top of page
Writer's picturewarriers.org

എൻ്റെ വിഷുപ്പുലരികൾ (രവി വാരിയത്ത്)

*എൻ്റെ വിഷുപ്പുലരികൾ*

(രവിവാരിയത്ത്)

👌👍: warriers.org

കണ്ണ് തുറക്കണ്ടാ ട്ടൊ.

നമുക്ക് കണികാണണ്ടെ

വിഷൂല്ല്യേന്ന് .

ഉറക്കത്തിൻ്റെ മൂർദ്ദന്യാവസ്ഥയിൽ നിന്ന് വിളിച്ചുണർത്തി, എഴുന്നേൽപ്പിച്ച് അമ്മ

എൻ്റെ കണ്ണുകൾ പൊത്തിപ്പിടിച്ചു കൊണ്ട് പറഞ്ഞു. ഞാൻ അർദ്ധ സുഷുപ്തിയിൽ ഒരു സ്വപ്നാടകനെപ്പോലെ നടന്നു. തൊട്ടുപിന്നിലുള്ള അമ്മയെ മുട്ടിയുരുമ്മി കൊണ്ട്. പുറത്ത് പടക്കം പൊട്ടുന്ന ശബ്ദം കേൾക്കുന്നുണ്ട്. അത് കേട്ട് പേടിച്ചിട്ടാണൊ എന്തോ അടുക്കളയിൽ നിന്ന് പൂച്ചക്കുട്ടിയുടെ മ്യാവൂ മ്യാവൂ എന്ന കരച്ചിലും.

അപ്പോൾ ഉറക്ക ഭ്രാന്തിൽ എൻ്റെ കാലിലെ ചെറുവിരൽ ഉമ്മറപ്പടിയിൽ ഒന്ന് മുട്ടി.

നഖം തരിച്ചു. വിരൽ നൊന്തു .

വേദനിച്ചൊ......

അമ്മ ചോദിച്ചു.

ഉം.... ഉവ്വ് എന്നർത്ഥത്തിൽ ഞാനൊന്ന് മൂളി.

അമ്മക്കും വേദനിച്ചു ട്ടൊ.

എങ്ങിനെ.....

അമ്മയുടെ വിരലും ഉമ്മറ പടിയിൽ മുട്ട്യോ

എന്നൊന്നും ഞാൻ ചോദിച്ചില്ല.

കാരണം അമ്മ അങ്ങിനെയാണ്‌ .

എനിക്ക് തലവേദനയൊ പനിയൊ വന്നാൽ അമ്മ പറയും

അതൊന്നും സാരല്യാട്ടൊ എനിക്കൂണ്ട് പനീം തലവേദനേം. എനിക്ക് ചെവിക്കുത്ത് വന്നപ്പോഴും അമ്മ അതു തന്നേയാണ് പറഞ്ഞത്.

എനിക്കൂണ്ട് വല്ലാത്തചെവിക്കുത്ത് എന്ന്.

ചെത്തിത്തേയ്ക്കാത്തെ വെട്ടുകല്ലിൻ്റെ ചുമരിൽ ഒരു കൈ ചേർത്ത് ഞാൻ നടന്നു. എനിക്കൊന്നും കാണാനില്ല.

കിടപ്പറയിൽ നിന്ന് ഇടനാഴിയിലേക്കും അവിടെ നിന്ന് കണിയൊരുക്കിയ മച്ചിലേക്കുമുള്ള നടത്തം അമ്മയുടെ നിയന്ത്രണത്തിലായിരുന്നു.

പഴുത്ത ചക്കയുടേയും ചന്ദനത്തിരികളുടേയും സമ്മിശ്രമായൊരു ഗന്ധം എനിക്കു് ചുറ്റിലും പരന്നു.

വടക്കെ അറയിൽ നിന്നും മുത്തശ്ശിയുടെ നാരായണ ജപവും കേട്ടു .

അത് മുത്തശ്ശിയുടെ ഒരു ശീലമാണ് . ദിനചര്യകൾ മുടങ്ങിയാലും നാമജപം മുടക്കാറില്ല. കട്ടിലിൽ എണീക്കാനാവാതെ കിടക്കുന്ന മുത്തശ്ശിയുടെ ഒരോ ശ്വാസത്തിലും നാരായണാ എന്നൊരു വിളിയുണ്ടാവും. എന്നെ കൊണ്ടുപോകാറായില്ലെ ....

