top of page
Writer's picturewarriers.org

PENNUKANAL -Short story

*പെണ്ണു കാണൽ*

(ചെറുകഥ )

By Ravi Variath


എത്ര നേരായി വണ്ടി കാത്ത് നിൽക്കുണു.

എട്ടു മണിക്ക് വരേണ്ടതാ വണ്ടി ഇപ്പൊ തന്നെ സമയം ഒമ്പത് കഴിഞ്ഞു.

ഇനി എപ്പോഴാണാവൊ അതിൻ്റെ വരവ്

അറിയില്ല.

ഞാൻ റെയിൽവെ സ്റ്റേഷനിലെ സിമൻറ്റ് ബഞ്ചിൽ ഇരുന്നു.

കൂടെ അമ്മാമനും രാഘവേട്ടനും ഉണ്ട്.

അവർക്കത്ര പരിഭ്രമമൊന്നും ഇല്ല.

അവർ രാഷ്ടീയവും മറ്റു നാട്ടുവിശേഷങ്ങളും പങ്കിട്ട് ബഞ്ചിൻ്റെ മറ്റെ അറ്റത്ത് ഇരിക്കുന്നുണ്ട്.

എനിക്കാണെങ്കിൽ വല്ലാത്തൊരു വെപ്രാളം. ദൂരെ വളവു തിരിഞ്ഞ് വരുന്ന വണ്ടിയുടെ മുഖം കാണാത്തതിലെ നിരാശയും .

സ്റ്റേഷനിലാണെങ്കിലൊ എന്താ തിരക്ക്. ഹോളിഡെ ആണൊ വർക്കിങ്ങ് ഡെ ആണൊ എന്ന ഒരു വ്യത്യാസവുമില്ല. അതും വണ്ടികൾ വൈകുക കൂടി ചെയ്താൻ പിന്നെ പറയുകയും വേണ്ട.

കൊച്ചിക്കും കോഴിക്കോട്ടേക്കും കോയമ്പത്തൂർക്കുമൊക്കെ പോകേണ്ടവരുടെ നീണ്ട നിര പുറത്ത് ടിക്കറ്റ് കൗണ്ടർ മുതലെ തുടങ്ങിയിരിക്കുന്നു. അകത്താണെങ്കിൽ കേരളത്തിൻ്റെ പുറത്തു നിന്ന് വരുന്ന എക്സ്പ്രസ്സുകളുടേയും, മെയിലുകളുടേയും ഗമനാഗമനങ്ങളുടെ തിരക്കും .

എല്ലാ വണ്ടികളും നിർത്തുന്ന ജംങ്ഷൻ ആയതുകൊണ്ട് ഇവിടെ എപ്പോഴും ശബ്ദകോലാഹലമായിരിക്കും .

വണ്ടി വൈകുന്തോറും ഞാൻ അമ്മാമൻ്റെ മുഖത്തേക്ക് നോക്കും.

വരും വരും എന്ന് കൈ കൊണ്ടും കണ്ണുകൊണ്ടും ആഗ്യം കാണിക്കയല്ലാതെ അവർ തമ്മിലുള്ള സംസാരത്തിൻ്റെ ചരട് പൊട്ടിക്കാൻ അമ്മാമൻ തയ്യാറായില്ല.

അല്ലെങ്കിലും അവരെന്തിനാ ടെൻഷനാവുന്നത്.

ഈ യാത്രയുടെ ആവശ്യവും അതിൻ്റെ ആകാംക്ഷയും തൃല്ലും ഒക്കെ എൻ്റെ മാത്രമല്ലെ.

അതു കൊണ്ട് എനിക്കു തോന്നുന്ന ഇരിക്കപ്പൊറുതി

ഇല്ലായ്മയൊന്നും അവർക്കുണ്ടാവില്ല.

കാരണം ഈ യാത്ര എൻ്റെ പെണ്ണുകാണൽ എന്ന ചടങ്ങിനായാണല്ലൊ.

