നക്ഷത്രങ്ങൾ ഉദിക്കുന്ന നേരം
(ഗിരി ബി വാരിയർ)
*****
"രാജേട്ടാ, ഒരു ലേഡി വിളിച്ചിരുന്നു. പേര് പറഞ്ഞില്ല. ഏട്ടൻ കുട്ടികള്‍ക്ക് ക്ലാസ്സ് എടുക്കുകയാണെന്ന് പറഞ്ഞപ്പോള്‍ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു"
കുട്ടികളെ സംഗീതം പഠിപ്പിക്കാനായി ഒരു ചെറിയ കെട്ടിടം വീടിനോട് ചേര്‍ന്നു പണിതിട്ടുണ്ട്. സരസ്വതീ മണ്ഡപം എന്നാണ് അതിന് പേരിട്ടിരിക്കുന്നത്. ഞാനും കല്ല്യാണിയും അതില്‍ ക്ലാസ്സ് എടുക്കുന്നുണ്ട്.
കുട്ടികളെ പറഞ്ഞയച്ച് വീട്ടിലേക്ക് കയറിയപ്പോള്‍ ആണ് കല്ല്യാണി ഫോണ്‍ വന്ന കാര്യം പറഞ്ഞത്.
പറഞ്ഞുതീരും മുൻപ് ഫോൺ വീണ്ടും ശബ്ദിച്ചു.
"രാജന്‍. സിസിലിയാണ് " മറുതലയ്ക്കല്‍ നിന്നും ഒരു സ്ത്രീ ശബ്ദം.
"സിസിലീ... ? സിസിലീ റാഫേല്‍... ?" .
"അതെ, ആ സിസിലി തന്നെ..."
"ഓ മൈ ഗോഡ്, സിസിലീ, നീയ്യെന്നെ ഇപ്പോഴും ഓര്‍ക്കുന്നോ? എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല., എത്ര കാലായി.. എവിട്യാ ഇപ്പോൾ ??"
"മുംബൈയില്‍ ആണ്, അടുത്താഴ്ച നാട്ടിലേക്ക് വരുന്നുണ്ട് "
"എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? "
"വിശേഷങ്ങള്‍ ഒക്കെ നേരില്‍ കാണുമ്പോൾ പറയാം. ഈ വരവില്‍ എനിക്ക് രാജനോട് പ്രധാനപ്പെട്ട കുറച്ച് കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. എപ്പോഴാണ് സമയം കിട്ടുക?
"സമയം നമ്മള്‍ ഉണ്ടാക്കുന്നതല്ലേ പ്രത്യേകിച്ച് കൂട്ടുകാര്‍ക്ക് വേണ്ടി.. എപ്പോള്‍ കാണണമെന്ന് പറയൂ.."
"എന്റെ പുതിയ വീടിന്റെ അഡ്രസ് അയച്ചു തരാം, കൂടെ സെക്രട്ടറിയുടെ ഫോൺ നമ്പറും. അധികം വൈകരുത്, എനിക്ക് മടങ്ങിപ്പോകാന്‍ ഉള്ളതാ "
"തീര്‍ച്ചയായും, ഞാന്‍ വരും"
ഫോണ്‍ വെച്ച് തിരിഞ്ഞപ്പോള്‍ പിന്നില്‍ കല്ല്യാണി.
"സിസിലിയായിരുന്നു ഫോണിൽ . അവർക്ക് എന്നെ കാണണമെന്ന് പറഞ്ഞു".
ആദ്യം ഏതു സിസിലിയാണെന്നു കല്ല്യാണിക്ക് മനസ്സിലായില്ല.
കൂടെപഠിച്ച സിസിലിയാണെന്ന് അറിഞ്ഞപ്പോള്‍ കല്ല്യാണിക്ക് ഇഷ്ടക്കേട് ഉണ്ടാവും എന്നാണു കരുതിയത്, പക്ഷെ അവളുടെ മുഖം വളരെ പ്രസന്നമായിരുന്നു.
"നീ പോരുന്നുണ്ടോ തിരുവനന്തപുരത്തേക്ക്..?"
"വേണ്ട, രാജേട്ടന്‍ പോയാല്‍ മതി.. നിങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ എനിക്കെന്തു കാര്യം"
"എല്ലാം നിനക്കറിയാം എന്നിട്ടും.. നിനക്ക് ഭയമില്ലേ എന്നെ ഒറ്റക്ക് വിടാന്‍ ?"
