നാരങ്ങമിഠായി/ ചെറുകഥ
by രവി വാരിയത്ത്.
.........................................
ഇന്നെന്താ മുഖത്തൊരു സന്തോഷം. അല്ലങ്കിൽ എപ്പോഴും ടെൻഷനാണല്ലൊ പതിവ്.
സമയം രാവിലെ 6.30. 7.05 ൻ്റെ വണ്ടി പിടിക്കണം. എന്നാലെ 9 മണിക്ക് ഓഫീസിലെത്തു. അതു കൊണ്ട് എന്നത്തേയും പോലെ പേൻറ്റും ഷർട്ടുമിട്ട് പോവാൻ തയ്യാറായി
മേശപ്പുറത്ത് വെച്ചിരുന്ന ദോശയും ചായയും കഴിക്കുമ്പോൾ
അടുത്തു നിന്നിരുന്ന ഭാര്യ ഇന്ദു എൻ്റെ മുഖത്തേക്കൊന്ന് സൂക്ഷിച്ചു നോക്കി തെല്ലതിശയത്തോടെചോദിച്ചു.
അത് കേട്ടപ്പോൾ എനിക്കും തോന്നി
ആ ചോദ്യം ശരിയാണന്ന്. ഇന്നെനിക്കൊരു സന്തോഷം
തോന്നുന്നുണ്ട്. സന്തോഷം മാത്രമല്ല ഒരാശ്വാസമൊ
സമാധാനമൊ എന്തൊക്കെയൊ. അല്ലങ്കിൽ എനിക്ക് എപ്പോഴും ടെൻഷനാണ്.
അതിൻ്റെ വേലിയേറ്റങ്ങൾ പലപ്പോഴും എൻ്റെ മുഖത്ത് പ്രകടമായിരിക്കും.
എത്ര ചെയ്താലും തീരാത്ത ജോലികൾ.
മാസത്തിൽ രണ്ടും മൂന്നും ടൂറുകൾ, എന്നിട്ടും മന്ത്ലി ടാർഗറ്റ് ആവാത്തതിൻ്റെ ശാസനകൾ.
പലപ്പോഴും ഓഫീസിൽ നിന്നും ഇറങ്ങുന്നതന്നെ 8 മണിക്ക് ശേഷമായിരിക്കും. ചിലപ്പോൾ അതിൽ കൂടുതലും.
രാവിലെ ഓഫീസിൽ എത്തേണ്ട സമയം ഒമ്പത് മണിയാണ്. അതിന് കൃത്യതയുണ്ട്. നിയമങ്ങളുമുണ്ട്.
പക്ഷെ പോരുന്ന സമയത്തിന് അങ്ങിനെ സമയനിഷ്ടകളൊന്നും ഇല്ല. ഇടതടവില്ലാതെ വരുന്ന
ഇ മെയിലുകൾക്കും അന്വേഷണങ്ങൾക്കും കൃത്യമായി മറുപടി കൊടുക്കണം പുതിയ പ്രൊജക്റ്റുകളുടെ മേൽനോട്ടം വഹിക്കണം , റൊ മെറ്റീരിയൽസിൻ്റെ ഗുണനിലവാരം പരിശോദിക്കണം ഇടക്കിടെയുള്ള മീറ്റിങ്ങുകളിൽ പങ്കെടുക്കണം അതിനൊക്കെ പുറമെ കമ്പനിയുടെ മാസാമാസമുള്ള ടർഗറ്റുകൾ തികക്കുകയും വേണം.
അങ്ങിനെ നൂറുകൂട്ടം പിരിമുറക്കങ്ങളാണ് മനസ്സുനിറയെ. അതിന് രാത്രിയെന്നൊ പകലെന്നൊ ഒരു വ്യത്യാസവുമില്ല. അതൊക്കെ ഒരു വിധം ശരിയാക്കി ഓഫീസിൽ നിന്നും ലോക്കൽ ട്രയിനിൽ കയറി ഇവിടെ വിട്ടിലെത്തുമ്പോഴേക്കും രാത്രി പത്തു മണിയാവും.പിന്നെ കുളി കഴിഞ്ഞ് ഭാര്യയോടൊപ്പം അത്തഴം കഴിച്ചു കിടക്കുമ്പോഴേക്കും
സമയം പതിനൊന്ന് പതിനൊന്നര .
എന്തിനാണ് ഇങ്ങിനൊയൊരു ജീവിതം എന്ന് പോലും തോന്നിയിട്ടുണ്ട് ചിലപ്പോൾ.