അമ്മ കല്യാണക്കാര്യം പറയാൻ തുടങ്ങിയിട്ട് ഒരു കൊല്ലത്തോളമായി.

പല കാരണങ്ങൾ പറഞ്ഞ് ഞാനതൊക്കെ ഒഴിവാക്കുകയായിരുന്നു. പക്ഷെ അമ്മ ബന്ധുക്കളോടൊക്കെ ഇക്കാര്യം പരസ്യപ്പെടുത്തിയപ്പോൾ പല വഴികളിലൂടേയും ആലോചനകൾ വന്നു. പെൺകുട്ടികളുടെ ഫോട്ടോകളും കൂടെ വന്നു

പക്ഷെ അവയിലൊന്നും ഇഷ്ടപ്പെട്ട ഒരു മുഖം കണ്ടെത്താൻ എനിക്കായില്ല.

ഏയ് ഇത് വേണ്ട ...

ഇതെന്താ ഇങ്ങിനെ...

കണ്ടാമതി....

എന്നൊക്കെയുള്ള എൻ്റെ സ്ഥിരം ഡയലോഗുകൾ കേട്ട് മടുത്തിട്ടെന്ന പോലെ,

ഓ.... പിന്നെ

നിനക്കിപ്പോൾ രാജകുമാരി വരും...

മൂത്തു നരച്ച് നിന്നൊ, എൻ്റെ കാലം കഴിഞ്ഞാൽ ഒരു തുള്ളി വെള്ളം തരാൻ നിനക്കാരൂണ്ടാവില്ല...

അതല്ല...നിയ്യിനി ആരേങ്കിലും കണ്ടു വെച്ചിട്ടുണ്ടൊ എന്നാ അത് പറഞ്ഞൊ

എന്നൊക്കെ അമ്മ ഇടക്കിടെ പറയാൻ തുടങ്ങി.

അപ്പോഴാണ് കഴിഞ്ഞാഴ്ച്ച അയാൾ വന്നത്. ബ്രോക്കർ രാഘവേട്ടൻ എന്ന് നാട്ടുകാരൊക്കെ വിളിക്കുന്ന മേരേജ് കൺസൽട്ടൻറ്റ് രാഘവേട്ടൻ. ബ്രോക്കർ എന്ന് വിളി രാഘവേട്ടന് ഇഷ്ടമല്ലാത്തതു കൊണ്ട് ഞാൻ അങ്ങിനെയാണ് അയാളെ പറയാറുള്ളതും വിളിക്കാറുള്ളതും. അദ്ദേഹം ആദ്യമായിട്ടൊന്നും വരുന്നതല്ല വീട്ടിൽ . ഇതിന് മുൻപും വന്നിട്ടുണ്ട് പലതവണ. കുറേ ഫോട്ടോസും ജാതകവുമൊക്കെ കാണിച്ച് തന്ന് ചായയും പലഹാരവും അമ്മയുടെ കയ്യിൽ നിന്നും

വഴിച്ചിലവിനാണെന്ന് പറഞ്ഞ് കുറച്ച് കാശും മേടിച്ചു പോകും.

അതൊരു സ്ഥിരം പരിപാടി ആയപ്പോൾ കഴിഞ്ഞ തവണ അമ്മ പറഞ്ഞു.

പിന്നേയ്..... രാഘവേട്ടാ ഇനി അവൻ്റെ കല്യാണം നടക്കാതെ ഒരു പൈസ ഞാൻ തരില്ലാട്ടൊ. ചായേം പലഹാരവും വേണ്ടോളം കഴിച്ചോളൂ. പക്ഷെ കാശ് ചോദിക്കേണ്ട ഞാൻ തരില്ല.

അത് ശരിക്കും അയാൾക്ക് കൊണ്ടു.

