top of page
Writer's picturewarriers.org

Vishu Smrithikal Vismrithikal - Story by Ravi Variyath

Updated: May 8, 2022

*_വിഷുസ്മൃതികൾ_*

*_വിസ്മൃതികൾ_*


_(രവി വാരിയത്ത്)_

👍👌🙏: warriers.org

*ഒരു വിഷു പക്ഷി* *അരികത്തു വന്നെന്നെ*

*അരുമയായ് തൊട്ടു വിളിച്ചുണർത്തി*

*മൃദു പതംഗങ്ങളാൽ മെല്ലെ തലോടിയെൻ*

*ചെവികളിൽ മാധുര്യമോടെയോ തി*

*വിഷുവല്ലെ മേടപ്പുലരിയല്ലേയിതു*

*കണികാണുവാനുള്ള നേരമല്ലെ*

*നയനങ്ങൾ പൂട്ടി എഴുന്നേറ്റു കൊള്ളു നീ*

*തുണയായി ഞാനിതാ ചേർന്നു നിൽപ്പൂ.*


_കണ്ടു കൊണ്ടിരുന്ന_ _പുലർകാല സ്വപ്നം പാതി ആയപ്പോൾ_ _ഞാനാ പാട്ടു കേട്ടുണർന്നു._

_കണ്ണ് തുറക്കണ്ടാ ട്ടൊ._

_ഇന്ന് വിഷുവല്ലെ.._

_നമുക്ക് വിഷുക്കണി_ _കാണേണ്ടെ._

_അമ്മ പറഞ്ഞു._

_അപ്പോഴാണ് മനസ്സിലായത്_

_വിളിച്ചുണർത്തിയത് വിഷു പക്ഷിയല്ല_

_അമ്മയായിരുന്നു എന്ന്._

_എൻ്റെ രണ്ടു കണ്ണുകളും അടച്ചു പിടിച്ച് അമ്മ വീണ്ടും പറഞ്ഞു._

_പതുക്കെ എണീറ്റോളൂ അമ്മ പിടിച്ചിട്ടുണ്ട് പേടിക്കണ്ട ട്ടൊ._

_എന്ന്._

_ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു. അർദ്ധ_ _സുഷുപ്തിയിൽ ഒരു സ്വപ്നാടകനെപ്പോലെ ഞാൻ അമ്മയെ_ _മുട്ടിയുരുമ്മി നടന്നു._

_ചെത്തിത്തേയ്ക്കാത്ത വെട്ടുകല്ലിൻ്റ ചുമരിൽ കയ്യോടിച്ചു_ _നടന്നു._

_കിടപ്പറയിൽ നിന്ന് ഇടനാഴിയിലേക്കും_ _അവിടെ നിന്ന് കണിയൊരുക്കിയ_ _വടക്കിനി തളത്തിലേക്കുമുള്ള_ _നടത്തം അമ്മയുടെ_ _നിയന്ത്രണത്തിലായിരുന്നു._

_പഴുത്ത ചക്കയുടേയും ചന്ദനത്തിരികളുടേയും_ _സമ്മിശ്രമായൊരു ഗന്ധം എനിക്കു് ചുറ്റിലും_ _പരക്കുന്നുണ്ടായിരുന്നു._

_വടക്കെ അറയിൽ നിന്നും മുത്തശ്ശിയുടെ_ _നാരായണ നാമ ജപം പാതി മയക്കത്തിലും ഞാൻ കേട്ടു._

_വടക്കിനിയെത്തി ട്ടൊ._

_ഇനി കണ്ണു തുറന്നോളൂ._

_ദാ ... കണി_ _കണ്ടോളൂ_

_എൻ്റെ കണ്ണുകളെ_ _പൊത്തി പിടിച്ചിരുന്ന_ _കയ്യുകളെടുത്ത് അമ്മ പറഞ്ഞു._

_ഉറക്കം മാറാതെ_ _പുളിക്കുന്ന കണ്ണുകൾ പലവട്ടം_ _തുറന്നടച്ച് ഞാൻ_ _കണി കണ്ടു._

_മിന്നിതിളങ്ങുന്ന ഓട്ടുരുളിയിലെ_ _സമ്പൽസമൃദ്ധിയേയും ഓടക്കുഴലൂതുന്ന_ _കണ്ണനേയും കണ്ണൻ്റെ കഴുത്തിലണിയിച്ചിരുന്ന_ _പച്ചക്കല്ലു_