ആകെ കൂടി ഉള്ളത് എട്ട് വയസ്സായ ഒരു മകളാണ്. അവളെപ്പോലും മതിയാവോളം കാണാനൊ, അവളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാനൊ സമയം കിട്ടാറില്ല.
രാവിലെ ഞാൻ ജോലിക്കു പോകുമ്പോഴും രാത്രി ഞാൻ തിരിച്ചു വരുമ്പോഴും അവൾ കട്ടിലിൽ ചുമരിനോട് ചേർത്തിട്ട തലയിണയെ കെട്ടിപിടിച്ച് ഉറങ്ങുകയായിരിക്കും
ഞാനപ്പോഴൊക്കെ എൻ്റെ മൊബൈയിൽ ഫോൺ സൈലൻറ്റ് മൂഡിലാക്കി വെക്കും. പാവം ഉണർത്തണ്ട ഉറങ്ങിക്കോട്ടെ എന്ന് കരുതി.
പലപ്പോഴും ഇന്ദു പറയാറുണ്ട്.
അവൾക്കിപ്പോൾ പഴയ പോലെ കളിയും ചിരിയൊന്നുമില്ലാട്ടൊ.
നിങ്ങളൊരു പത്തു ദിവസം ലീവെടുത്ത് അവളുടെ കൂടെയിരിക്കണം. അവളുടെ സന്തോഷല്ലെ നമ്മുടെ സന്തോഷം. അല്ലാതെ എപ്പോഴും ജോലി ജോലി എന്നും പറഞ്ഞ് നടന്നാൽ കിട്ടുന്നതിനേക്കാൾ കൂടുതൽ നഷ്ടായിരിക്കും ഫലം.
ഓഫീസിൽ നിങ്ങടെ ബോസിനും കൂടി ഇത്ര പണീണ്ടാവില്ല ടെൻഷനും. രാജാവിനേക്കാൾ രാജ്യസ്നേഹം നല്ലതിനല്ലാട്ടൊ എന്നൊക്കെ.
അതൊക്കെ കേൾക്കുമ്പോൾ തോന്നും നാട്ടിൻ പോയി
സെറ്റലായാലൊ എന്ന്. കുടുമ്പത്തിനോടൊപ്പം ചിലവിടാൻ,
ആ ജീവിതം ആസ്വദിക്കാൻ ആവുന്നില്ലങ്കിൽ പിന്നെ എന്തിനാണ് ഈ ജോലിയും പണവും പത്രാസുമൊക്കെ .
പക്ഷെ ആ തോന്നലിന് വലിയ ആയസ്സുണ്ടാവാറില്ല. ഒരു ജോലിയൊ കൂലിയൊ ബാങ്കിൽ എഫ്ഡിയൊ ഇല്ലാതെ നാട്ടിലേക്ക് താമസം മാറ്റിയാലുള്ള ഭവിഷത്തുകൾ പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
അതു കൊണ്ട് ഇവിടെ എത്ര ബുദ്ധി മുട്ടിയാലും ശരി വെറും കേയ്യാടെ
നാട്ടിലെത്തി നാണം കെടാൻ വയ്യന്നുള്ള ഉറപ്പിൽ മറിച്ചുള്ള ചിന്തകളൊക്കെ പാതി വഴിയിൽ തന്നെ തിരിച്ചെടുക്കുകയാണ് പതിവ്.
ചോദിച്ചത് കേട്ടില്ലെ ഇന്നെന്താ മുഖത്തൊരു
സന്തോഷംന്ന്. ചായയുടെ ചൂടാറ്റുന്നതിനിടയിൽ ഇന്ദു വീണ്ടും ചോദിച്ചു.
ഓ അതോ ...... അത് ഞാനിന്ന് രാവിലെ ഒരു സ്വപ്നം കണ്ടു.
സ്വപ്നോ എന്ത് സ്വപ്നം .
അതിലെന്താ ഇത്ര സന്തോഷിക്കാള്ളത്.
അതറിയാനുള്ള ആകാംക്ഷ പോലെ ഇന്ദു എൻ്റെ അടുത്തേക്ക് ഒന്നു കൂടി നീങ്ങി നിന്നു.
ആ ..... അത് പറയാം
സ്വപ്നത്തിൽ ഞാൻ കണ്ടതേയ് എൻ്റെ അച്ഛനേയാണ് .
വർഷങ്ങൾക്ക് മുൻപ് മരിച്ചു പോയ എൻ്റെ അച്ഛനെ.
മുറിക്കയ്യൻ കുപ്പായവും നീലക്കരയുള്ള ഒറ്റ മുണ്ടും കയ്യിൽ നിവർത്തി പിടിച്ച കാലൻ കുടയുമായി അച്ഛൻ ഇല്ലിപ്പടി തുറന്ന് വരുന്നു.