അതുകൊണ്ട് ഇത്തവണ വന്നപ്പോൾ അയാളുടെ ബാഗിൽ നിറച്ചു വെച്ചിരുന്ന ആലോചനകളിൽ നിന്ന് ഒരെണ്ണം തപ്പിയെടുത്ത് അമ്മയ്ക്ക് കൊടുത്തു.

ദാ... ഇത് മകന് കാട്ടിക്കോളിൻ വേണ്ടാന്ന് പറയില്ല. കാണാനും നന്ന് സ്വാഭാവോം നന്ന്....ട്ടോളിൻ.

അങ്ങിനെയാണ് ആ ഫോട്ടോസ് എൻ്റെ കയ്യിൽ വന്നത്. എൻ്റെ കയ്യിലേക്ക് അത് തരുമ്പോൾ അമ്മ ഇത്രയും കൂടി പറഞ്ഞാണ് അകത്തേക്ക് പോയത്.

നല്ല കുട്ട്യേന്നാനിക്ക് തോന്നണ്.

പേര് പർവ്വതീന്നാത്രെ. അതിക്കിഷ്ടായി. മുത്തശ്ശീടെ അതേ പേരു്. പിന്നെ വല്യേ ദൂരത്തൊന്നുല്ലാട്ടൊ അവരുടെ വീട്. പർളീലാന്നാ രാഘവേട്ടൻ പറഞ്ഞത്. ഒറ്റപ്പാലം ലെക്കിടി മങ്കര പർളി . ഷൊർണൂര്ന്ന് തീവണ്ടി കയറിയാൽ ഒരു മൂക്കാമണിക്കൂറ് .അത്രേള്ളൂ ദൂരം.

അമ്മ തന്ന ഫോട്ടോസ് ഞാൻ നന്നായൊന്ന് നോക്കി. അപ്പോൾ എന്തുകൊണ്ടൊ എനിക്കാമുഖം

വല്ലാതെയങ്ങോട്ട് പിടിച്ചു.

ഒറ്റ നോട്ടത്തിൽത്തന്നെ

എൻ്റെ സങ്കൽപ്പത്തിലെ നായിക ഈ കുട്ടി തന്നെയാണന്ന് മനസ്സിലിരുന്ന് ആരോ പറയുന്നതുപോലെ....

ഒരു ഫോട്ടൊ നിൽക്കുന്ന പോസും ഒന്ന് ഒരു കസേരയിലിരിക്കുന്നതും. ഒന്ന് സാരി ചുറ്റിയതും ഒന്ന് ചൂരിദാറിട്ടതും.

ഞാൻ രണ്ടും മാറി മാറി നോക്കി.

ഇതിന് മുൻപ് കണ്ട പെൺകുട്ടികൾക്കൊന്നും ഇല്ലാതിരുന്ന എന്തൊ ഒരു ആകർഷണീയത ഈ ചിത്രത്തിലെ കുട്ടിക്കുണ്ടെന്ന് എനിക്കു തോന്നി.

ലൗവ് അറ്റ് ഫസ്റ്റ് സെയ്റ്റ് എന്നൊക്കെ പറയുന്ന പോലെ ആ കുട്ടിയിൽ ഞാൻ അനുരക്തനായി. ദൈവം ആ കുട്ടിയെ എനിക്കു വേണ്ടി തീർത്തതാണെന്ന് ഞാൻ ഉറപ്പിച്ചു.

അപ്പോൾ ....

എന്താ നിനക്കിഷ്ടായൊ എന്ന അമ്മയുടെ ചോദ്യം ഞാൻ അകത്തു നിന്നും കേട്ടു .

മനസ്സിലുണ്ടായ ഇഷ്ടത്തെ മറച്ചു പിടിച്ച് ഞാൻ പറഞ്ഞു.

ഉം...... തരക്കടില്ലാ... അത്രന്നെ.

എന്നാ അയാളേം കൂട്ടി നിയ്യൊന്ന് പോയി കണ്ടിട്ട് വാ.

