top of page
Writer's picturewarriers.org

"Vishu pulariyile Vithumbalukal" by Ravi Variyath

*വിഷു പുലരിയിലെ*

*വിതുമ്പലുകൾ.*

പണ്ട് കുട്ടികളൊക്കെ ഉള്ളപ്പോൾ എന്ത് രസമായിരുന്നു വിഷു.

കണി കാണലും, കൈന്നീട്ടം കൊടുക്കലും , പടക്കം പൊട്ടിക്കലുമൊക്കെ ആയി വിഷു വലിയൊരാഘോഷം തന്നെയായിരുന്നു.

ഇപ്പോൾ കുട്ടികളൊക്കെ വളർന്നു വലുതായി അവരൊക്കെ നാട് വിട്ടു.

ബസ്സും തീവണ്ടിയും ചെന്നെത്താത്തത്ര ദൂരങ്ങളിലെവിടേയൊ ചെന്നെത്തി.

അവർ വിളിക്കാതായി

അവരെ വിളിച്ചാൽ കിട്ടാതായി.

ഇവിടെ ഞാനും വേണൂൻ്റെച്ഛനും തനിച്ചായി.

എന്നാലും കണി കാണാതിരിക്കാൻ പറ്റ്വോ.

ഇല്ല... അതുകൊണ്ട്

ഇന്നലെ വൈകുന്നേരം തന്നെ കണി വെക്കാൻ വേണ്ട സാധനങ്ങളൊക്കെ ഞാൻ ഒരുക്കാൻ തുടങ്ങി.

പടിഞ്ഞാറെ വേലിക്കരികിൽ കൊന്ന മരം പൂത്തുനിൽക്കുന്നുണ്ട്.

പൂക്കളൊക്കെ മരത്തിൻ്റെ മുകളിലാണ് .

താഴെ ഉണ്ടായിരുന്നതൊക്കെ അയൽ വക്കത്തെ കുട്ടികൾ പൊട്ടിച്ചു കൊണ്ട് പോയി.

ഒരു കുലയെങ്കിലും കിട്ടോ നോക്കട്ടെ ട്ടൊ എന്നും പറഞ്ഞ് ഞാൻ മുറ്റത്തേക്കിറങ്ങി. വേണ്ട വേണ്ട താൻ ഒറ്റക്ക് പോണ്ട ഞാനും വരാം .

തന്നെ ക്കൊണ്ടത് ഒറ്റക്ക് പൊട്ടിച്ചെടുക്കാൻ പറ്റില്ല .

വേണൂൻ്റച്ഛൻ ഒരു തോട്ടിയുമായി കൂടെ പോന്നു.

ദാ ...... പിന്നേയ്

ശ്രദ്ധിക്കണം ട്ടൊ.

ചെരിപ്പിട്ടോളൂ. കാലിൽ കല്ലും മുള്ളും കുത്തേണ്ട.

ഷുഗർ ഇരുനൂറ്റമ്പത്തിൽ കുറഞ്ഞ ദിവസല്യ. പോരാത്തതിന് രണ്ടു കാലിലും മുളയും.

ഓ..... അതൊന്നും സാരല്യഡൊ.

താൻല്യെ കൂടെ

അദ്ദേഹം ചിരിച്ചു കൊണ്ട് മുന്നിൽ സടന്നു.

വേലിക്കരികിൽ നിറയെ ഇല്ലി മുള്ളുകളാണ്. അപ്പുറത്ത് അല്ലിയാമ്പലുകൾ വിരിഞ്ഞ കുളവും.

അവക്കിടയിലാണ് കൊന്ന മരം.

അതിൻ്റെ താഴെ ഞങ്ങൾ നിന്നു. അദ്ദേഹം കയ്യിൽ കരുതിയ അരിവാൾ തോട്ടി പൂക്കുലകളിൽ കോർത്ത് താഴോട്ട് ഒരു വലി.

കൊന്ന മരത്തിൻ്റെ കൊമ്പുകൾ ഒന്ന് കുലിങ്ങി.

അതിൻ്റെ ഒന്നു രണ്ടു ചില്ലകൾ പൂക്കുലകളോടെ താഴേക്കു വീണു. കൂടെ ഒരു കൊട്ട കൊന്ന പൂകൾ ഞങ്ങളുടെ തലയിലേക്കും.

