top of page
Writer's picturewarriers.org

Oru Thavana Otta Thavana - by Ravi Variyath

ഒരു തവണ ഒറ്റത്തവണ



👌👍: Warriers.org

ഹലോ......

നന്ദിനിക്കുട്ടിയല്ലെ.


അതെ ആരാ.


ഞാൻ നാരായണനുണ്ണി.


നാരായണനുണ്ണി..... ?


അതേന്ന് പഴയ ഉണ്ണി ഏട്ടൻ


ഉണ്ണി ഏട്ടനൊ

എൻ്റെ ഈശ്വരാ എവിടുന്നാപ്പൊ ?


ഞാൻ ബാംഗ്ലൂർന്നാ


ഉണ്ണി ഏട്ടൻ ഇപ്പൊ അവിടെയാണൊ


അതെ

മകനും കുട്ട്യോളും ഇവിടെയാണ്

അവരുടെ കൂടെ....


അത് നന്നായി

എത്ര കാലായി കണ്ടിട്ട്......

ഒന്ന് വിളിക്കാർന്നില്ലെ


മോഹണ്ടാർന്നു.

നമ്പറുണ്ടായിരുന്നില്ല.

പിന്നെ പ്രായം........


ഓ ....പ്രായം

അതിപ്പൊ കുറഞ്ഞൊ...

പഴേ ആളന്നെ.

അന്നും ഇതുപോലെ ചില മുട്ടു ന്യായങ്ങളാണല്ലൊ

പറഞ്ഞിരുന്നത്.


അതൊന്നും മറന്നില്ലേ ?

കാലം കുറേ ആയല്ലൊ എന്നിട്ടും


കാലം മായ്ച്ചാൽ മായുന്നതായിരുന്നില്ലല്ലൊ എനിക്ക് അതൊന്നും.


ഒക്കെ യോഗാണ് ......


എന്നും ഉണ്ണി ഏട്ടന് യോഗത്തിലായിരുന്നു വിശ്വാസം.

ആത്മവിശ്വാസം അത് അന്നും ഇന്നും ഉണ്ണി ഏട്ടനില്ല്യ.


ഞാൻ......


പോട്ടെ അതൊന്നും പറഞ്ഞ് ഞാനാ മനസ്സിനെ വിഷമിപ്പിക്കുന്നില്ല.

ഇപ്പോൾ എന്തിനാ

എന്നെ വിളിച്ചത്.


അത് വെറുതെ......


അത് ശരി വെറുതേ അല്ലേ...

അന്നും എല്ലാം വെറുതേ ആയിരുന്നല്ലൊ.

പാടിയും പറഞ്ഞും ചിത്രം വരച്ചും കൊതിപ്പിച്ച ശേഷം ഓടിയൊളിക്കൽ

കഷ്ടം......


അതിന് ഞാനൊന്ന് ക്ഷമ ചോദിച്ചോട്ടെ....


എന്തിന്

ഈ വൈകിയ വേളയിൽ അതിനിനി എന്താ ഒരർത്ഥം.

അല്ലെങ്കിലും അന്ന് തുടങ്ങിയ നീറ്റൽ ഒരു ക്ഷമ പറച്ചിലിൽ തീരുമൊ.

അന്നും ഇന്നും എന്നും നിങ്ങൾ ആണുങ്ങൾക്ക് ഇതൊക്കെ ഒരു തമാശയാണ്

നേരമ്പോക്കാണ്

ഞങ്ങൾ സ്ത്രീകൾ അന്നും ഇന്നും എന്നും ഇരകളാണ് .

ഇരകൾ മാത്രം.


സോറി

എന്നോട് ദേഷ്യം തോന്നരുത്

ആരോ പറഞ്ഞിട്ടില്ലെ... സാഹചര്യത്തിൻ്റെ തടവുകാരാണ് നമ്മൾ എന്ന്


അതേയതെ .