_പതിച്ച_

_പതക്ക മാലയും ഞാൻ കണ്ടു._

_ഇനി രണ്ടു കയ്യും_

_നീട്ടിക്കാണിച്ചോളൂ._ _അമ്മ വിഷുകൈനീട്ടം തരാം_

_എൻ്റെ ചുമലിൽ പിടിച്ച് അരികിലേക്ക്_ _ഒന്നുകൂടി ചേർത്തുനിർത്തി_ _അമ്മ പറഞ്ഞു._

_ഞാൻ രണ്ടു കൈകളും നീട്ടി നിന്നു._

_ഓട്ടുരുളിയിലെ_ _കോടി മുണ്ടിൻ്റേയും,_

_സ്വർണ്ണ നിറമുള്ള_ _വെള്ളരിക്കയുടേയും,_

_കൊന്ന പൂക്കളുടേയും_ _ഇടയിൽനിന്ന്_ _ഒരു_

_ഒറ്റ രൂപയുടെ_ _നാണയം എടുത്ത്_ _അമ്മ എൻ്റെ കൈകളിൽ വെച്ചു_ _തന്ന് എൻ്റെ_ _നിറുകയിൽകൈവെച്ചനുഗ്രഹിച്ചു._

_എന്നിട്ടമ്മ കൃഷ്ണവിഗ്രഹം_ _നോക്കി തൊഴുതു നിന്നു._

_അഞ്ചു തിരികളിട്ട് കൊളുത്തി വെച്ച_ _നിലവിളക്കിൻ്റെ ശോഭയിൽ_ _ആ ഒറ്ററുപ്പികാ തുട്ട്_ _എൻ്റെ കയ്യിലിരുന്ന് വെള്ളി നാണയം_ _പോലെ തിളങ്ങി._

_ഞാനത്_ _എൻ്റെ_ _ട്രൗസറിൻ്റെ_ _വലതു പോക്കറ്റിലേക്കിട്ടു. ഊരി വീഴുന്ന_ _ട്രൗസറിൻ്റെ_ _വള്ളികൾ ഞാൻ പലവട്ടം മേലോട്ട്_ _വലിച്ചിട്ടു. അപ്പോൾ_

_കണി കണ്ട് കൈനീട്ടം കിട്ടിയ_ _ഓപ്പോളും ഏട്ടനും കമ്പിത്തിരിയും_ _മത്താപ്പും ഓലപ്പടക്കവുമെടുത്ത് മുറ്റത്തേക്ക്_ _പോകുന്നതിനിടയിൽ_ _എന്നെ നോക്കി പറഞ്ഞു._

_ഡാ ......വേഗം വാട്ടൊ എന്ന്._

_ഞാൻ അമ്മയോടൊത്ത് _വടക്കെ അറയിലേക്കു് ചെന്നു._ _ഇടനാഴിയിൽ കൊളുത്തി വെച്ച_ _റാന്തൽ വിളക്കിൻ്റെ വെളിച്ചത്തിന് മഞ്ഞ നിറമാണെന്ന്_ _എനിക്കപ്പോൾ തോന്നി._

_മുത്തശ്ശി കിടന്ന കിടപ്പിൽത്തന്നെ തലയിണ ചോട്ടിൽ_ _നിന്നും തപ്പിയെടുത്ത ഏട്ടണയുടെ ഒരു തുട്ട് എൻ്റെ കൈകളിലേക്ക് തന്നു_. _പിന്നെ മാറിലെ തുളസിമാലയിൽ തൊട്ട് നാമജപം തുടങ്ങി._