പടിഞ്ഞാറ് സന്ധ്യ വർണ്ണാഭിഷേകയായി,

അനുരാഗലോലയായി.

ഞങ്ങളും...

എത്രേദ്

ഇത് മുഴുവൻ

കണി വെക്കണോ ?

വേണ്ട കിട്ടാത്തോർക്ക് കൊടുക്കാലൊ.

അരിവാൾ തോട്ടി മാവിൽ ചാരി വെച്ച് വേണൂൻ്റെച്ഛൻ മുന്നിൽ നടന്നു.

ഒരു കെട്ട് പൂക്കളുമായി ഞാൻ പിറകിലും.

അത്താഴം കഴിഞ്ഞ് കിടക്കുന്നതിൻ്റെ മുൻപെ ദേഹശുദ്ധി വരുത്തി ഞങ്ങൾ കണി ഒരുക്കാൻ തുടങ്ങി.

ഓട്ടുറുളിയിൽ അരിയും, സ്വർണ്ണ വർണ്ണത്തിലുള്ള കണി വെള്ളരിക്കയും,

കോടി മുണ്ടും, വെറ്റിലയും, അടക്കയും, പുത്തൻ നോട്ടുകളും , ഗ്രന്ഥ കെട്ടും വെച്ചു.

രണ്ട് കുല കൊന്ന പൂക്കൾ വിലങ്ങനെ വെച്ചു.

പത്തു രൂപയുടെ തുട്ടുകൾ അതിനോട് ചേർത്തുവെച്ചു.

പിന്നെ വാൽക്കണ്ണാടിയും, ഒരു ചെറിയ മുഖക്കണ്ണാടിയും. കൺമഷിയും, ചാന്തും വെച്ചു.

അവക്ക്‌ നടുവിലായി ഓടക്കുഴലൂതൂന്ന കൃഷ്ണനും.

വർഷങ്ങൾക്ക് മുൻപ് കുട്ടികളോടൊത്ത് ഗുരുവായൂരിൽ പോയപ്പോൾ വാങ്ങിയ ആ കൃഷ്ണ

വിഗ്രഹമാണ് എല്ലാ കൊല്ലവും കണി വെക്കാറുള്ളത്.

പത്തിരുപത്തിയഞ്ച് വർഷം കഴിഞ്ഞു അത് വാങ്ങിയിട്ട് എങ്കിലും അതിൻ്റെ മിനുക്കവും തിളക്കവും അന്നും ഇന്നും ഒരേ പോലെയാണ്.

മഞ്ഞപ്പട്ടണിഞ്ഞ് മാലകളും മോതിരങ്ങളുമിട്ട്, മൗലിയിൽ മയിൽ പീലി ചൂടി നിൽക്കുന്ന കൃഷ്ണൻ.

എന്തൊരു ഭംഗി.

കണിയൊരുക്കൽ തുടർന്നു.

അഞ്ച് തിരിയിട്ട നില വിളക്കും,

എണ്ണയും, ചന്ദന തിരിയുടെ കുടും, തീപ്പെട്ടിയും അടുത്തു വെച്ചു. പഴുത്ത ചക്കയും , ഒരു പടല കദളി പഴവും

പഴു പഴുത്ത ഗോമാങ്ങയും, ഒട്ടുമാങ്ങയും, പുളി മാങ്ങയും

നാളികേരവും ഉറുളിയുടെ ഇരുവശങ്ങളലും വെച്ചു.

കണി തെയ്യാറായി. ഞാൻ എഴുന്നേറ്റ് നിന്ന് അതിൻ്റെ ഭംഗി നോക്കി .

എന്തോ ഒരു കുറവുണ്ടന്ന് എനിക്കപ്പോൾ തോന്നി.

എന്താണ് കുറവ് ഞാൻ അൽപ്പം ആലോചിച്ചു.

എനിക്ക് പിടി കിട്ടി.

കൃഷ്ണന് ഒരു മാല, സ്വർണ്ണമാല അതിൻ്റെ കുറവുണ്ടെന്ന്.