ശരി അമ്മക്കത്ര നിർബന്ധാണെങ്കിൽ പോയിട്ടു വരാം.

മസിൽ ലൂസാക്കാതെ ഞാൻ പറഞ്ഞു.

അങ്ങിനെ എനിക്കുവേണ്ടി പോണ്ടാട്ടൊ .

നിനക്ക് വേണങ്കിൽ മതി. അമ്മയും ഒട്ടും വിട്ടു തന്നില്ല.

അപ്പൊഴും ഞാനൊന്നു മൂളി

എന്നാ വരണ ഞായറാഴ്ച്ചേന്നെ പോക്കോളൂ. ശുഭസ്യശീഘ്രം എന്നല്ലെ പറയാറു്. അമ്മ ദിവസവും നിശ്ചയിച്ചു.

അങ്ങിനെയാണ് ഈ പെണ്ണുകാണലിന് ഞങ്ങൾ ഇറങ്ങിയത്‌.

ഇറങ്ങുന്നതിൻ്റെ മുൻപു തന്നെ അമ്മ പണിക്കാരിയോട് പറഞ്ഞ് ഒരു പശുവിനെ വീട്ടുപടിക്കൽ നിർത്തിയിരുന്നു. എല്ലാം മംഗളമാകാൻ നല്ല ശകുനം കണ്ടിറങ്ങാനായിട്ട്.

പക്ഷെ ഇവിടെയെത്തിയപ്പോഴാണ് ആ ശകുനം പിഴച്ചുവൊ എന്നെനിക്ക് സംശയമായത്.

അഞ്ചാറ് പ്ലാറ്റ്ഫോമുകളുള്ള ഈ സ്റ്റേഷനിൽ

എല്ലാറ്റിലും വണ്ടികൾ വരുന്നു പോകുന്നു. പക്ഷെ ഞങ്ങൾക്ക് കയറാനുള്ള വണ്ടി മാത്രം വരുന്നില്ല.

ഇതൊരു സ്ഥിരം അനുഭവമാണ് എൻ്റെ.

ഞാൻ വലത്തോട്ട് പോകാൻ ബസ്സ് കാത്തു നിന്നാൽ വരുന്ന ബസ്സൊക്കെ ഇടത്തോട്ട് പോകും. ഇടത്തോട്ടാണ് പോകേണ്ടതെങ്കിലൊ

നേരെ തിരിച്ചും.

ഞാൻ മെല്ലെ എഴുന്നേറ്റു. അടുത്തു തന്നെയുള്ള പുസ്തക സ്റ്റാളിൻ്റെ മുന്നിലേക്കു ചെന്നു. പത്രങ്ങളും ആനുകാലീക പ്രസിദ്ധീകരണങ്ങളും നിരത്തി വെച്ചിരിക്കുന്നത് നോക്കി നിന്നു. ഒപ്പം അവിടെ തൂക്കിയിട്ടിരുന്ന കണ്ണാടിയിൽ നോക്കി എൻ്റെ ഇല്ലാത്ത ഗറ്റ്പ്പ് ഉണ്ടെന്ന് വരുത്തുകയും ചെയ്തു.

അപ്പോൾ അമ്മാമൻ അടുത്തേക്കു വന്നു കൊണ്ട് പറഞ്ഞു.

ദാ..... ഇപ്പൊ ഒരു വണ്ടി വരുന്നുണ്ട് .

അത് പക്ഷെ പറളി സ്റ്റേഷനിൽ നിൽക്കില്ല.

നേരെ പാലക്കാട്ടെ നിർത്തു.

അവിടെ അടുത്ത് വേറെരു കുട്ടീണ്ടത്രെ രാഘവേട്ടൻ ഇപ്പൊത്തന്നെ ഏർപ്പാടാക്കാം എന്ന് പറയും ചെയ്തു.