കൂട്ടുകാരുമൊത്ത് ഉമ്മറക്കോലയയിൽ പുളിങ്കുരുകൊണ്ട് എത്രേം പോരും കളിക്കുകയായിരുന്നു ഞാൻ.
കോലായ തിണ്ണയുടെ മുകളിലായി അച്ഛൻ്റെ കുട കണ്ടപ്പോൾത്തന്നെ കൂട്ടുകാരൊക്കെ ഓടി പോയി. ഒരു നിമിഷം കൊണ്ട് അവരൊക്കെ അപ്രത്യക്ഷരായി.
അച്ഛൻ കുട മടക്കി ഇറയത്തെ വളയത്തിൽ തൂക്കി അകത്തേക്കു കയറുമ്പോഴേക്കും ഞാൻ നിലത്ത് ചിതറിക്കിടന്നിരുന്ന പുളിങ്കുരുവൊക്കെ വാരി കുരുവട്ടിയിൽ നിറച്ചു.
പുറത്ത് നല്ല ചൂടാണ്. അച്ഛൻ്റെ നെറ്റിയിലും മുഖത്തും വിയർപ്പ് തുള്ളിയിട്ടിരുന്നു.
ഉമ്മറത്തുള്ള ചാരുകസേരയുടെ വലതു കയ്യിൽ അമ്മ കഞ്ഞി മുക്കി നീലം പിഴിഞ്ഞിട്ടിരുന്ന തോർത്തു കൊണ്ട് രണ്ടു മൂന്നു വട്ടം
വിശർപ്പ് തുടച്ച് കുപ്പായത്തിൻ്റെ മുകൾ കുടുക്കുകൾ ഊരി മാറിലേക്കു് നന്നായി ഒന്ന് ഊതി അമ്മിണ്യയ് എന്നൊരു വിളിയോടെ അച്ഛൻ ആ കസേരയിലിരുന്നു.
ദാ .... വരണുട്ടൊ ഈ ചോറൊന്ന് വാർക്കട്ടെ എന്ന് അമ്മ അകത്തു നിന്നും പറയുന്നതു ഞാനപ്പോൾ കേട്ടു .
കയ്യിലുള്ള തോർത്തുകൊണ്ട് മേലാകെ വട്ടത്തിൽ വീശി ഒന്ന് ആശ്വാസം കൊണ്ടപ്പോൾ അച്ഛൻ എന്നെ അരികിലേക്ക് വിളിച്ചു.
ആ വിളി പ്രതിക്ഷിച്ചിരുന്ന പോലെ ഞാൻ ഓടി ചെന്ന് അച്ഛൻ്റെ മടിയിൽ കയറി ഇരുന്നു. അച്ഛനെന്നെ ചേർത്ത് പിടിച്ച് കുപ്പായ കീശയിൽ നിന്നും ഒരു കടലാസു പൊതി എടുത്തു തന്നിട്ട് പറഞ്ഞു.
തിന്നോളൂ
നാരങ്ങ മിഠായാണ്.
ഏട്ടനും ഓപ്പോളക്കും ഒരോന്ന് കൊടുക്കണം ട്ടൊ എന്ന്.
ഞാൻ കാലുകൾ നിലത്ത് കുത്തി അച്ഛൻ്റെ മടിയിൽത്തന്നെയിരുന്ന് ആപൊതി തുറന്നു നോക്കി.
ഓറഞ്ചിൻ്റെ അല്ലികൾ പോലെ ഇളം മഞ്ഞയും ഇളം ചുവപ്പുമുള്ള മിഠായികൾ.
അത് കണ്ടപ്പോൾത്തന്നെ എൻ്റെ വായക്കകത്ത്
വെള്ളമൂറാൻ തുടങ്ങി.
ഞാനതിൽ നിന്നും ഒരെണ്ണമെടുത്തു. അത്
വായിലിട്ട് നുണഞ്ഞു തിന്നാനുള്ള സാവകാശമൊ
സാവധാനമൊ എനിക്കില്ലായിരുന്ന തുകൊണ്ട് ഞാനാ മിഠായി കടിച്ചു മുറിച്ചു തിന്നാൻ തുടങ്ങി.
അപ്പോൾ അതിലൊരു പൊട്ട് എൻ്റെ തൊണ്ടയിലെ വിടേയൊ കുടുങ്ങി. എനിക്ക് ചുമവന്നു. ഓക്കാനവും.
അപ്പോൾ അച്ഛൻ എൻ്റെ മുതുകിൽ തലോടി കൊണ്ട് പറഞ്ഞു.