ഞാൻ

കഴുത്തിലിട്ടിരുന്ന ഗുരുവായൂരപ്പൻ്റെ പതക്കം കെട്ടിയ മാലയൂരി കൃഷ്ണൻ്റെ കഴുത്തിലണിയിച്ചു.അപ്പോൾ ആ കുറവ് തീർന്നു.

കഷ്ണൻ ഒന്ന് ചിരിച്ചു.

സർവ്വ ഐശ്വര്യങ്ങളും നിറഞ്ഞ ചിരി.

അപ്പോൾ എല്ലാം കണ്ടു നിന്നിരുന്ന വേണൂൻ്റച്ഛൻ

വലതു കയ്യിലെ രണ്ടു വിരലുകൾ കൊണ്ട്

അസ്സലായി.... ഗംഭീരായി എന്ന മുദ്ര കാണിച്ചു.

പിന്നെ പറഞ്ഞു.

എന്നാ ഇനി കിടക്കാം .

നാളെ നേർത്തെ എഴുന്നേൽക്കണ്ടതല്ലെ.

വേണങ്കിൽ അലാറം വെക്കാം ട്ടൊ .

വേണ്ട .

നാലു മണി ആയാൽ ഞാൻ തന്നെ ഉണരും.

എന്നാ ശരി

ആരാ കണി കാണിക്യാൻ ഇങ്ങോട്ട് കൊണ്ടു വരിക

താൻ എന്നേയൊ

അതോ ഞാൻ തന്നേയൊ....

അദ്ദേഹം നന്നായി ചിരിച്ചു കൊണ്ട് ചോദിച്ചു.

അതെന്താ ഒരു സംശയം.

ഇത്ര കാലം ഞാനല്ലെ കണ്ണു പൊത്തി കൊണ്ടു വന്ന് കണി കാണിച്ചിരുന്നത്.

പിന്നെന്താ ഇപ്പോള്ളൊരു....

അദ്ദേഹം ചിരി നിർത്താതെ എൻ്റെ തോളിലൊന്ന് കൈ വെച്ച് മെല്ലെ പറഞ്ഞു.

താൻ തന്നെയല്ലെ എൻ്റെ എന്നത്തേയും കണി.

ഞാൻ കൃഷ്ണനെ ഒന്ന് ഒളികണ്ണിട്ട് നോക്കി .

കൃഷ്ണൻ അനുരാഗ വിലോചനൻ തന്നെ.

വേണൂൻ്റെ അച്ഛൻ വീണ്ടും ചോദിച്ചു.

എന്നാ കിടക്കല്ലെ

ആ ..ആ... കിടക്കാം അതിൻ്റെ മുൻപെ മരുന്നൊക്കെ കഴിക്കേണ്ടെ.

ഇത് ദിവസോം ഞാൻ കൊണ്ടു വന്ന് തരണോ സ്വന്തായിട്ട് എടുത്ത് കഴിച്ചൂടെ.

ഒരു ദിവസം ഞാനില്ലാതായാൽ പിന്നെ എന്താ ചെയ്യാ.

താനില്ലാതാവെ ...

ഇത് നല്ല തമാശ.

താനില്ലങ്കിൽ പിന്നെ ഞാനുണ്ടൊ.

പുറത്ത് നല്ല ചൂടാണ്. പക്ഷെ എൻ്റെ

നെറ്റിയിൽ വിരിഞ്ഞ പൂവിന് തണുപ്പായിരുന്നു.

മേലാകെ ഒരു കോരിത്തരിപ്പും.

പുറത്ത് പടക്കങ്ങൾ പൊട്ടുന്നത് കേട്ടാണ് ഞാൻ ഉണർന്നത്.

സമയം നാലര കഴിഞ്ഞിരിക്കുന്നു.

അലാറം വെച്ചാ മതിയായിരുന്നു എന്ന് എനിക്കപ്പോൾ തോന്നി.

പാതി മയക്കത്തോടെ എഴുന്നേറ്റു.

മുഖം കഴുകി. കണിയൊരുക്കി.

നിലവിളക്കിൽ അഞ്ചു തിരകൾ കത്തിച്ചു. ചന്ദന തിരികൾ കൊളുത്തി വെച്ചു.