പണോം പത്രാസും ഒന്നുമില്ലെങ്കിലും നല്ല തറവാട്ടുകാരാത്രെ .

നമുക്കു് അവിടൊന്ന് പോയി വരാം.

എന്തായാലും പറളീലെ കേസ് ഇന്ന് നടക്കണ ലക്ഷണല്ല്യ.

എന്താ തൻ്റെ അഭിപ്രായം...? അമ്മാമൻ ചോദിച്ചു.

അത് വേണ്ട അമ്മാമാ.

ഇന്ന് പറ്റീല്ലെങ്കിൽ പറളില്

നാളെ പോകാം .

എന്നാലും അതന്നെ മതീന്നാ എൻ്റെ അഭിപ്രായം.

വേണ്ടേങ്കിൽ വേണ്ട. എന്നാലും ഒന്നു പോയി കാണ്ടാന്താ കൊഴപ്പം. അമ്മാമന് ഒരേ നിർബന്ധം.

മനസ്സില്ലാ മനസ്സോടെ ഞാൻ സമ്മതം മൂളിയെങ്കിലും മനസ്സിൽ പാർവ്വതി മാടി വിളിക്കുന്ന പോലെ ഒരു തോന്നൽ.രാഘവേട്ടൻ്റെ കയ്യിൽ നിന്നും ഒന്ന് കൂടി ആ ഫോട്ടോസ് മേടിച്ച് നോക്കാനൊരുമോഹം.

പ്ലാറ്റ്ഫോമിൽ വണ്ടിയെത്തി

അമ്മാമനെ പിണക്കേണ്ടെന്ന് കരുതി ഞാൻ അതിൽ കയറി.

പുറത്ത് തിരക്കായിരുന്നുവെങ്കിലും വണ്ടിക്കകത്ത് ഇരിക്കാൻ സ്ഥലം കിട്ടി.

ഞാൻ ജനലിനോട് ചേർന്ന് പുറത്തേക്ക് നോക്കിയിരുന്നു. ഇത് വേണ്ടായിരുന്നു ഇത് വേണ്ടായിരുന്നു എന്ന താളത്തിൽ വണ്ടി സ്റ്റേഷൻ വിട്ടു. നിളാ നദിയിലെ കുളിർ കാറ്റ് വന്ന് എന്നെ തഴുകാൻ തുടങ്ങിയപ്പോൾ ഞാൻ മയങ്ങി. മയക്കത്തിൽ പാർവണേന്ദുമുഖീ പാർവ്വതീ എന്ന പാട്ടു സീൻ ഞാൻ സ്വപ്നം കണ്ടു.

രാഘവേട്ടൻ ചുമലിൽത്തട്ടി വിളിച്ചപ്പോഴാണ് പിന്നെ ഞാനുണർന്നത്.വണ്ടി പാലക്കാട്ട് സ്റ്റേഷനിൽ എത്തിയിരിക്കുന്നു.

വീണ്ടും യാത്ര ഓട്ടൊറിക്ഷയിൽ .എൻ്റെ

മയക്കം മുഴുവൻ വിട്ടുമാറിയിട്ടില്ല. എങ്കിലും മുഖം കഴുകാനൊ മുടി ചീന്തിവെക്കാനൊ എനിക്ക് തോന്നിയില്ല. ഇത് വെറുമൊരു നാടകം എന്നല്ലാതെ വലിയ പ്രാധാന്യമൊന്നും ഞാനീ ചടങ്ങിന് കൊടുത്തതുമില്ല.

ഇറങ്ങിക്കോളൂ...,

ദാ .... വീടെത്തി

രാഘവേട്ടൻ മുന്നിൽ നടന്നു. ഞങ്ങൾ പിന്നിലും.

അപ്പോഴേക്കും ആരൊക്കെയൊ ഒന്നു രണ്ടു പേർ വീട്ടുമുറ്റത്തേക്ക് ഇറങ്ങി വന്ന് ഞങ്ങളെ അകത്തേക്ക് സ്വീകരിച്ചിരുത്തി.

