ആശംസകൾ.
.....................................
by രവി വാരിയത്ത്.
👌👍: warriers.org
ഇന്ന് രാവിലെ എനിക്കൊരു ആശംസാസന്ദേശം കിട്ടി.
ഹാപ്പി ന്യു മന്ത്
എന്ന് ഇംഗ്ലീഷിലും താഴെ മലയാളത്തിൽ
പുതുമാസാശംസകൾ
എന്നും
വേണം അതീവ
ജാഗ്രത എന്നും എഴുതിയിട്ട്.
ഞാനത് രണ്ടു മൂന്നു തവണ വായിച്ചു.
ഇതെന്താ ഇങ്ങിനെയൊരാശംസ എന്ന് ആലോചിക്കുകയും ചെയ്തു.
മേയ് ഒന്ന് ലോകതൊഴിലാളിദിനമാണ്.
അതിനെപ്പറ്റിയുള്ള ആശംസകളും ആഹ്വാനങ്ങളും ഈ ദിവസം പതിവാണ്. പക്ഷെ അതൊന്നുമല്ലാതെ എനിക്ക് പുതുമാസ ആശംസകൾ അറിയിച്ച ആ സുഹൃത്തിനെ ഒന്ന് വിളിച്ചു ചോദിക്കാമെന്ന് കരുതിയപ്പോഴാണ് അയാളുടെ മറ്റൊരു സന്ദേശം എനിക്കപ്പോൾ വന്നത്.
കണ്ണുനീർ തൂവുന്ന വട്ടമുഖങ്ങളുള്ള നാലു് ഇമോജികൾക്ക് താഴെ അയാളുടെ സന്ദേശം ഞാൻ വായിക്കാൻ തുടങ്ങി.
പ്രിയ സുഹൃത്തേ.....
ഈ ഒരു സന്ദേശം നിങ്ങളെ ഒരുപക്ഷെ അതിശയപ്പെടുത്തിയിട്ടുണ്ടാവും.
കാരണം ഇതിന് മുൻപ് ഇത്തരത്തിലൊരു ആശംസാസന്ദേശം താങ്കൾക്ക് കിട്ടിയിട്ടുണ്ടാവില്ല.
സാധാരണയായി ഹാപ്പി ന്യൂ ഇയർ എന്നൊ പുതുവത്സര ആശംസകളെന്നൊ ഒക്കെയുള്ള സന്ദേശങ്ങൾ ജനുവരി മാസത്തിലെ ആദ്യ ദിവസം ധാരാളമായി നമ്മൾക്ക് കിട്ടാറുള്ളതാണ്.
ഈ വർഷം ജനുവരി മുതൽ ഡിസംബർ വരെയുള്ള 12 മാസങ്ങളും താങ്കൾക്കും താങ്കളുടെ കുടുംബത്തിനും ബന്ധുമിത്രാദികൾക്കും സുഖവും സന്തോഷവും ആയുസ്സും ആരോഗ്യവും നേരുന്നു എന്നർത്ഥത്തിൽ.
എന്നാൽ ഇന്ന് ആ കാലമൊക്കെ മാറി. ഒരു വർഷം എന്നത് വളരെ നീണ്ട കാലമായി. കക്കാടിൻ്റെ കവിത പോലെ ഇന്ന് ''ആരെന്നും എന്തെന്നും '' അറിയാതെയായി.
അതുപോരാ... ഇടയ്ക്കിടെ ആശംസിച്ചും അന്വേഷിച്ചും മനുഷ്യർ മാനസീകമായി കൂടുതൽ അടുത്തും
ധൈര്യം പകർന്നും
ആരും ഒറ്റക്കല്ലെന്ന ആത്മവിശ്വാസം വളർത്തിയും ജീവിക്കുവാനുള്ള കാലമാണിതെന്ന ഒരു തോന്നൽ എനിക്കുണ്ടായി. അതു കൊണ്ടാണ് ഞാൻ ഇത്തരത്തിൽ ഒരാശംസ താങ്കൾക്കയക്കുന്നത്
അതുകൊണ്ടാണ് ഒരോരോ മാസതുടക്കത്തിലും ഇങ്ങനെയൊരു സന്ദേശം അയക്കാൻ ഞാൻ തീരുമാനിച്ചത്.