"എന്തിനു ഭയക്കണം, രാജേട്ടനെ ഞാന്‍ കുട്ടിക്കാലം മുതല്‍ക്കേ കാണുന്നതല്ലേ."
അടുത്ത ഞായറാഴ്ച മൂത്ത മകൻ കണ്ണന് തിരുവനന്തപുരത്ത് ഒരു സ്കോളർഷിപ്പ് പരീക്ഷ ഉണ്ടായിരുന്നു. അന്നുതന്നെ സിസിലിയെ കാണാമെന്ന് സെക്രട്ടറിയെ വിളിച്ചറിയിച്ചു .
കാലത്ത് നേരത്തെതന്നെ കണ്ണനുമൊത്ത് യാത്ര പുറപ്പെട്ടു.
യാത്രക്കിടയിൽ കണ്ണൻ സിസിലിയെപ്പറ്റി ചോദിച്ചു, അച്ഛൻ എങ്ങിനെ സിസിലിയെ അറിയും, ഇത്ര കാലത്തിനിടയില്‍ ഒരിക്കല്‍ പോലും അവര്‍ വീട്ടില്‍ വരികയോ, ഫോണില്‍ സംസാരിക്കുകയോ ഒന്നും ഉണ്ടായില്ല, അങ്ങിനെ കുറെ ചോദ്യങ്ങള്‍ അവനില്‍ നിന്നുമുയര്‍ന്നു.
കയ്യിൽ കരുതിയിരുന്ന തിളപ്പിച്ചാറ്റിയ വെള്ളം ഒരു കവിള്‍ ഇറക്കിക്കൊണ്ട് ഓര്‍മ്മയുടെ ചുരുളഴിക്കാന്‍ തുടങ്ങി. അച്ഛന്റെ ചുമലിലേക്ക് തല ചായ്ച് കിടന്നുകൊണ്ട് കണ്ണൻ കഥ കേൾക്കാൻ തയ്യാറായി.
“വര്‍ഷങ്ങള്‍ക്ക് മുൻപ് പാലക്കാട് ഗവണ്മെന്റ് സംഗീത കോളേജില്‍ ബിരുദത്തിന് ചേര്‍ന്ന സമയം. ആദ്യമായി സിസിലിയെ പരിചയപ്പെടുന്നത് അവിടെവെച്ചാണ്. സിസിലി ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നും വന്ന കുട്ടിയാണ്. ചെറുപ്പം മുതലേ പള്ളി കൊയറിലും, നാട്ടിലെ ചെറിയ ഗാനമേളകളിലും മറ്റും തിളങ്ങി, സ്കൂള്‍ തലത്തില്‍ കുറെ സമ്മാനങ്ങള്‍ വാരിക്കൂട്ടി സംഗീതത്തില്‍ ഉന്നത വിദ്യാഭ്യാസം നേടുക എന്ന ലക്ഷ്യത്തോടെ സംഗീത കോളേജില്‍ ചേര്‍ന്നതാണ്. സംഗീതത്തോടുള്ള അഗാധമായ ആരാധനയാണ് അവളെ ആ കോളേജിൽ എത്തിച്ചതെങ്കിൽ നാല് തലമുറകളായി കൈമാറികിട്ടിയ സംഗീത പാരമ്പര്യം ആണ് എന്നെ അവിടെയെത്തിച്ചത്.
ആദ്യ വര്‍ഷം ഞങ്ങള്‍ ബദ്ധശത്രുക്കള്‍ ആയിരുന്നു. ഓരോ അവസരത്തിലും എന്നെ പിന്നിലാക്കാന്‍ പരമാവധി ശ്രമിച്ചു പക്ഷെ അവൾക്കതിന് സാധിച്ചില്ല. ആ ശത്രുത ക്രമേണ സൌഹൃദത്തിലേക്ക് വഴിമാറി. അതിനും മുൻകൈ എടുത്തത് സിസിലി തന്നെയായിരുന്നു. ആദ്യവർഷം കഴിയുമ്പോഴേക്കും ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കള്‍ ആയിട്ടുണ്ടായിരുന്നു.
