top of page
Writer's picturewarriers.org

'Oru Thuna , Oru thanal' Short story by Ravi Variyath

*ഒരു തുണ*

*ഒരു തണൽ*

എന്തായാലും നന്നായി തൊഴാൻ പറ്റി.

ഭാഗ്യം,

അല്ലെങ്കിൽ മുന്നോ നാലോ മണിക്കൂർ വരിയിൽ നിന്ന് മനസ്സിലെ ഭക്തിയൊക്കെ പോയി മറ്റനേകം ചിന്തകളോടെയാണ് നാലമ്പലത്തിൻ്റെ ഉള്ളിലെത്താറുള്ളത്. പിന്നെ കൃഷ്ണാ ഗുരുവായൂരപ്പാ എന്ന മന്ത്രം ജപിച്ച് തിക്കിതിരക്കിനിടയിൽ തട്ടിയും മുട്ടിയും നടയിലെത്തി ഒന്നു കൈ കൂപ്പുമ്പോഴേക്കും

"നടക്കു,നടക്കു,

തൊഴുതു കഴിഞ്ഞോര് അവിടെ നിൽക്കരുത്

പെട്ടന്ന് തൊഴണം

നടയടക്കാറായി"

മുതലായ കൽപ്പനകളോടെ ഭക്തരെ അവർ തള്ളിമാറ്റുമ്പോൾ ഇത്ര നേരം നിന്നത് ഇതിനായിരുന്നൊ കൃഷ്ണാ എന്ന് ചോദിക്കാൻ തോന്നും.

ഇന്ന് തെക്കു പടിഞ്ഞാറ് ഭാഗത്തെ മുതിർന്ന പൗരന്മാർക്കുള്ള വരിയിലൂടെ വേഗം ഉള്ളിലെത്താനായതു കൊണ്ട് മനസ്സിൽ മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല.

ദ്വാരപാലകരുടെ കൽപ്പനകൾക്കൊന്നും ഒരു കുറവുമുണ്ടായിരുന്നില്ല എങ്കിലും

നന്നായി തൊഴാൻ പറ്റി.

ആ ചാരിതാർത്ഥ്യത്തിൽ അനന്തശയനം തൊഴുത് ശ്രീകോവിലിൻ്റെ പിന്നിൽ സാഷ്ഠാംഗം നമസ്കരിച്ച് വടക്കെ വാതിലിലൂടെ പുറത്തു കടന്ന് ഒരു നുള്ള് ചന്ദനം നെറ്റിയിൽ തൊട്ട് ദേവിയെ തൊഴുത് കിഴക്ക് പടിഞ്ഞാറോട്ട് നോക്കി മമ്മിയൂരപ്പനെ മനസ്സിൽ സങ്കൽപ്പിച്ച് വീണ്ടും

തൊഴുത് ഞാൻ പുറത്തേക്കിറങ്ങി.

ചുമലിൽ തൂക്കിയിട്ടിരുന്ന കുപ്പായം ധരിച്ച് ഞാൻ ബസ്സ് സ്റ്റാൻറ്റിലേക്ക് നടന്നു.

എന്താ ചൂട്.

കുംഭമാസത്തിലെ സൂര്യൻ അഗ്നിയാണ് വർഷിക്കുന്നത്.

വല്ലാത്ത ദാഹം

തൊണ്ട വരളുന്ന പോലെ.

ഞാൻ തണുത്ത സോഡ ഒഴിച്ച ഒരു നന്നാരി സർബ്ബത്ത് കുടിച്ചു . നല്ല സ്വാദ്.

ചൂടിൽ നിന്ന് ഒരൽപ്പം ആശ്വാസം കിട്ടി.

തലങ്ങും വിലങ്ങും നിർത്തിയിട്ടിരുന്ന ബസ്സുകളിൽ എനിക്ക് പോകേണ്ട സ്ഥലത്തേക്കുള്ള ബസ്സ് കണ്ടു പിടിക്കാൻ അൽപ്പം ബുദ്ധിമുട്ടിയെങ്കിലും ഞാൻ കണ്ടെത്തുക

തന്നെ ചെയ്തു.