എന്നൊരു ചോദ്യത്തിൻ്റെ ധ്വനിയും.

കണ്ണു തുറന്ന് കണി കണ്ടോളൂ ട്ടൊ.

എൻ്റെ കണ്ണുകളെ അടച്ചു പിടിച്ചിരുന്ന കയ്യുകളെടുത്ത് അമ്മ പറഞ്ഞു.

ഉറക്കം മാറാതെ പുളിക്കുന്ന കണ്ണുകൾ പലവട്ടം തുറന്നടച്ച് ഞാൻ കണി കണ്ടു.

ഓട്ടുറുളിയിലെ സമ്പൽസമൃദ്ധിയേയും ഓടക്കുഴലൂതുന്ന കണ്ണനേയും കണ്ണൻ്റെ കഴുത്തിലണിയിച്ച അമ്മയുടെ പച്ചക്കല്ലു

പതിച്ച

പതക്കമാലയും കണ്ടു.

ഇനി രണ്ടു കയ്യും

നീട്ടിക്കാണിച്ചോളൂ. അമ്മ വിഷുകൈനീട്ടം തരാം .

എൻ്റെ പിന്നിൽ ത്തന്നെ ചേർന്നു നിന്നിരുന്ന അമ്മ ഒന്ന് കുനിഞ്ഞ് എൻ്റെ ചെവിയോരത്ത് പറഞ്ഞു.

ഞാൻ കൈ നീട്ടി നിന്നു.

ഓട്ടുറുളിയിലെ കോടി മുണ്ടിൻ്റേയും, കൊന്ന പൂക്കളുടേയും ഇടയിൽ നിന്ന് ഒരു

ഒറ്ററുപ്പികാ നാണയം എടുത്ത് അമ്മ എൻ്റെ കൈകളിൽ വെച്ചു.

പിന്നെ എൻ്റെ നിറുകയിൽ കൈവെച്ചനുഗ്രഹിച്ചു.അമ്മ കൃഷ്ണവിഗ്രഹം നോക്കി തൊഴുതു നിന്നു.

അഞ്ചു തിരികളിട്ട് കൊളുത്തി വെച്ച നിലവിളക്കിൻ്റെ പ്രകാശ ധാരയിൽ ആ ഒറ്ററുപ്പികാ തുട്ട് എൻ്റെ കയ്യിലിരുന്ന് വെള്ളി നാണയം പോലെ മിന്നിതിളങ്ങി.

ഞാനത് എൻ്റെ വള്ളി ട്രൗസറിൻ്റെ വലതുപോക്കേറ്റിലേക്കിട്ടു.

കണി കണ്ട് കൈനീട്ടം കിട്ടിയ ഓപ്പോളും ഏട്ടനും കമ്പിത്തിരിയും മെത്താപ്പും ഓലപ്പടക്കവുമെടുത്ത് മുറ്റത്തേക്ക് പോകുമ്പോൾ എന്നെ നോക്കി പറയുന്നതു ഞാനപ്പോൾ കേട്ടു .

ഡാ വേം വാട്ടൊ എന്ന്.

പിന്നെ അമ്മയോടൊത്ത് ഞാൻ വടക്കെ അറയിലേക്കു് ചെന്നു.

മുത്തശ്ശി കിടന്ന കിടപ്പിൽത്തന്നെ തലയിണ ചോട്ടിൽ നിന്നും തപ്പിയെടുത്ത ഏട്ടണയുടെ ഒരു തുട്ട് എൻ്റെ കൈകളിലേക്ക് തന്ന് മാറിലെ തുളസിമാലയിൽ തൊട്ട് നാമജപം തുടങ്ങി.

ഞാൻ കൈനീട്ടം മേടിക്കുമ്പോൾ അമ്മ പറഞ്ഞു.

മുത്തശ്ശിയുടെ കാലിൽ തൊട്ട് തൊഴുത് നമസ്ക്കരിക്കണം ട്ടൊ എന്ന്.

ഞാൻ മുത്തശ്ശി കിടന്നിരുന്ന കട്ടിലിന് താഴെ നമസ്ക്കരിച്ചു. എണ്ണകളുടേയും കുഴമ്പുകളുടേയും വാസന ഞാനറിഞ്ഞു.