_ഞാനത് മേടിക്കുമ്പോൾ അമ്മ പറഞ്ഞു._

_മുത്തശ്ശിയുടെ കാലിൽ തൊട്ട് തൊഴുത് നമസ്ക്കരിക്കണം ._

_മുത്തശ്ശി കിടന്നിരുന്ന കട്ടിലിന് താഴെ ഞാൻ നമസ്ക്കരിച്ചു._ _എണ്ണകളുടേയും കുഴമ്പുകളുടേയും വാസന ഞാനറിഞ്ഞു._

_ആ എട്ടണ തുട്ട് ഞാൻ തിരിച്ചും മറിച്ചും നോക്കി._ _അതിൻ്റെ ഒരു വശത്ത് നരിയും മറുവശത്ത് തലയും ഉണ്ടായിരുന്നു._

_ഞാനതും എൻ്റെ പോക്കറ്റിലിട്ടു._ _നാണയങ്ങൾ കൂട്ടി മുട്ടുന്ന ഒരു ചെറിയ ശബ്ദം പോക്കറ്റിൽ നിന്നും ഞാൻ കേട്ടു._ _ട്രൗസറിൻ്റെ_ _കീശയിൽ നിന്നും കയ്യെടുക്കാതെ_

_വിഷുക്കൈനീട്ടത്തെ താലോലിച്ച്_

_ഞാൻ ഉമ്മറത്തേക്കു നടക്കുമ്പോൾ അമ്മ പറഞ്ഞു._

_അച്ഛനും അമ്മാമന്മാരും ഒക്കെ വിഷു ക്കൈനേട്ടം തരും._

_എല്ലാം സൂക്ഷിച്ചു വെക്കണം ട്ടൊ._

_അടുത്താഴ്ച്ച നമ്മുടെ കിള്ളിക്കാവില്_ _പൂരല്ലെ._

_ഓടക്കുഴലും, പീപ്പീം, കാറ്റാടീം ഒക്കെ മേടിക്കേണ്ടേ_ _അപ്പൂന്._

_വേണം എനിക്ക് പാലയ്സ്സും മേടിക്കണം._

_ഞാനത് പറഞ്ഞപ്പോൾ അമ്മ ഒന്ന് മെല്ലെ മൂളി_ _ചിരിച്ചു._

_പിന്നെ_

_കണികാണും നേരം_

_കമലാ നേത്രൻ്റെ_

_നിറമേറും മഞ്ഞ_

_തുകിൽചാർത്തി_ _എന്ന പാട്ട്_ _ഈണത്തിൻ ചൊല്ലി അമ്മ_ _അടുക്കളയിലേക്ക് പോയി._

_മുറ്റത്ത് പൊട്ടിയ ഓലപ്പടക്കങ്ങളുടെ_

_ചൂരും ഏട്ടൻ പൊട്ടിക്കുന്ന പടക്കങ്ങളുടെ_ _ശബ്ദവും_ _ഉണ്ടായിരുന്നു._

_മുറ്റം നനഞ്ഞിട്ടുണ്ട്. രാത്രിയിൽ മഴ_ _പെയ്തിരിക്കുന്നു. വേനൽമഴയാണ്._

_നല്ല ഇടിയും മിന്നലും_ _ഉണ്ടായിരിക്കും._ _അമ്മയോടൊപ്പം ഉറങ്ങുന്നതു കൊണ്ട് ഞാനൊന്നും_ _അറിഞ്ഞില്ലന്നു മാത്രം._

_ന്നാ....ദ് പിടിച്ചൊ മേലൊന്നും കൊള്ളിക്കണ്ടാട്ടൊ. പൊള്ളും._

_ഓപ്പോൾ എനിക്കൊരു കമ്പിത്തിരി കത്തിച്ചു തന്നു._

_അതിൽ നിന്നും അനേകം നക്ഷത്ര പൂക്കൾ പൊട്ടി_ _വിരിഞ്ഞു. ചുറ്റും_ _പ്രകാശം നിറഞ്ഞു_ .