മുണ്ട് മടക്കി കുത്തി പിൻവാതിലിലൂടെ ഞാൻ ബസ്സിൽ കയറി.

ഒന്നോ രണ്ടോ സീറ്റേ ബാക്കിയുണ്ടായിരുന്നുള്ളു. ഞാനതിൽ ചെന്നിരുന്നു.

ഷർട്ടിൻ്റെ മുകൾ ഭാഗത്തെ ഒന്നു രണ്ട് ബട്ടൻസ് അഴിച്ച് മാറിൽ കാറ്റുകൊള്ളിച്ചു. അപ്പോഴാണ് അടുത്തിരിക്കുന്ന ആളെ ഞാൻ ശ്രദ്ധിച്ചത്.

അത് പ്രഭാകരൻ മാഷായിരുന്നു.

എട്ടു മുതൽ പത്തു വരെ എന്നെ മലയാളം പഠിപ്പിച്ചിട്ടുണ്ട്. മാഷ്ക്ക്

എന്നെ വലിയ ഇഷ്ടമായിരുന്നു. മകനോടുള്ള പോലെ ഒരു സ്നേഹവും.

എന്തോ അഗാധമായ ചിന്തയിൽ പുറത്തേക്കു നോക്കിയിരിക്കുന്ന മാഷിൻ്റെ കയ്യിൽ ഞാൻ മെല്ലെയെന്ന് തൊട്ട് ചോദിച്ചു.

മാഷെ....

എന്നെ അറിയൊ.

അദ്ദേഹം ചിന്താമഗ്നനായി കൊണ്ടു തന്നെ എന്നെ ഒന്ന് നോക്കി

നെറ്റി ചുളിച്ച്

കണ്ണാട കണ്ണോടടുപ്പിച്ച ശേഷം പറഞ്ഞു.

ഇല്ല...

മനസ്സിലായില്ല ക്ഷമിക്കണം ട്ടൊ.

അതിനെന്താ മാഷെ എന്നെ

പണ്ടു കണ്ടവർക്ക് ഇപ്പോൾ കണ്ടാൽ മനസ്സിലാവില്ല.

താടീം മുടീം നീട്ടി വളർത്തിയപ്പോൾ ഒട്ടും അറിയാതായി.

അതോണ്ട് അറിയാതിരുന്നത് മാഷിൻ്റെ കുറ്റം കൊണ്ടല്ല.

എനിക്ക് വന്ന മാറ്റങ്ങളാ കാരണം.

ഞാൻ രഘു

വടക്കെപ്പാട്ടെ......

ഓ മനസ്സിലായി

മനസ്സിലായി.

കുറേ കാലായീലൊ കണ്ടിട്ട്.

താൻ വിദേശത്തെവിടേയൊ അല്ലെ .

എന്നാ വന്നത്.

അല്ല മാഷെ

ഞാനവിടെ നിന്നൊക്കെ പോന്നു .

ഇപ്പോൾ മങ്കരേലാ.

മാഷക്ക് സുഖാണല്ലൊ.

എന്തൊക്കെയാണ് വർത്തമാനങ്ങൾ .

റിട്ടയർമെൻറ്റ് കഴിഞ്ഞ് നാട്ടിൽ സ്വസ്ഥം അല്ലെ.

മാഷ് ഒന്ന് ചിരിച്ചു

അതേ അതെ സ്വസ്ഥം

പക്ഷെ സ്വസ്ഥത ഇത്തിരി കൂടിയൊ എന്നൊരു സംശയം.

അതെന്താ മാഷേ, മക്കളൊക്കെ കൂടേല്ല്യെ?

ഉണ്ണികൃഷ്ണനും, രമയും

ഉണ്ണിയും ഞാനും ഒരേ ക്ലാസിലായിരുന്നു.

