ ""
ഇഞ്ചിയും, നാരകത്തിലയും ചെറൂള്ളിയും, കാന്താരിയും കൂട്ടി അരകല്ലേല് ഒരു നീക്ക്.
രണ്ട് ചത, ചമ്മന്തി റെഡി. കാച്ചിയ മോരും ചുട്ട പപ്പടോം കൂട്ടി മണിയേട്ടന്റെ വായിലൊരു
ഉരുള കൊടുത്തപ്പോൾ ഒന്ന് കുത്തി നോവിക്കാനും രസം തോന്നി.
""കൊടീം പിടിച്ച് ജാഥയും, പ്രകടനോം, മാലപ്പടക്കോം നടത്തി സെന്റി അടിച്ച് വീട്ടില്
വന്ന് കേറുമ്പോ ഒള്ള ഡിപ്രഷനോക്കെ വീട്ടിലൊള്ളോരോട് തീർക്കും. സഹിക്കാതെ
പറ്റില്ലല്ലോ വീട്ടിലൊള്ളോർക്ക്.
അല്ലേലും ചിറകൊടിഞ്ഞാൽ പിന്നെ വീട്ടിലൊള്ളോരേ കാണു, കൂടെ നീന്ന് തുള്ളിയവരും തോളേല് കയ്യിട്ട് നടന്നോരും ഒക്കെ പടിക്ക് പൊറത്ത് കരഘോഷത്തിനെ ഉണ്ടാവു അല്ലെ മാഷേ,""............
ഭർത്താക്കൻമ്മാരുടെ പ്രവർത്തികളുടെ ഉൽക്കണ്ഠയും,സമ്മർദ്ദവും അനുഭവിക്കേണ്ടിവരുന്നത് വീട്ടിലിരിക്കുന്ന ഭാര്യമാരാണല്ലോ......
ഇലക്ഷന്റെ തിക്കും, തിരക്കും, കോവിഡിന്റെ രണ്ടാം വരവും, ജീവിക്കണമെന്നുള്ള വീണ്ടുവിചാരവും ഒരു കരയും തൊടാത്ത തോണി പോലെ നിൽക്കുമ്പോൾ
വെപ്രാളപ്പെടാതെ എന്താണൊരു നിവൃത്തി............
എന്തായാലും മണിയേട്ടന്റെ കാര്യത്തിനൊരു തീരുമാനമായി, കോവിഡ് ടെസ്റ്റ്
കഴിഞ്ഞപ്പോൾ പോസിറ്റീവ്. ഇനിയെങ്കിലും അടങ്ങി ഒതുങ്ങി വീട്ടിലിരിക്കൂലോ.
ടീവില് നോക്കി കാര്യങ്ങൾ അറിഞ്ഞാ മതിയിനി. ആർക്കൊക്കെ മുൻ തൂക്കം....
തുടർചലനങ്ങൾ ഉണ്ടാവുമോ.....? എന്താണേലും അട്ടഹാസോം, അറമാദിക്കലും, തുള്ളലുമൊക്കെ കുടുംബത്തിലിരുന്നു മതി സമാധാനം.......
""നീ വേണങ്കി വീട്ടില് പൊക്കോ ദേവൂ ഞാൻ എങ്ങനേങ്കിലും കഴിഞ്ഞോളാം.....""
""അയ്യടാ,..... പോയാൽ എനിക്ക് സമാധാനം കിട്ടോ മണിയേട്ടാ..........
വീടിന്റെ പിൻവശത്തുള്ള നെൽവയലും, പുഴമ്പള്ളവും കിട്ടിയാലേ കെട്ടു നടക്കൂന്ന്
മണിയേട്ടന്റമ്മ കർക്കശം പറഞ്ഞപ്പോഴും അതിന്റെയൊക്കെ ആകെത്തുകയായിട്ട്
ഞാനീ സ്നേഹം മാത്രേ ഉള്ളിൽ കണ്ടോള്ളു, അല്ലെങ്കിൽ ആഗ്രഹിച്ചോള്ളൂ......""""
സാന്ത്വനമായി ആ വിരലുകൾ അവളുടെ നേരെ നീട്ടിയപ്പോൾ അവൾ ഒച്ചവച്ചോടി
"""""അയ്യോയ്യോയ്യോയ്യോയ്യോയ്യോയ്യോ................കൊറോണ, കൊറോണ"""""...........
Comments