പിന്നെ പരിചയപ്പെടലും മറ്റും യാഥാവിധി കഴിഞ്ഞപ്പോൾ പെൺകുട്ടിയുടെ വരവായി.

ആദ്യത്തെ പെണ്ണുകാണലാണെങ്കിലും എനിക്കൊട്ടും പരിഭ്രമം തോന്നിയില്ല. ഒരു പിരിമുറുക്കവും ഉണ്ടായില്ല.

കാരണം ഇത് വെറുതെയൊരു നേരമ്പോക്ക്. അത്രയെ ഞാൻ കരുതിയുള്ളു.

ഇതാ.... ഇതാണ് കുട്ടി

താൻ നന്നായി നോക്കിക്കണ്ടോളൂ.

അമ്മാവൻ എന്നെ ഒന്ന് തോണ്ടി പറഞ്ഞു. അപ്പോൾ

ടി പോയിൽ കുനിഞ്ഞു നിന്ന് ചായ ഗ്ലാസ് വെക്കുന്ന പെൺകുട്ടിയെ ഞാൻ കണ്ടു. ആ മുഖം ഒന്നേ നോക്കിയുള്ളു... എൻ്റെ ഉള്ളിൽ പെട്ടെന്നൊരു കുളത്തിപിടുത്തം വന്നു. മനസ്സിൽ ഒരാളലും.

എൻ്റെ ഹൃദയമിടിപ്പ് കൂടി...

തികച്ചും എന്നെ അതിശയിപ്പിച്ച ആ കാഴ്ച്ചയിൽ ഞാൻ അറിയാതെ ചോദിച്ചു പോയി

പാർവ്വതിയല്ലെ.... എന്ന് .

ആ പാർവ്വത്യന്നെ.

നിങ്ങള് സംസാരിച്ചോളൂ

ഞങ്ങൾ ഇത്തിരി കാറ്റു കൊണ്ട് ഉമ്മറത്തിരിക്കാം.

ചുറ്റുമുണ്ടായവർ പുറത്തേക്കിറങ്ങി.

ഞങ്ങൾ അവിടെ ഒറ്റയ്ക്കായി.

പക്ഷെ എന്തെങ്കിലും ചോദിക്കാനുള്ള മാനസീകാവസ്ഥയിലായിരുന്നില്ല ഞാൻ.

പറളിയിലെ പാർവ്വതിയെന്ന പെൻകുട്ടി, ഒരാഴ്ചയായി എൻ്റെ മനസ്സിലെ ചക്കരപ്പന്തലിൽ നൃത്തം വെക്കുന്ന പെൺകുട്ടി ഇപ്പോളിതാ ഇവിടെ എൻ്റെ മുന്നിൽ നിൽക്കുന്നു. ഞാൻ വല്ലാത്തൊരു കൺഫ്യൂഷനിലായി.

എന്താ ചോദിക്കാ.... എന്താ പറയാ...... എന്നറിയാത്ത അവസ്ഥ. ശബ്ദം കഴുത്തിലെവിടേയൊ തടഞ്ഞു നിൽക്കുന്ന പോലെ.

ഇതൊരു സ്വപ്നമാണൊ എന്നറിയാൻ ഞാൻ വിരലുകൾ വെറുതെ പൊട്ടിച്ചു നോക്കി.

സ്വപ്നമല്ലെന്ന് മനസ്സിലായപ്പോൾ ഞാൻ ഇല്ലാത്ത ധൈര്യമുണ്ടാക്കി ചോദിച്ചു.

പാർവ്വതി എന്താ ഇവിടെ എന്ന്.

അതെന്താ അങ്ങിനെ ചോദിച്ചത്...ഇതെൻ്റെ വീടല്ലേ...