മാഷക്ക് ഓർമ്മല്ല്യെ?

അവരും അവരുടെ കുട്ടികളുമൊക്കെ കുടെയുള്ളപ്പോൾ സന്തോഷിക്കല്ലെ വേണ്ടത്.

അതെയതെ, നല്ല സന്തോഷം ആവുമായിരുന്നു.അവർ ഉണ്ടായിരുന്നു എങ്കിൽ .

അതെന്താ മാഷെ അവരാരും ഇവിടെ ഇല്ലേ.

ഇല്ല.

അവരൊന്നും ഇവിടേയല്ല.

എല്ലാവരും അന്യദേശങ്ങളിലാ.

എപ്പോഴെങ്കിലും വന്നാലായി .

ഞാനൊറ്റക്കാ വീട്ടില്.

കുട്ട്യോളുടെ അമ്മയെ കുറച്ചു കാലം മക്കള് കൊണ്ടുപോയിരുന്നു അവരുടെ പ്രസവക്കാലത്ത്.

പിന്നെ ആ കുട്ടികളെ ബേബി സിറ്റിങ്ങിൽ ഇരുത്താൻ തുടങ്ങിയപ്പോൾ അമ്മയെ ഇവിടെത്തന്നെ കൊണ്ടു വന്നാക്കി.

ഇപ്പൊൾ ഇല്ല. അഞ്ചാറു കൊല്ലായി എന്നെ ഒറ്റക്കാക്കി അവള് പോയി.

അയ്യോ മാഷെ ഞാനറിഞ്ഞില്ലാ ട്ടൊ.

എന്നിട്ടിപ്പോൾ

മാഷ് ഒറ്റക്ക് ഭക്ഷണമൊക്കെ?? .....

എനിക്കിത്തിരി കഞ്ഞിയെ വേണ്ടൂ. അത് ഞാനുണ്ടാക്കും

ഒരു നുള്ള് ഉപ്പിട്ട് ഒരു പച്ചമുളക് ഉടച്ചിട്ടാൽ ഭക്ഷണം

സുഭിക്ഷായി.

പണ്ട് കുറേ ഉണ്ടതല്ലെ

ഇനി ഇതൊക്കെ മതി.

എന്നാലും ഞാനൊരു അനാഥനായ പോലെ ഒരു തോന്നൽ . അതെന്നെ വല്ലാതെ വേട്ടയാടുന്നു.

തന്നെ നടക്കാൻ പ്രയാസണ്ട്.

എല്ല് തേയ്മാനം.

എണ്ണകളും കുഴമ്പുകളും പുരട്ടി പുരട്ടി എനിക്കു തന്നെ അതിൻ്റെയൊക്കെ ഗന്ധമായി,

കാശില്ലെ .... ഉണ്ട്.

വീടില്ലെ .... ഉണ്ട്.

കാണുന്നവർക്കും കേൾക്കുന്നവർക്കും തോന്നും ഈ വയസ്സ് കാലത്ത് ഇനി മാഷക്കെന്താ വേണ്ടത് എന്ന്.

ഒറ്റപ്പെടുമ്പോഴെ രഘൂ അതിൻ്റെ വിഷമം അറിയൂ.

ഒന്ന് മിണ്ടി പറയാൻ ആളില്ലാതെ , കൊച്ചു

കൊച്ചു സൗന്ദര്യ

പിണക്കങ്ങളില്ലാതെ,

ഒരാൾ ഒരാൾക്ക് തുണയാവാനില്ലാതെ എന്ത് ജീവിതം.

താമസിക്കാൻ വലിയ വീടും, കുറേയേറെ കാശും മതിയൊ മനുഷ്യന്.