കോളേജിൽ അവസാന വർഷം പഠിക്കുമ്പോഴാണ് ലണ്ടനിൽ നിന്നും പര്യടനത്തിനു വന്ന ജോൺ ആന്റോ റിച്ചാർഡിനെ പരിചയപ്പെട്ടത്.
ലണ്ടനിൽ അദ്ദേഹം പഠിപ്പിക്കുന്ന കോളേജിൽ നൂറു ശതമാനം സ്കോളർഷിപ്പിൽ ഉപരിപഠനത്തിന് സാധ്യതയുള്ള കാര്യം അദ്ദേഹം പറഞ്ഞു. വീട്ടിൽ സംഗീതമല്ലാതെ മറ്റു സ്വത്തുക്കൾ ഒന്നും ഇല്ലായിരുന്ന എനിക്ക് അതൊരു വരദാനമായിരുന്നു.
അദ്ദേഹം പറഞ്ഞ പ്രകാരം അപേക്ഷ സമർപ്പിച്ചു. ഫലം കാത്തിരുന്ന എനിക്ക് നിരാശ മാത്രം ബാക്കിയായി.
നിസ്സാരമായ എന്തോ ചെറിയ പ്രശ്നത്തിന്റെ പേരില്‍ വഴക്കിട്ട് പിരിഞ്ഞുപോയ സിസിലി എന്റെ ജീവിതത്തില്‍ നിന്നുതന്നെ അകന്നു പോവുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് പോയ സിസിലിയെ കാണാന്‍ ഞാന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി.
പിന്നീട് എന്റെ ജീവിതത്തിലേക്ക് നിന്റെ അമ്മ വന്നു.
സംഗീത അധ്യാപകന്റെ ജോലിയില്‍ ജീവിതം പടുത്തുയർത്തി. ഒരു വലിയ ശിഷ്യസമ്പത്ത് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം മാത്രമാണ് ഈ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. പിന്നെ സംഗീതത്തിന്റെ വഴിയില്‍ നീയ്യും രാധയും കൂടി വന്നതോടെ ഞങ്ങളുടെ ജീവിതം സഫലമായി.
സിസിലിയാകട്ടെ ഒരുപാട് ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു. വിദേശത്ത് ഉപരിപഠനം ചെയ്തു വന്ന അവൾക്ക് ഇന്ത്യയിലും വിദേശത്തും നിരവധി ആരാധകർ, സ്വന്തം ബാൻഡ്, അങ്ങിനെ പ്രശസ്തിയുടെ പടവുകള്‍ കയറി ജൈത്രയാത്ര തുടര്‍ന്നു”
ഞാൻ പറഞ്ഞവസാനിപ്പിച്ചു..
"സൗഹൃദത്തിന്നപ്പുറം അവർക്ക് അച്ഛനോട്..?” ഒരു വേള നിർത്തിയ ശേഷം കണ്ണൻ പറഞ്ഞു. “ ക്ഷമിക്കണം ഞാൻ കൂടുതൽ സ്വകാര്യതയിലേക്ക് കടക്കുന്നുണ്ടെങ്കിൽ, ...?"
"കണ്ണാ, ഞാൻ അമ്മയിൽ നിന്നും ഒന്നും ഒളിച്ചിട്ടില്ല, ഭാര്യാഭർത്തൃബന്ധത്തിന്റെ അടിത്തറ സുതാര്യതയാണ്. ഈ ചോദ്യം ഞാന്‍ എന്നോട് ആദ്യമായി ചോദിച്ചത് സിസിലിയുമായി പിരിഞ്ഞതിനുശേഷം മാത്രമാണ്. പക്ഷെ അത് തിരിച്ചറിയുന്നതിന് മുന്പ് ഞാന്‍ അറിഞ്ഞ മറ്റു ചില സത്യങ്ങള്‍ സിസിലിയെ വെറുക്കാന്‍ എന്നെ പ്രേരിപ്പിച്ചു."
"എന്തായിരുന്നു അത് ?" കണ്ണന് അതറിയാന്‍ ജിജ്ഞാസയേറി .
"വേണ്ട കണ്ണാ, അതാരും അറിയണ്ട, ഞങ്ങളുടെ നല്ല സൗഹൃദം ഒരു മാതൃകയായിരുന്നു അന്ന് കാലത്ത്, അത് അതുപോലെ തന്നെ തുടരട്ടെ.."