മുത്തശ്ശി തന്ന എട്ടണ തുട്ട് ഞാൻ തിരിച്ചും മറിച്ചും നോക്കി. അതിൻ്റെ ഒരു വശത്ത് നരിയും മറുവശത്ത് തലയും ഉണ്ടായിരുന്നു.

ഞാനതും എൻ്റെ പോക്കറ്റിലിട്ടു. നാണയങ്ങൾ കൂട്ടി മുട്ടുന്ന ഒരു ചെറിയ ശബ്ദം പോക്കറ്റിൽ നിന്നും ഞാൻ കേട്ടു. ട്രൗസറിൻ്റെ കീശയിൽ നിന്നും കയ്യെടുക്കാതെ

വിഷുക്കൈനീട്ടത്തെ താലോലിച്ച്

ഞാൻ ഉമ്മറത്തേക്കു നടന്നു.

കണികാണും നേരം

കമലാ നേത്രൻ്റെ

നിറമേറും മഞ്ഞ

തുകിൽചാർത്തി എന്ന പാട്ട് ഈണത്തിൻ ചൊല്ലി അമ്മ അകത്തേക്കു പോയി.

മുറ്റത്ത് പൊട്ടിയ ഓലപ്പടക്കങ്ങളുടെ

ചൂരും ഏട്ടൻ പൊട്ടിക്കുന്ന പടക്കങ്ങളുടെ ശബ്ദവും ഉണ്ടായിരുന്നു.

മുറ്റം നനഞ്ഞിട്ടുണ്ട്. രാത്രിയിൽ മഴ പെയ്തിരിക്കുന്നു. വേനൽമഴയാണ്. നല്ല മിന്നലും ഇടിയും ഉണ്ടായിരിക്കും. അമ്മയോടൊപ്പം ഉറങ്ങുന്നതു കൊണ്ട് ഞാനൊന്നും അറിഞ്ഞില്ലന്നു മാത്രം.

ന്നാ ദ് പിടിച്ചൊ മേലൊന്നും കൊള്ളിക്കണ്ടാട്ടൊ. പൊള്ളും.

ഓപ്പോൾ എനിക്കൊരു കമ്പിത്തിരി കത്തിച്ച് നീട്ടി കാണിച്ചു.

ഞാനത് പിടിക്കാൻ കൈ നീട്ടി ......

കിട്ടിയില്ല

കമ്പിത്തിരി കെട്ടു പോയി

ചുറ്റും ഇരുട്ടായി.

കാലം ഒരുപാട് മാറി. എട്ടണ തുട്ടിനും ഒറ്ററുപ്പികക്കും വിലയില്ലാതായി. വിഷുകെനീട്ടം നൂറും അഞ്ഞൂറുമായി. ഗൂഗിൾ പെ വഴിക്കും കൊടുക്കാമെന്നായി.വാങ്ങാമെന്നായി. സമ്പത്തും സൗകര്യങ്ങളും കൂടിയപ്പോൾ വാർദ്ധാക്യം അനാഥാലയങ്ങളിലായി.

സ്നേഹ ബന്ധങ്ങൾ പടക്കം പോലെ പൊട്ടി ചിതറി.

എങ്കിലും ഇന്നലേകളുടെ മധുര സ്മരണകൾ മറക്കാതെ

ഞാനോരോ

വിഷുപ്പുലരികളിലും ആ കമ്പിത്തിരിക്കായി കൈ നീട്ടും. ഒറ്ററുപ്പിക തുട്ടിനും എട്ടണ തുട്ടിനുമായി കൈ നീട്ടും...

കിട്ടില്ലന്നുറപ്പായിട്ടും വെറുതെ ഞാൻ

ഇരുട്ടിലേക്ക് നോക്കി എൻ്റെ കൈ നീട്ടും.

അപ്പോൾ ഗതകാല സ്മരണകളുടെ വാദ്യമേളങ്ങളും വർണ്ണരാജികളും എന്നെ പൊതിയും.

കണികാണും നേരം

കമലാ നേത്രൻ്റെ എന്ന ഗാനം ശ്രുതിമധുരമായി ആരോ പാടുന്ന പോലെ തോന്നും.

ആ തോന്നലിൽ ഞാൻ അലിയും

അലിഞ്ഞലിഞ്ഞലിഞ്ഞു പോകും........


രവി വാരിയത്ത്.



4 views0 comments

Comments


bottom of page