വീടായാൽ അതിൽ ആരെങ്കിലുമൊക്കെ വേണ്ടെ.കളിയും ചിരിയും കരച്ചിലുമെക്കെ വേണ്ടെ. അടിച്ചു വാരി തുടക്കേണ്ടെ,

അടുപ്പ് കത്തണ്ടെ വിളക്ക് കൊളുത്തേണ്ടെ?.

ഇതിപ്പോൾ ഒന്നൂല്യ.

പിന്നെ കാശ് കൊടുത്താൽ എല്ലാമൊന്നും കിട്ടില്ല. ഒരു നുള്ള് സനേഹം ആത്മാർത്ഥമായ സ്നേഹം എത്ര കാശു കൊടുത്താലാ കിട്ടാ?

കിട്ടില്ലാ രഘൂ

എൻ്റെ

ഏകാന്തമായ ദിന രാത്രങ്ങൾക്ക് പകലെന്നൊ രാത്രിയെന്നൊ വ്യത്യാസമില്ല.

കാലം കടന്നു പോകുമ്പോൾ ഓർമ്മകളിൽ കൊഴിഞ്ഞു വീണ വസന്തങ്ങൾ കണ്ണുനീർ പൊഴിക്കുന്നു.

ഇണ ചേരലല്ല ജീവിതം

ഇരു ഹൃദയങ്ങളുടെ കൂടിചേരലാണന്ന് തോന്നുന്നു.

മാഷ് ഒന്ന് നെടുവീർപ്പിട്ടു.

ബസ്സ് യാത്ര തുടങ്ങി.

ചെറിയൊരു കാറ്റ് വന്നു.

ചൂടൊന്ന് കുറഞ്ഞു.

എനിക്ക് മാഷിനെ ഒന്ന് ആശ്വസിപ്പിക്കാൻ തോന്നി.

പക്ഷെ എന്താണ് പറയേണ്ടത് എന്നറിയാതെ ചെറിയൊരു മൗനത്തിന് ശേഷം ഞാൻ ചോദിച്ചു.

കുട്ട്യോളൊക്കെ ഇങ്ങിനെയായാൽ നമ്മളൊക്കെ എന്ത് ചെയ്യും അല്ലെ മാഷെ?

അവർക്ക് സ്നേഹല്ല്യായ യൊന്നും ഇല്ലാട്ടൊ.

അവർക്ക് അവരുടെ ജീവിതം നോക്കണ്ടെ .

അതോണ്ട് ഞാനൊന്നും ചോദിക്കാറില്ല. എനിക്ക് പരിഭവങ്ങളും പരാതികളുമില്ല.

അച്ഛൻ ഒറ്റക്ക് താമസിക്കേണ്ട. എല്ലാ സൗകര്യങ്ങളുമുള്ള വൃദ്ധാശ്രമങ്ങളിൽ കൊണ്ടു പോയാക്കാം എന്നൊക്കെ അവർ പറയാറുണ്ട്.

പക്ഷെ രഘൂ വൃദ്ധാശ്രമം എന്നാൽ അനാഥാലയം തന്നെയല്ലെ

അപ്പോൾ ഞാൻ അനാഥൻ ആയി.

ശരിയല്ലെ രഘൂ

മാഷെ ...എന്നൊന്ന് വിളിക്കാനല്ലാതെ മറ്റൊന്നും ചോദിക്കാനും, പറയാനും എനിക്കായില്ല.

വീണ്ടും ചിന്തകളെ മാറോട് ചേർത്ത്

മാഷ് സീറ്റിൽ ചാരി മയങ്ങാൻ തുടങ്ങി.

"ടിക്കറ്റ്

ടിക്കറ്റ്"

കണ്ടക്ടർ എത്തി

ഞാൻ പറഞ്ഞു രണ്ടൊറ്റപ്പാലം.

രണ്ടല്ലാ ട്ടൊ മൂന്ന്

മയക്കത്തിൽ നിന്നും ഞെട്ടി ഉണർന്ന മാഷ് പറഞ്ഞു.

കാശ് ഞാൻ കൊടുത്തോളാം എന്നും.