സിസിലിയുമായി വീണ്ടും കണ്ടുമുട്ടുന്നത് ഫേസ്ബുക്കിലൂടെയാണ്. വളരെ അപ്രതീക്ഷിതമായാണ് സിസിലിയുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നത്. പക്ഷെ ആയിരക്കണക്കിന് വരുന്ന സിസിലിയുടെ മുഖപുസ്തകത്തിലെ ഒരു കൂട്ടുകാരില്‍ ഒരാള്‍ മാത്രമായിരിക്കാം ഞാന്‍ എന്നാണ് ഇതുവരെ കരുതിയിരുന്നത്, കഴിഞ്ഞ ആഴ്ച സിസിലിയുടെ ഫോണ്‍ വരുന്നതുവരെ.
"ഇപ്പോള്‍ എന്തിനാണ് അച്ഛനെ കാണണമെന്ന് പറഞ്ഞത് ?"
"ഇതിനുള്ള ഉത്തരം വൈകീട്ട് തിരിച്ചുപോകുമ്പോള്‍ മാത്രമേ എനിക്ക് പറയാന്‍ കഴിയൂ.."
കണ്ണനെ പരീക്ഷക്ക് കയറ്റി സിസിലിയുടെ വീട് ലക്ഷ്യമാക്കി യാത്ര തിരിച്ചു.
തിരുവനന്തപുരത്ത് നഗരത്തിന്റെ ഹൃദയഭാഗത്ത് കൊട്ടാരസദൃശ്യമായ ഒരു വീടിനു മുന്‍പില്‍ ഓട്ടോ നിര്‍ത്തി. പുറത്ത് ഗേറ്റില്‍ തന്നെ രജിസ്റ്റര്‍ വെച്ചിട്ടുണ്ട്. മുന്‍കൂട്ടി അനുവാദം വാങ്ങിയവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് പറഞ്ഞപ്പോള്‍ സിസിലി തന്ന നമ്പറിൽ സെക്രട്ടറി തോമസിനെ ഫോണില്‍ വിളിച്ചു. രണ്ടു മിനുട്ടിനുള്ളില്‍ ഗാര്‍ഡ് ഓടിവന്നു, അവർ അകത്തേക്ക് കൊണ്ടുപോയി. പോര്‍ച്ചില്‍ നിന്നിരുന്നയാല്‍ സ്വയം പരിചയപ്പെടുത്തി - തോമസ്.
തോമസ് വീട്ടിന്നകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ശീതീകരിച്ച വിശാലമായ സ്വീകരണമുറിയിൽ നിരത്തിയിട്ട വിലപിടിപ്പുള്ള വലിയ സോഫയിലേക്ക് ഇരിക്കാന്‍ എന്നെ ക്ഷണിച്ചു. ഇന്ത്യന്‍ കോഫീ ഹൌസില്‍ കാണുന്ന പോലെ വസ്ത്രധാരണം ചെയ്ത ഒരാള്‍ കയ്യില്‍ ട്രേയില്‍നിന്നും തണുത്ത ഒരു ഗ്ലാസ് വെള്ളം തന്നു. കുടിക്കാന്‍ എന്തെങ്കിലും എടുക്കട്ടെ എന്ന തോമസിന്റെ ചോദ്യത്തിന് കൈകൂപ്പി നന്ദി അറിയിച്ചു.
"മാഡം ഇപ്പോള്‍ വരും.."
അഞ്ചു നിമിഷം കഴിഞ്ഞപ്പോള്‍ ഒരു വീല്‍ ചെയര്‍ ഉന്തിക്കൊണ്ട് ഒരാള്‍ വന്നു, അതില്‍ ഇരിക്കുന്നയാളെ തിരിച്ചറിയാല്‍ ഒറ്റനോട്ടത്തില്‍ എനിക്ക് കഴിഞ്ഞില്ല. സിസിലി.. തലയില്‍ ഒരു ടവല്‍ കൊണ്ട് കെട്ടി, പുരികം മുടികള്‍ കൊഴിഞ്ഞ്, കണ്ണുകള്‍ കുഴിയില്‍ പോയി, കവിളുകൾ ഒട്ടി ശരീരത്തില്‍ മാംസം ഇല്ലാത്തതിന് തുല്ല്യമായ ഒരു രൂപം, അസ്ഥികൂടം എന്ന് വേണമെങ്കില്‍ പറയാം.