ചുറ്റും സുഗന്ധം പടർന്നു.

സമ്യദ്ധിയുടെ പൊൻ കിരണങ്ങൾ പോലെ വെളിച്ചം ചുറ്റും പരിലസിച്ചു.

ദാ എണീറ്റോളൂ

കണ്ണു തുറക്കണ്ടാട്ടൊ. ഞാൻ അദ്ദേഹത്തിൻ്റെ കണ്ണുകൾ പൊത്തി പിടിച്ചു.

വേണൂൻ്റെച്ഛൻ ഒരു കൊച്ചു കുട്ടിയെ പോലെ എൻ്റെ മുന്നിൽ നടന്നു

ദാ ..... കണ്ടോളൂ ട്ടൊ.

ഞാൻ അദ്ദേഹത്തിൻ്റെ കണ്ണുകളിൽ നിന്ന് കയ്യെടുത്തു.

അദ്ദേഹം പറഞ്ഞു.

ഞാനാദ്യം തൻ്റെ മുഖം കാണട്ടെ.

അതാണ് എൻ്റെ കണി.

തണുപ്പുള്ള പുലരിയിൽ എൻ്റെ നെറ്റിയിൽ വിണ്ടും ഒരു പൂ വിരിഞ്ഞു അത് ചൂടുള്ള

പൂവ്വായിരുന്നു.

കണികാണും നേരം കമലാ നേത്രൻ്റെ

നിറമേറും മഞ്ഞ

തുകിൽ ചാർത്തി....

ഫോൺ പാട്ടു തുടങ്ങി.

അദ്ദേഹം ഫോണെടുത്ത് പറഞ്ഞു

ഓ....... വേണൂ ആണലൊ.

ആ പറയ് എന്താ വിശേഷിച്ച്.

കുറേ ദിവസായീലൊ നിയ്യ് വിളിച്ചിട്ട്.

ശരി ശരി കൊടുക്കാം

ആരാ ഇത്ര രാവിലെ വിഷു ആശംസകൾ പറയാനാണോ....

ഞാൻ ചോദിച്ചു.

അല്ല

വേണൂണ്.

അവന് തന്നോടെന്തൊ പറയാനുണ്ടന്ന്.

ഈശ്വരാ.....

ഞാനിപ്പോൾ കുട്ടികളെ കുറിച്ച് ഓർത്തേള്ളൂ.

ദാ ഫോൺ.

ഞാനത് വാങ്ങി ചെവിയിൽ വെച്ച് ചോദിച്ചു.

എന്താ പറ്റീത്

നിനക്ക്

അസുഖൊന്നും ....

ഏയ് ഒന്നൂല്യ.

പിന്നെ

അമ്മോട് വേറൊരു കാര്യം പറയാനാ വിളിച്ചത്.

അതെന്താ വേണു വേറൊരു കാര്യം.

അമ്മ ഈ മാസാവസാനം ഇങ്ങോട്ട് വരണം.

ഞാനോ എന്തിന്.

അത് ......അടുത്ത മാസം രാധടെ പ്രസവാണ്.

ഇവിടെ ആരേയും കിട്ടില്ല. കിട്ടിയാൽ തന്നെ ഒരു പാട്

ചിലവാ.

അതോണ്ട് അമ്മ ഒരു മുന്നു മാസം ഇവിടെ വന്ന് നിൽക്കണം.

അയ്യോ ... അപ്പൊ അച്ഛനോ വേണൂ.

ഒന്നോ രണ്ടോ മാസം മതീലൊ അമ്മെ...

അവളുടെ പ്രസവം കഴിഞ്ഞ് ഒന്ന് സെറ്റായാൽ അമ്മക്ക് നാട്ടിലേക്കു തന്നെ പോകാലൊ.

അച്ഛന് ഇവിടുത്തെ കാലാവസ്ഥ ചേരില്ല.

അതോണ്ടാ പറയണത്.

അച്ഛൻ കുറച്ച് ദിവസം അവിടെ തനിച്ചിരിക്കട്ടെ.

അച്ഛനെ

ഒറ്റയ്ക്കാക്വേ

എൻ്റെ മോനെ അത് പറ്റില്ല.