മാഷ് പോക്കറ്റിൽ നിന്നും ഇരുനൂറിൻ്റെ ഒരു നോട്ടെടുത്ത് നീട്ടി പിടിച്ചു.

ഞാൻ അത് സമ്മതിച്ചില്ലെങ്കിലും കണ്ടക്ടർ അത് വാങ്ങി മൂന്ന് ടിക്കറ്റ് മാഷുടെ കയ്യിൽ കൊടുത്തു.

ഞാനപ്പോൾ പറഞ്ഞു.

വേണ്ടായിരുന്നു

മാഷെ.

ഞാൻ കൊടുക്കുമായിരുന്നില്ലെ കാശ്

മാഷ് ഒന്ന് ചിരിച്ചു.

ഓ.... അതിനെന്താ രഘൂ ....കുറേ കാലത്തിന് ശേഷല്ലെ തന്നെ ഞാൻ കാണന്നത്.

അതിൻ്റെ സന്തോഷാ എനിക്ക് എന്ന് കൂട്ട്യാ മതി.

അപ്പോൾ ഞാൻ ചോദിച്ചു.

ആരാ മാഷെ മൂന്നാമത്തെ ആൾ?

ഓ...അത് ഞാൻ പറയാം ഇപ്പോൾ ഞാനൊന്ന് മയങ്ങട്ടെ.

മാഷ് വീണ്ടും മയക്കത്തിലേക്ക് പോയി.

ഞാനദ്ദേഹത്തെ ക്കുറിച്ച് ഓർക്കാൻ തുടങ്ങി.

ദേശീയ തലത്തിൽ നല്ല അദ്ധ്യാപകനുള്ള പുരസ്കാരം ലഭിച്ച ആളാ. കുട്ടികളോട് ഇത്ര വാത്സല്യത്തോട് ഇടപെടുന്ന മറ്റൊരു അദ്ധ്യാപകനെ കാണാൻ കിട്ടില്ല.

സ്നേഹം കൊടുത്ത് അതിലിരട്ടി തിരിച്ചു വാങ്ങാൻ കഴിവുള്ള ആളായിരുന്നു മാഷ്.

വടി കൈകൊണ്ട് തൊട്ടു പോലും നോക്കാത്ത സ്ക്കൂളിലെ ഒരേ ഒരു അദ്ധ്യാപകൻ.

അങ്ങിനെ

ഒന്നിന് പുറകെ ഒന്നായി സ്കൂൾ കാലം ഓർത്തുകൊണ്ടിരുന്നപ്പോൾ മാഷ് എൻ്റെ ചുമലിലേക്ക് ചാഞ്ഞ് ഉറങ്ങാൻ തുടങ്ങി.

ഞാൻ ഓർമ്മകളിലേക്ക് വീണ്ടും തിരിച്ചു പോയതോടൊപ്പം

കൂറ്റനാടും,

പട്ടാമ്പിയും, വാണിയങ്കുളവും കഴിഞ്ഞ് ബസ്സ് ഒറ്റപ്പാലത്തെത്തി.

ഞാൻ മാഷെ പതുക്കെ തൊട്ടുണർത്തി പറഞ്ഞു.

ഒറ്റപ്പാലായി മാഷെ ഇറങ്ങാം എന്ന്.

ഇത്ര പെട്ടന്നൊ എന്നൊരു ചോദ്യത്തോടെ മാഷ് പതുക്കെ എഴുന്നേറ്റു.

ഞാനും എഴുന്നേറ്റു.

മാഷ്

സീറ്റിന് മുകളിൽ വെച്ചിരുന്ന ബാഗെടുത്തു.

രണ്ടു ദിവസത്തെ വസ്ത്രങ്ങളാട്ടൊ രഘൂ .

ഞങ്ങൾ മുൻവാതിലിലുടെ പുറത്തിറങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു.