"എന്നെ ഇങ്ങിനെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലെ രാജന്‍?"
" അന്ന് പിരിഞ്ഞതിന് ശേഷം ഇനി വീണ്ടും കാണില്ല എന്നാണ് കരുതിയത്."
"കാന്‍സര്‍ , എന്റെ ശരീരം മുഴുവനും അത് കാര്‍ന്നു തിന്നിരിക്കുന്നു."
"ഫോണിലൂടെയുള്ള നിന്റെ ശബ്ദത്തിൽ നിന്നും എനിക്കിത് മനസ്സിലാക്കാൻ കഴിഞ്ഞില്ല. എന്റെ മനസ്സിൽ നിന്റെ പഴയ രൂപമായിരുന്നു."
"ഇത്രയും കാലം എന്റെ ശബ്ദമെങ്കിലും എന്റെ കൂടെയുണ്ടായിരുന്നു. ഇപ്പോൾ അതും കൂടെ നിൽക്കാതായിത്തുടങ്ങി. എത്ര ദിവസം ഞാനിത് മറച്ച് വെക്കും. ഇനി എനിക്ക് സമയം ഇല്ല, അടുത്തൊരു യാത്രക്ക് ഞാൻ തയ്യാറെടുക്കുകയാണ്. ആ മടക്കയാത്രക്ക് മുൻപ് ഒരിക്കലെങ്കിലും കാണണമെന്ന് തോന്നി. കുമ്പസാരിച്ചില്ലെങ്കിൽ എന്റെ ആത്മാവിന് മരിച്ചാലും നിത്യശാന്തി ലഭിക്കില്ല."
സിസിലി തോമസിനോട് എന്തോ ആംഗ്യം കാണിച്ചു. തോമസ് അകത്തു പോയി കയ്യിൽ ഒരു കവറുമായി വന്നു. സിസിലി അത് വാങ്ങി എന്റെ നേരേ നീട്ടി.
"ഇത് വാങ്ങണം രാജൻ "
"എന്താണിത് ?"
"എന്റെ സ്വത്തുക്കളെല്ലാം ഞാൻ ഒരു ട്രസ്റ്റിന്റെ കീഴിലാക്കി. എന്റെ മരണശേഷം ആ ട്രസ്റ്റ് നീ കൊണ്ടു നടക്കണം. എല്ലാം രാജന്റെ പേരിൽ ആണ് എഴുതിയിരിക്കുന്നത് "
"എന്റെ പേരിലോ, എന്തിന്?"
"ഇതിനെല്ലാം അവകാശപ്പെട്ടത് നീയാണ് രാജൻ, ഒരുപക്ഷെ നിന്നെക്കാളധികം മറ്റാരെയും എനിക്ക് വിശ്വസിക്കാൻ കഴിയില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹമായിരുന്നു ഒരു സംഗീത അക്കാദമി, നീയ്യത് സഫലീകരിച്ചു തരണം."
ഒരു ദീർഘനിശ്വാസമിട്ടുകൊണ്ട് സിസിലി തുടർന്നു.
“കാൻസർ എന്റെ ശരീരത്തിനെ കീഴടക്കിയത് ഇപ്പോഴാണ്. പക്ഷേ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി എന്റെ മനസ്സിനെ കാര്‍ന്നു തിന്നിരുന്ന ഒരു കാന്‍സര്‍ ഉണ്ട്, ഞാൻ ചെയ്ത ഒരു തെറ്റ്. എന്റെതായ എല്ലാ വിജയവും ആ ഒരു തെറ്റിന് മുകളിൽ പടുത്തുയർത്തിയതായിരുന്നു രാജൻ." അവൾ ഒരു നിമിഷം പറഞ്ഞു നിർത്തി.
"എനിക്കൊന്നും മനസ്സിലാവുന്നില്ല, തെളിച്ച് പറയൂ."
"പണ്ട് ലണ്ടന്‍ കോളേജില്‍ നിന്റെ അപേക്ഷ അയച്ച സമയം ഞാന്‍ ഒരു തെറ്റ് ചെയ്തിരുന്നു. നിനക്കെന്നല്ല, ആർക്കും പൊറുക്കാനാവത്ത ഒരു വലിയ തെറ്റ്. അന്ന് നിന്റെ തോൽവിയേക്കാൾ എന്റെ വിജയം മാത്രമായിരുന്നു മുൻപിൽ ഉണ്ടായിരുന്നത്."