സുഹൃത്തേ... ഇതൊരു ഓർമ്മപ്പെടുത്തൽ
കൂടിയാണ്.
കാരണം നമ്മളിപ്പോഴും ഈ അവസ്ഥയുടെ തീവ്രത മനസ്സിലാക്കിയിട്ടില്ല. ചെറുത്തു നിൽപ്പിനായി
മുഖാവരണം വേണ്ട പോലെ ധരിക്കാനോ ശാരീരിക അകലം പാലിക്കാനോ നമ്മൾ കൂട്ടാക്കുന്നില്ല.
ഒരു വലിയ
ജനസമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നും
ഒരു വ്യക്തിയുടെ അശ്രദ്ധ ആ സമൂഹത്തെ മുഴുവൻ ബാധിക്കുമെന്നും നമ്മൾ മനസ്സിലാക്കുന്നില്ല. സാമൂഹിക മര്യാദ എന്നൊന്ന് നമുക്കില്ലാതായി.
നമുക്ക് നമ്മുടെ ഇഷ്ടാനിഷ്ടങ്ങളാണ് വലുത് എന്നായി.
സങ്കുചിത ചിന്തകളാണ് നമ്മളെ നയിക്കുന്നത്. സ്വന്തം ഉത്തരവാദിത്വങ്ങൾ മറന്ന് മറ്റുള്ളവരെ കുറ്റം പറയാനും പഴിചാരാനും നമ്മൾ സമർത്ഥരായി.
നമ്മളുടെ സൂഷ്മക്കുറവ് നമുക്കും മറ്റുള്ളവർക്കും
ആപത്താണെന്ന് നമ്മൾ ഓർക്കാതെയായി.
ഒരു പറ്റം മനുഷ്യസ്നേഹികൾ ഊണം ഉറക്കവും ഉപേക്ഷിച്ച് സ്വന്തം സുരക്ഷിതത്വം മറന്ന് മറ്റുള്ളവർക്കായി ആതുരസേവനം നടത്തുമ്പോൾ ഒരു കൂട്ടം മനുഷ്യർ അനാവശ്യമായി ഒത്തു കൂടുന്നു.
കറങ്ങിയടിക്കുന്നു.
പിഴച്ചു സുഹൃത്തേ.... നമുക്ക് എവിടെയൊക്കേയൊ
പിഴച്ചിരിക്കുന്നു.
താങ്കൾക്കറിയുമൊ ഞാനിയ്യിടെ ആയി തീരെ ചിരിക്കാറില്ല.
കാരണം ഇന്ന് ഞാൻ ചിരിച്ചാൽ നാളെ ഞാൻ കരയേണ്ടി വരുമൊ എന്ന ഒരു പേടി ,
ഞാൻ ഒറ്റപ്പെടുമൊ എന്നൊരു തോന്നൽ, ഇനി എന്താണ് ഞാൻ കേൾക്കാൻ പോകുന്നത് എന്ന ഒരു ഭീതിയും.
പണ്ടൊക്കെ ഇത്തരത്തിലൊരു ഭയം തോന്നിയിരുന്നില്ല. സുഹൃത്തുക്കളുമായി ചുറ്റിക്കറങ്ങി വരുമ്പോൾ മനസ്സിലെ എല്ലാ വിഷമതകളും പോയി ഒരു പുതിയ പോസിറ്റീവ് എനർജി ലഭിക്കുമായിരുന്നു.
ജോലി ചെയ്ത് കിട്ടിയ കൂലി എണ്ണി നോക്കുമ്പോൾ നമുക്ക് അഭിമാനം തോന്നിയിരുന്നു.
നമ്മുടെ കുട്ടികൾ സ്കൂളിൽ പോയി പഠിച്ചും കളിച്ചും വരുമ്പോൾ അവർ ആഹ്ലാദിച്ചിരുന്നു.