_അച്ഛനപ്പോൾ പറഞ്ഞു._

_മതി മതി_ _മുറ്റത്തേക്കിറങ്ങണ്ടാ നീയ്യ്_

_ദാ... ഇവിടെ ഈ അരിക് തിണ്ണയിൽ നിന്നാൽ മതി._

_ഞാനാ കമ്പിത്തിരി മേടിക്കാൻ കൈ _നീട്ടി._

_പക്ഷെ അപ്പോഴേക്കും_

_വിഷു പക്ഷി എങ്ങോ പറന്നു പോയിരുന്നു._

_കൂടെ മുത്തശ്ശിയും,അമ്മയും, അച്ഛനും പോയിരിക്കുന്നു._ _ചുറ്റും ഇരുട്ട്.....ഇരുട്ടു മാത്രം._

_കമ്പിത്തിരിയില്ല_ _നക്ഷത്ര പൂക്കളില്ല._ _അപ്പോൾ_

_ചിതലരിക്കാത്ത_ _ഓർമ്മകൾ എൻ്റെ മിഴികളെ_ _ഈറനണിയിച്ചു._

_ഞാനോർത്തു._

_കാലം ഒരുപാട് മാറി._ _എട്ടണ തുട്ടിനും_ _ഒറ്ററുപ്പികക്കും വിലയില്ലാതായി._ _വിഷുകൈനീട്ടം അത് വെറും_ _പ്രഹസനമായി._ _ഗൂഗിൾപേ വഴിക്കും_ _കൊടുക്കാമെന്നായി_

_വാങ്ങാമെന്നായി_ _സമ്പത്തും സൗകര്യങ്ങളും_ _കൂടിയപ്പോൾ വാർദ്ധക്യം_ _അനാഥാലയങ്ങളിലായി, പെരുവഴികളിലായി_ ._അമ്പലനടകളിലായി._

_സ്നേഹ ബന്ധങ്ങൾ പടക്കം പോലെ പൊട്ടി ചിതറി._ _ഹാപ്പി വിഷു_

_എന്ന് പാതി അംഗ്രേസിയിലും_ _പാതി മലയാളത്തിലും പറഞ്ഞ്_ _അതിനെ_ _പ്രഹസനമാക്കി._

_വിത്തും കൈക്കോട്ടും_

_എന്ന് വിഷു പക്ഷി പാടാതായി പകരം_ _കള്ളൻ ചക്കട്ടു എന്ന് മാത്രം പാടാൻ തുടങ്ങി ആ_ _നാടറിഞ്ഞ നാട്ടു പക്ഷി._

*_മാറിയത് കാലമോ_* *_മനുഷ്യരൊ_*

_ആ ചോദ്യം എന്നെ അലട്ടുമ്പോഴും_

_ഞാനോരോ_

_വിഷുപ്പുലരികളിലും_ _ഞെട്ടിയുണരും._

_ഗതകാല സ്മരണകളുടെ_ _വാദ്യമേളങ്ങളും വർണ്ണ രാജികളും_ _എന്നെ പൊതിയും._

*_കണികാണും നേരം_*

*_കമലാ നേത്രൻ്റെ... എന്ന ഗാനം_* _അമ്മ_ _ശ്രുതിമധുരമായി_ _പാടുന്ന പോലെ തോന്നും._

*_മുറ്റത്തേക്കിറങ്ങണ്ടാ നിയ്യ്_*

_എന്ന അച്ഛൻ്റെ കരുതലും,_ _മുത്തശ്ശിയുടെ_ *_നാരായണ നാരായണ_* എന്ന _നാമജപവും കേട്ടപോലെ തോന്നും._

_ആ തോന്നലുകൾ എൻ്റെ മനസ്സിൽ_ _വിഷുക്കണിയൊരുക്കും ഞാൻ കണി_ _കാണും_

_കൈനീട്ടം വാങ്ങാൻ_

_കൈ നീട്ടി നിൽക്കും._

_കിട്ടില്ലാ......_ _എന്നറിഞ്ഞിട്ടും..._

_ഞാൻ കൈകൾ നീട്ടി നീട്ടി നിൽക്കും..._


*രവി വാരിയത്ത്.*

_എല്ലാവർക്കും_ _എൻ്റെ_

_വിഷു_

_ആശംസകൾ._



11 views0 comments

Comments


bottom of page