സിസിലി തുടർന്നു ...
"ഞാന്‍ എന്നും നിന്റെ മുന്‍പില്‍ തോറ്റിട്ടെ ഉള്ളൂ. പോരാടി നിന്ന് നിന്നോട് ജയിക്കാന്‍ പറ്റില്ല എന്ന് ഉറപ്പായപ്പോള്‍ ആണ് നിന്റെ കൂടെ നില്ക്കാന്‍ തീരുമാനിച്ചത്. നിന്നെ തളര്‍ത്താന്‍, നിന്റെ കഴിവിനെ ഇല്ലാതാക്കാനുള്ള എന്റെ ശ്രമങ്ങളുടെ ഒരു ഭാഗം മാത്രമായിരുന്നു നീയ്യുമായുള്ള എന്റെ സൗഹൃദം. നിന്നിലെ കുറവുകളെ എടുത്തുകാട്ടി നിന്നെ ഭീരുവാക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു, പക്ഷെ എല്ലാം നീ അതിജീവിച്ചു. നിന്റെ മനസ്സിലുള്ള സംഗീതം ദൈവീകമായിരുന്നു.
അപ്പോഴാണ് നിനക്ക് ലണ്ടനില്‍ പഠിക്കാനുള്ള അവസരം കൈവരുന്നത്. അവിടെ പഠിച്ചാല്‍ നീ എന്നെക്കാളും വളരെ ഉയരത്തിലെത്തും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട്തന്നെ ഞാനും അതേ കോളേജില്‍ ഒരു അപേക്ഷ അയച്ചു.
ഒരു ദിവസം പോസ്റ്റ് മാന്‍ വന്നപ്പോള്‍ നമ്മള്‍ രണ്ടുപേര്‍ക്കും ഓരോ കത്തുണ്ടായിരുന്നു, ലണ്ടന്‍ യുണിവേര്‍സിറ്റിയില്‍ നിന്നും. എന്റെ അപേക്ഷ നിരാകരിച്ചെന്ന് അറിയിക്കുന്നതായിരുന്നു ആ കത്ത്. അപ്പോഴാണ് ഇന്ത്യയിൽ നിന്നും ഒരൊറ്റ സീറ്റേ ഉള്ളുവെന്ന് റിച്ചാർഡ് പറഞ്ഞത് ഓർമ്മ വന്നത് . അതാണ് നിനക്കുള്ള കത്ത് പൊട്ടിച്ചു വായിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. നിന്റെ അപേക്ഷ സ്വീകരിച്ചു എന്നു പറഞ്ഞുള്ള എഴുത്തായിരുന്നു അത്.”
“നിനക്ക് മറ്റൊരു കോളേജില്‍ പ്രവേശനം കിട്ടിയെന്നും അതിനാല്‍ ഈ അപ്ലിക്കേഷന്‍ പിന്‍വലിക്കുകയാണെന്നും പറഞ്ഞ് നീയ്യറിയാതെ നിന്റെ പേരില്‍ ഞാന്‍ അതിന് മറുപടി ഉണ്ടാക്കി അയച്ചു. അങ്ങിനെ ആ സീറ്റ് എനിക്ക് ലഭിച്ചു. നീ എന്നെപ്പറ്റി ഒന്നും അന്വോഷിക്കരുത് എന്ന് തോന്നിയതിനാലാണ് നിസ്സാര കാര്യങ്ങളുടെ പേരില്‍ ഞാന്‍ നിന്നോട് പിണങ്ങി പോന്നത്.”