ഞാൻ അച്ഛനെ വിട്ട് ഒരു സ്ഥലത്തേക്കും വരില്ല.

നിയ്യ് അവളെ ഇവിടെ കൊണ്ടുവന്നാക്ക്.

പ്രസവമൊക്കെ

ഞാൻ നോക്കിക്കോളാം.

അല്ലാതെ ഈ പരിപാടി നടക്കില്ല. അച്ഛന് ചേരാത്ത കാലവസ്ഥ എനിക്കും ചേരില്ല.

അമ്മന്താ ഇങ്ങിനെയൊക്കെ പറയണത്.

പിന്നെ ഞാനെന്താ വേണൂ നിന്നോട് പറയേണ്ടത്.

നിൻ്റെ ഭാര്യ ഗർഭിണി ആയ കാര്യം പോലും ഞാനിപ്പോഴാ അറിയണത്.

അത് ഞങ്ങളോട് പറയാൻ പോലും നിനക്ക്‌ തോന്നില്ല.

എന്നിട്ടിപ്പോൾ

അച്ഛനെ വിട്ടിട്ട് നിൻ്റെ ഭാര്യയുടെ പ്രസവം നോക്കാൻ ഞാൻ വരണന്നോ

അത് പറ്റില്ല.

ഞാൻ വരില്ല.

നിയ്യ് വേറെ എന്തെങ്കിലും ഒരു വഴി ആലോചിക്ക്.

അവൻ സംസാരം നിർത്തി. ഫോൺ നിശ്ശബ്ദമായി.

ഞാൻ ഫോൺ മേശ പുറത്ത് വെച്ചു.

എന്താ പ്രശ്നം....

എന്ത് പ്രശ്നം

അവൻ്റെ ഭാര്യയുടെ പ്രസവം.

അതിന് ഞാൻ രണ്ടു മൂന്ന് മാസം അവൻ്റെ കൂടെ ചെന്ന് താമസിക്കണത്രെ.

എന്നാ

പോവാർന്നില്ലെ തനിക്ക് ...

പോണോ

നിങ്ങളെ ഒറ്റക്കാക്കി ഞാൻ പോണൊ.

എന്നാ ഞാനും വരാം തൻ്റെ കൂടെ. നമുക്കൊരുമിച്ച് അവിടേയൊക്കെ ഒന്ന് കറങ്ങാലൊ .

അതിന് മറുപടിയൊന്നും ഞാൻ പറഞ്ഞില്ല.

അധിക ചിലവും,

കാലാവസ്ഥയും, ഒറ്റപ്പെടുത്തലും

ഒന്നും ഞാൻ പറഞ്ഞില്ല.

എന്തിനാ വെറുതെ ആ മനസ്സ് വേദനിപ്പിക്കുന്നത്. പക്ഷെ അതൊക്കെ ഓർത്തപ്പോൾ

എൻ്റെ ഉള്ള് ഒന്ന് പിടഞ്ഞു.

ആ പിടച്ചിൽ ഒരു വിതുമ്പലായി.

ആ വിതുമ്പൽ അദ്ദേഹം അറിയാതിരിക്കാൻ ഞാൻ വേഷ്ടി തലപ്പ് കൊണ്ട് മുഖം മറച്ചു.

സുഖമാണോ അമ്മേ എന്നോരു ചോദ്യം

അതു പോലും ചോദിക്കാതെ .........

കൃഷ്ണൻ്റെ പാദാരവിന്ദങ്ങളിൽ നിന്നും അദ്ദേഹം പത്തു രൂപയുടെ ഒരു തുട്ടെടുത്തു.

വിഷു കൈനീട്ടം.

ഞാൻ രണ്ട് കയ്യും നീട്ടി അത് സ്വീകരിച്ചു.

ഞാനാ കലുകളിൽ തൊട്ട് തലയിൽ വെച്ചു. അപ്പോൾ

ഒന്നു രണ്ടു കണ്ണുനീർ തുള്ളികൾ അടർന്നു വീണു.

അദ്ദേഹത്തിൻ്റെ കാലടികളിലും,

എൻ്റെ

നെറുകയിലും.......

*രവി വാരിയത്ത്.*

👌👍🙏: warriers.org


23 views0 comments

Comments


bottom of page