ഞാനിന്ന് സുഖമായി ഉറങ്ങിട്ടൊ

ശാന്തമായി ഉറങ്ങി.

പിന്നെ താഴെ ഇറങ്ങി നിന്നുകൊണ്ട് മാഷ് അകത്തേക്ക് ചുണ്ടി കാണിച്ചു കൊണ്ട് വീണ്ടും പറഞ്ഞു.

രഘൂ

അതാ ആ സൈഡ് സിറ്റിലിരിക്കുന്ന സ്ത്രീയെ കൂടി വിളിച്ചേക്കു.

ഞാൻ ഒരൽപ്പം പരിഭ്രമത്തോടെ മാഷെ ഒന്ന് നോക്കി.

മാഷ് പറഞ്ഞു.

വിളിച്ചോളൂ പേടിക്കേണ്ട വിളിച്ചോളൂ.

അതാണ് താൻ ചോദിച്ച മൂന്നാമത്തെ ആൾ.

അത്ര പുതിയതല്ലാത്ത വസ്ത്രങ്ങൾ ധരിച്ച് കാറ്റിൽ പറക്കുന്ന മുടി ഒതുക്കി പുറത്തേക്ക് കണ്ണും നട്ടിരിക്കുന്ന അവരെ ഞാൻ പതുക്കെ ചെന്ന് വിളിച്ചു.

ദാ മാഷ് വിളിക്കുന്നു.

അവർ

നിർവികാരയായി കയ്യിലെ തുണി സഞ്ചിയുമായി താഴെയിറങ്ങി.

ഉരുണ്ടു പോയ കാല ചക്രങ്ങളുടെ ചാലുകൾ ആ മുഖത്ത് ഞാൻ കണ്ടു.

പ്രത്യാശയുടെ രണ്ട് തിരിനാളങ്ങളും.

ഞാൻ മാഷെ ഇത്തിരി മാറ്റി നിർത്തി ചോദിച്ചു.

മാഷെ ആരാ അവർ.

അദ്ദേഹം പറഞ്ഞു.

അനാഥ

അമ്പലത്തിൽ വെച്ച് പരിചയപ്പെട്ടതാണ്.

മക്കൾ നട തള്ളിയതാ.

എല്ലാം പറഞ്ഞു. എല്ലാം അറിഞ്ഞു.

ഞാൻ വിളിച്ചു

കൂടെ പോന്നു. അനാഥക്ക് അനാഥൻ കൂട്ട്.

മാഷ് ഒന്ന് നന്നായി ചിരിച്ചു.

ഞാൻ അത്ഭുതപ്പെട്ടു. എനിക്ക് അത് വിശ്വസിക്കാനായില്ല .അപ്പോൾ

മാഷ് പറഞ്ഞു.

ഒരു തുണ

ഒരു തണൽ

അത്രേള്ളൂ ...

അത്രേള്ളൂ ട്ടൊ.

അത് നന്നായി മാഷെ

വളരെ നന്നായി.

ഇനി മാഷ്

ആ ബാഗും സഞ്ചീം എൻ്റെ കയ്യിൽ തന്നിട്ട് അമ്മേം കൂട്ടി മുന്നിൽ നടന്നോളൂ, ധൈര്യമായി നടന്നോളൂ.

ഒരു ഊന്നുവടി പോലെ

ഞാനുണ്ട് കൂടെ .

അവർ മുന്നിൽ നടന്നു.

മനുഷ്യ ജന്മങ്ങളുടെ നിഗൂഡതകളാലോചിച്ച്‌,

കാലത്തിൻ്റെ വികൃതികൾ ആലോചിച്ച് ഞാനും നടന്നു.

ബാഗ് ചുമലിലും, സഞ്ചി കയ്യിലും തൂക്കി അവർക്ക് പിന്നിലായി

ഞാനും നടന്നു.

*രവി വാരിയത്ത്.*

👌👌: warriers.org

19 views0 comments

Comments


bottom of page