എന്തിനാ ഇത്ര ആർത്തി .
വേണങ്കിൽ ഇത് മുഴുവൻ നിയ്യൊറ്റക്ക് തിന്നോ.
അവർക്ക് ഞാൻ വേറെ വാങ്ങി കൊടുത്തോളാം എന്ന്.
അതായിരുന്നു ഞാൻ കണ്ട സ്വപ്നം.
പിന്നെ എനിക്കൊന്നും ഓർമ്മയില്ല.
പക്ഷെ ആ നാരങ്ങ മിഠായിയുടെ സ്വാദും അച്ഛൻ്റെ ചേർത്തു പിടിക്കലിൻ്റെ സുഖവും അതിപ്പോഴും എന്നെ വിട്ടു പോയിട്ടില്ല.
ആ സ്വപ്നക്കാഴ്ച്ച ഞാൻ വിവരിച്ചു കൊടുത്തപ്പോൾ
ഇന്ദു പറഞ്ഞു.
അത് നന്നായി. സ്വപ്നത്തിലാണെങ്കിലും അച്ഛനെ കാണാനായിലൊ.
നിങ്ങടെ അച്ഛനെ ഞാൻ നേരിട്ട് കണ്ടിട്ടില്ല. ഫോട്ടോയിലെ കണ്ടിട്ടുള്ളൂ.
രണ്ടു മൂന്നു മക്കളുണ്ടായിട്ടും നിങ്ങളോടായിരുന്നു അച്ഛന് കൂടുതൽ വത്സല്യം എന്ന് കേട്ടിട്ടുണ്ട്.
അതെ.....അത് ശര്യാ എന്നും പറഞ്ഞ്
ഞാൻ കൈ കഴുകാൻ എഴുന്നേറ്റു. കയ്യ് കഴുകുന്നതിനിടയിൽ ഞാൻ കണ്ണാടിയിലേക്കൊന്നു നോക്കി. അപ്പോൾ എൻ്റെ കണ്ണുകൾ വല്ലാതെ ചുവന്നിരിക്കുന്നത് കണ്ടു. ഇന്ദു അത് കാണേണ്ടന്ന് കരുതി ഞാൻ വേഗം
ലാപ്പ് ടോപ്പിൻ്റെ ബാഗ് ചുമലിൽ തൂക്കി
വാതിൽ തുറന്ന് പുറത്തേക്കിറങ്ങാൻ തുടങ്ങി.
അപ്പോൾ അച്ഛാ എന്നൊരു വിളി പിന്നിൽ നിന്നും ഞാൻ കേട്ട് .
ഞാൻ തിരിഞ്ഞു നോക്കി.
പാതിയടഞ്ഞ കണ്ണുകളിൽ അശ്രുകണങ്ങളുമായി അവൾ....എൻ്റെ മകൾ മുന്നിൽ നിൽക്കുന്നത് ഞാൻ കണ്ടു.
അവൾ ചോദിക്കുന്നത് ഞാൻ കേട്ടു.
അച്ഛൻ മരിച്ചാൽ എൻ്റെ സ്വപ്നത്തിൽ വര്വോ.
അച്ഛൻ്റെ മടിയിലിരുത്തി എനിക്കൊരു നാരങ്ങ മിഠായി തരോ ...... മുത്തച്ഛനെ പോലെ എന്ന്.
ഇടിവെട്ടിയ പോലെ ഞാനൊന്ന് വിറച്ചു.
എൻ്റെ ചുമലിൽ നിന്നും ബാഗ് താഴെ വീണു.
ഞാൻ
വീഴാതിരിക്കാൻ വാതിലിൽ ചാരി നിന്നു.
അപ്പോൾ ഞാനൊരു കരച്ചിൽ കേട്ടു .
ഒരു പൊട്ടിക്കരച്ചിൽ.
അത് എൻ്റെ മകളുടെ മോഹഭംഗങ്ങളുടേതാണൊ
അത് എൻ്റെ ഭാര്യ ഇന്ദുവിൻ്റെ നിസ്സഹായതയുടേതാണോ
അതോ ഒരച്ഛനായ എൻ്റെ കുറ്റബോധത്തിൻ്റേതാണോ
എന്നറിയാതെ ഞാൻ മിഴിച്ചു നിന്നു.
പിന്നെ തുറന്നിട്ട വാതിലുകൾ വലിച്ചടച്ച് ഞാൻ അതിലേക്കു തന്നെ ചാരി നിന്നു.
രവി വാരിയത്ത്.
👌👍: warriers.org
ഈ കാലഘട്ടത്തിലെ ഒരു ശരാശരി ജോലിക്കാരന്റെ അവസ്ഥ.