“ജീവിതത്തില്‍ ഞാന്‍ എല്ലാം നേടി, പണംവും, പ്രശസ്തിയും പ്രതാപവുമെല്ലാം. എനിക്ക് താമസിക്കാന്‍ സ്വന്തമായി ബംഗ്ലാവുകള്‍ വാങ്ങിയിട്ടും എനിക്കൊരു കുടുംബമുണ്ടാക്കാൻ കഴിഞ്ഞില്ല . എന്നെ ആരാധിക്കാന്‍ അനേകം പേര്‍ ഉണ്ടായിരുന്നിട്ടും എന്നെ സ്നേഹിക്കാന്‍ ആരുമുണ്ടായില്ല. ഞാൻ കൂട്ടുകാരെയുണ്ടാക്കി, എന്റെ ഉയര്‍ച്ചയിലേക്ക് കയറാനുള്ള ചവിട്ടു പടികള്‍ മാത്രമായിരുന്നു അത്, അതിൽ സൗഹൃദം ഇല്ലായിരുന്നു. അവരില്‍ ചിലര്‍ കാമുകന്മാരായി, ചിലര്‍ ഭാര്‍ത്താക്കന്മാരായി, ഞാന്‍ അവരെയും അവര്‍ എന്നെയും സ്നേഹിച്ചില്ല. ആര്‍ക്കും പരിഭവമില്ല. ചിലര്‍ക്ക് വേണ്ടിയിരുന്നത് എന്റെ ശരീരം ആയിരുന്നു, മറ്റു ചിലര്‍ക്ക് എന്റെ സ്വത്ത്, ചിലർ എന്നിലൂടെ ഉയരങ്ങളിൽ എത്തി. ഇന്ന് അവർക്കാർക്കും എന്നെ വേണ്ടാ, എന്റെ മരണം കാത്തിരിക്കുന്ന കഴുകന്മാരായി അവർ എന്റെ മുകളിൽ പറക്കുന്നത് എനിക്ക് കാണാം. തിരിഞ്ഞുനോക്കിയപ്പോൾ മനസ്സിലായി എനിക്ക് സുഹൃത്തായി നീ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ മറ്റൊന്നും ഓർത്തില്ല”
“.എത്രയൊക്കെ മറക്കാന്‍ ശ്രമിച്ചിട്ടും, ആ സത്യം ഒരു കെടാക്കനലായി എന്റെ ഉള്ളിൽ നീറിക്കൊണ്ടിരുന്നു, ആ കനലില്‍ എന്റെ ജീവിതം മുഴുവൻ എരിഞ്ഞമർന്നു. മരണത്തെ ഞാൻ മനസ്സാ വരിച്ചുകഴിഞ്ഞു പക്ഷെ മരിക്കുമ്പോഴെങ്കിലും എനിക്ക് സമാധാനത്തോടെ മരിക്കണം, അതുകൊണ്ടാണ് ഈ സത്യം ഞാന്‍ ഇന്ന് രാജനോട് പറയുന്നത്. ഇതിനുള്ള ശിക്ഷ എന്തായാലും അനുഭവിക്കാന്‍ ഞാന്‍ തയ്യാറാണ്."
“കേട്ടിട്ടല്ലെ പഴമൊഴി, ഈ ലോകത്തെ മുഴുവൻ ഇരുട്ടുവന്നാലും ഒരു മെഴുകുതിരിയുടെ പ്രകാശത്തെ മറക്കാൻ പറ്റില്ല എന്ന് . എന്റെ ഉള്ളിൽ നിറയെ ഇരുട്ടായിരുന്നു, വെളിച്ചം നീയ്യായിരുന്നു രാജൻ.”
"ഈ ഒരു സത്യം മറച്ചുവെക്കാൻ നീ താറുമാറാക്കിയതു് നിന്റെ ജീവിതമാണ്. നീ ചെയ്ത തെറ്റിനുള്ള ശിക്ഷ നിനക്ക് കിട്ടിക്കഴിഞ്ഞു. കുറ്റബോധം നല്‍കുന്ന വേദനയേക്കാള്‍ മനുഷ്യന് മറ്റെന്ത് ശിക്ഷ വേണം?" എല്ലാം കേട്ടുനിന്ന രാജൻ പറഞ്ഞു.
"നിനക്ക് എന്നോട് വെറുപ്പ് തോന്നുന്നില്ലേ രാജൻ ?"
"ഇന്നല്ല, ഇരുപത്തിയഞ്ചു കൊല്ലം മുന്‍പ് ഞാൻ നിന്നെ വെറുത്തിരുന്നു."
"എന്ന് വെച്ചാല്‍?"