ആ കുട്ടി ഇത്തിരി അത്ഭുതത്തോടെ ചോദിച്ചു.

എന്തായാലും പിന്നീട് ഞാനതിന് വിശദീകരണങ്ങളൊന്നും കൊടുക്കാതെ മറ്റു സംസാരങ്ങളിലേക്ക് കടന്നു.

പരസ്പരം ഇഷ്ടമായെന്ന അറിവുമായി അവൾ അകത്തേക്കും ഞാൻ പുറത്തേക്കും പോയി.

അവിടെ കാത്ത് നിന്നിരുന്ന അമ്മാമനോടും രാഘവേട്ടനോടും എൻ്റെ ഇഷ്ടം അറിയിച്ചു.

അന്തംവിട്ട പോലെ നോക്കി നിന്ന അമ്മാമനോട് ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

ദിവസം ഉറപ്പിച്ചോളൂ....

എല്ലാം കഴിഞ്ഞ് പുതിയൊരു ബന്ധത്തിന് തുടക്കം കുറിച്ച് ഞങ്ങൾ പടിയിറങ്ങുമ്പോൾ ഞാൻ മറ്റാരും കാണാതെ ഒന്ന് തിരിഞ്ഞു നോക്കി.

മുകളിൽ പാതി തുറന്നിട്ട ജനാലക്കപ്പുറം നോക്കി നിൽക്കുന്ന പാർവ്വതിയെ ഞാൻ കണ്ടു.

അപ്പോഴേക്കും എൻ്റെ ടെൻഷനാക്കെ പോയിരുന്നു. ഞാൻ വളരെ ഫ്രി ആയിരുന്നു.

അന്ധവിശ്വാസം ആണെങ്കിലും അല്ലെങ്കിലും അമ്മ എനിക്കു വേണ്ടി ഒരുക്കി തന്ന ആ ശകുനത്തിനും വരാൻ വൈകിയ ആ വണ്ടിക്കും ഞാനെൻ്റെ മനസ്സിൽ നന്ദി പറഞ്ഞു.

ഞങ്ങൾ ഓട്ടോറിക്ഷയിൽ കയറി . സ്റ്റേഷനിലേക്കുള്ള യാത്രക്കിടയിൽ ഞാൻ രാഘവേട്ടനോട് ചോദിച്ചു.

ഇപ്പൊൾ കണ്ട കുട്ടിയുടെ ഫോട്ടൊസില്ലെ ബാഗിൽ അതൊന്നു കൂടി കാണിച്ചു തരാമൊ എന്ന്.

അദ്ദേഹം ബാഗ് തപ്പി ഒരു കവർ എടുത്ത് എനിക്ക് തന്നു.

ഞാനത് തുറന്നു നോക്കി

അത് വേറെ ഏതൊ ഒരു പെൺ കുട്ടിയുടെ ഫോട്ടൊ ആയിരുന്നു. അതായിരിക്കും പർളിക്കാരി എന്ന് എനിക്ക് ഉറപ്പായി.

എനിക്കപ്പോൾ ഒന്നുറക്കെ ചിരിക്കാൻ തോന്നി.

പക്ഷെ അവർ എന്ത് വിചാരിക്കും എന്നോർത്ത് ഞാൻ ചിരിച്ചില്ല.

റിക്ഷ റെയിൽവെ സ്റ്റേഷനിലെത്തി ഞങ്ങൾ ഇറങ്ങി.

രാഘവേട്ടൻ അപ്പോഴും ഫോട്ടൊസ് മാറിയ കാര്യം അറിഞ്ഞിരുന്നില്ല. നന്നായി.

അതെൻ്റെ ഭാഗ്യം എന്നോർത്ത് ഞാൻ രാഘവേട്ടനെ ചേർന്ന് അകത്തേക്ക് നടക്കാൻ തുടങ്ങി........


രവി വാരിയത്ത്.

12 views0 comments

Comments


bottom of page