പുതിയൊരു ലോകം അവർ സൃഷ്ടിച്ചിരുന്നു.
അന്നൊക്കെ വീടുകളിൽ അനിശ്ചിതാവസ്ഥ ഇല്ലായിരുന്നു പകരം സന്തോഷത്തിൻ്റെ ദിനങ്ങളായിരുന്നു.
ഇന്നോ ..?.
എങ്ങും എവിടേയും നെഗറ്റീവ് എനർജി.
വേണം സുഹൃത്തേ... നമുക്ക് ആ നല്ല കാലത്തിനെ തിരികെ കൊണ്ടുവരണം. നമുക്ക്
തോളോട് തോൾ ചേർന്ന് നടക്കണം,
കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും സുഖദു:ഖങ്ങൾ പങ്കുവെച്ചും ഇഷ്ടാനുസരണം യാത്ര ചെയ്യാനും സാധിക്കണം
ആ സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും ദിനങ്ങൾ വീണ്ടും മടങ്ങി വരണം.
നമ്മൾ മടക്കി കൊണ്ടുവരണം. അതിനായി നമ്മൾ ഉത്തരവാദിത്വമുള്ള പൗരന്മാരായി നിയമങ്ങളെ അനുസരിക്കണം. നമ്മൾ നമുക്ക് വേണ്ടി മാത്രമല്ല മറ്റുള്ളവർക്കു വേണ്ടിയിട്ടുകൂടിയാണ് ജീവിക്കുന്നത് എന്ന് മനസ്സിലാക്കണം.
ലോകം എൻ്റെ സ്വന്തമല്ല അതിന് ഒരു പാട് അവകാശികളുണ്ടെന്നും മനസ്സിലാക്കണം.
ശാരീരികമായി അകലെയാണെങ്കിലും മാനസീകമായി നമ്മൾ അടുത്തുണ്ടെന്ന ഒരു ആത്മവിശ്വാസവും ധൈര്യവും കൊടുക്കണം.
എത്രയൊ മഹാമാരികളെ പിടിച്ചു കെട്ടിയവരാണ് നമ്മൾ എന്ന ആത്മവിശ്വാസത്തോടെ, ജാഗ്രതയോടെ മുന്നോട്ടു നീങ്ങണം.
എത്രയെത്ര അനാവശ്യമായ
വെറുപ്പും അറപ്പും ഉളവാക്കുന്ന,
സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന തെറ്റിദ്ധാരണകളും വിദ്വേഷങ്ങളും പടർത്തുന്ന സന്ദേശങ്ങളാണ് സ്ഥലം മുടക്കികളായി നമ്മുടെ ഫോണുകളിൽ വരുന്നത്. അതിൽ പലതും നമ്മൾ വായിക്കാതെ മായ്ച്ചു കളയുന്നു .
അതുപോലെ ഈ സന്ദേശത്തെ അവഗണിക്കരുത്. മായ്ച്ചുകളയരുത്.
ഒരു തവണയെങ്കിലും വായിച്ചു നോക്കുക.
പുതുമാസാശംസകളിൽ നിന്ന് പതുവത്സരാശംസകളിലേക്കു തന്നെ തിരിച്ചെത്തണമെന്ന് താങ്കൾക്ക് മോഹമുണ്ടെങ്കിൽ,
മോഹമുണ്ടെങ്കിൽ മാത്രം..........
ഞാനീ സന്ദേശം പല തവണ വായിച്ചു.
അദ്ദേഹത്തിൻ്റെ സാമൂഹ്യ പ്രതിബദ്ധതക്ക് ഞാൻ നന്ദി അറിയിച്ചു. തികച്ചും അർത്ഥവത്തായ ആ സന്ദേശം
ഞാനിതാ നിങ്ങൾക്കും അയക്കുന്നു.......
വായിക്കാം വായിക്കാതിരിക്കാം.
അത് നിങ്ങളുടെ ഇഷ്ടം
🙏
コメント