"കോളേജ് കഴിഞ്ഞു അടുത്ത വര്‍ഷം റിച്ചാര്‍ഡ് ഇന്ത്യയില്‍ വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെപ്പോയി കണ്ടിരുന്നു, എന്നെ വല്ലാതെ ചീത്ത പറഞ്ഞു, അത്രയും നല്ലൊരു അവസരം കളഞ്ഞതിന്. പക്ഷെ എനിക്കൊന്നും അറിയില്ലായിരുന്നു എന്ന സത്യം അറിഞ്ഞപ്പോള്‍ അദ്ദേഹം വളരെ ക്ഷുഭിതനായി. എന്നെ ചതിച്ചാണ് നീ ആ സീറ്റ് കൈക്കലാക്കിയതെന്ന് മനസ്സിലാക്കിയ അദ്ദേഹം നിന്നെ ഉടനെ കോളേജില്‍ നിന്നും പുറത്താക്കാനുള്ള നടപടികള്‍ എടുക്കുമെന്ന് പറയുകയും ചെയ്തു. നിന്റെ സ്വപ്‌നങ്ങള്‍ തകര്‍ക്കാന്‍ അന്നും എനിക്ക് മനസ്സില്ലായിരുന്നു. വളരെ പാടുപെട്ടാണ് അദ്ദേഹത്തെ ശാന്തനാക്കിയതും, നിന്റെ പേരില്‍ നടപടികള്‍ എടുക്കുന്നതില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചതും.”
“സിസിലി, ഒരു വാക്ക് നീ എന്നോട് പറഞ്ഞിരുന്നെങ്കിൽ, നിനക്ക് വേണ്ടി വഴിമാറാൻ ഞാൻ തയ്യാറാകുമായിരുന്നു. അതിന് ഒരു സൗഹൃദം പണയം വെക്കേണ്ടിയിരുന്നില്ല. ചതിച്ചും വഞ്ചിച്ചും നേടിയതൊന്നും അല്ല, മന:സമാധാനം മാത്രമാണ് ജീവിതത്തില്‍ വേണ്ടത്."
“നീ വീണ്ടും എന്നെ തോൽപ്പിച്ചിരിക്കുന്നു രാജൻ ”
"സിസിലീ, ജയവും തോൽവിയും സന്തോഷവും സന്താപവുമെല്ലാം പരസ്പരം പങ്കുവെക്കലാണ് യഥാർത്ഥ സൗഹ്യദം. അതില്‍ തോൽവിയും ജയവുമില്ല. പിന്നെ കാൻസർ, അത് മനസ്സിനെ ബാധിക്കാതിരിക്കാൻ ആണ് ശ്രദ്ധിക്കേണ്ടത്, കാരണം. മനോബലം ഒന്ന് മാത്രമാണ് ഇതിനുള്ള പ്രതിവിധി. "
"നിന്നെ വീണ്ടും കണ്ടുമുട്ടാൻ വൈകിപ്പോയി എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നൂ. ജീവിക്കാനുള്ള ശക്തി തിരിച്ചുവന്നതുപോലെയും."
"പണ്ട് ബീര്‍ബല്‍ പറഞ്ഞതുപോലെ "ഈ സമയവും കടന്നുപോകും". നീ അസുഖത്തില്‍ നിന്നും കരകയറും, അതിന് നിനക്ക് വേണ്ടത് മനോധൈര്യം ആണ്. ഇത്രയും കാലം നീ നടന്നത് ഇരുട്ടിലേക്കാണ്, ഇനി നീ ഒറ്റക്കല്ല, ഞാനും കല്ല്യാണിയും എല്ലാം നിന്റെ കൂടെയുണ്ട്. ശുദ്ധമായ മനസ്സിൽ നിന്നേ ശുദ്ധമായ സംഗീതം ഉണ്ടാവുകയുള്ളു. നീ കണ്ട ആ സ്വപ്നം നമ്മള്‍ എല്ലാവരും ചേര്‍ന്ന് സാക്ഷാത്ക്കരിക്കും."
വീണ്ടും കാണാമെന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ, ചെഞ്ചായം വാരിവിതറിയ ചക്രവാളത്തിൽ നിന്നും പതിച്ച അസ്തമയസൂര്യകിരണങ്ങൾ സിസിലിയുടെ നിറമിഴികളിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു.
ശുഭം
ഗിരി ബി. വാരിയർ
ത്രൈലോക്യമംഗലം. വാരിയം
(ഗീതാഞ്ജലി, ചക്കംകുളങ്ങര, തലോർ)
Mob +91 9811618848
Comments