കുറ്റങ്ങളും തെറ്റുകളും സ്വയം ഏറ്റെടുക്കാനാവാത്തതിന് ആരോ പറഞ്ഞതിൽ അഭയം കണ്ടത്താനുള്ള ശ്രമം .

അത്രേള്ളൂ അതൊക്കെ.

ഉണ്ണിയേട്ടനറിയൊ

ഋതുക്കൾ മാറി മാറി വരുമ്പോൾ ,

ഒരു തിരുവാതിരക്കാറ്റടിക്കുമ്പോൾ,

ഓണ നിലവ് പരക്കുബോൾ

പാടത്ത് പൊൻ കതിരുകളാടുമ്പോൾ

ഞാനിന്നും ഓർക്കും നമ്മൾ ഒരുമിച്ച് നടന്ന് പോയ വരമ്പുകൾ

വഴികൾ, വഴിയോരങ്ങൾ ആഘോഷങ്ങൾ എല്ലാമെല്ലാം .

ദൂരെ നിന്നാണങ്കിലും ഒന്ന് കാണാൻ ആ വിളി കേൾക്കാൻ ജനൽപ്പാളികൾ തുറന്ന് കാതോർത്ത് നിന്നിരുന്ന ദിനങ്ങൾ

എന്നിട്ടിപ്പോൾ ഒരു വിളിയും ക്ഷമാപണവും.....


എന്നാൽ കോട്ടോളൂ

എന്നോട് ക്ഷമിക്കണം

ഞാൻ നാരായണനുണ്ണിയല്ല


അല്ലേ ... പിന്നെ ആരാ


ഞാൻ അദ്ദേഹത്തിൻ്റെ മകനാണ്.

പേര്

നന്ദനൻ......

നന്ദനൻ ഉണ്ണി .


നന്ദനൻ ......?


അതെ ആൻ്റീ

നന്ദനൻ തന്നെ.

അച്ഛൻ കഴിഞ്ഞ മാസം മരിച്ചു.

അച്ഛൻ്റെ പഴയ ചില ഡയറികളിൽ നിന്നാണ് ആൻ്റിയെ കുറിച്ചറിഞ്ഞത്. അച്ഛൻ മരിച്ച കാര്യം ഒന്നറിയിക്കാൻ വേണ്ടിയാണ് ഞാനിപ്പോൾ വിളിച്ചത്. ആൻ്റിയുടെ ടെലിഫോൺ നമ്പർ കിട്ടാൻ ഒരുപാട് അനേഷിക്കേണ്ടി വന്നു.

അതാ വിളിക്കാൻ താമസിച്ചു പോയത്.

ആൻ്റിക്ക് അച്ഛനെ ഓർമ്മയുണ്ടോ എന്നറിയാൻ മാത്രാണ് അതിങ്ങിനെ ഒരു നാടകീയമാക്കിയത്.

ക്ഷമിക്കണം.


സത്യാണൊ മോൻ പറഞ്ഞത്.

എനിക്ക് വിശ്വസിക്കാനാവുന്നില്ലല്ലൊ.

ഒരേ ശബ്ദം .....


അതേ ആൻ്റീ ....

സത്യം

അച്ഛൻ്റെ ഒരു ചെറിയ ഡയറിയിൽ ആൻ്റിയെ കുറിച്ചാണ് മുഴുവൻ എഴുതിയിരുന്നത്.

ഡയറിയുടെ ആദ്യ പേജിൽ ആൻ്റിയുടെ ചിത്രവുമുണ്ടായിരുന്നു.

അച്ഛൻ തന്നെ വരച്ച ചിത്രം. കാലപ്പഴക്കം കൊണ്ട് നിറം മങ്ങിയിട്ടുണ്ടങ്കിലും ചിത്രത്തിന് ജീവനുള്ള പോലെ തോന്നിയിരുന്നു. അതിൽ ഒരു മയിൽപ്പീലിയും കുറേ വളപ്പൊട്ടുകളും അച്ഛൻ ഒട്ടിച്ചു വെച്ചിരുന്നു.

അവസാന പേജിൽ മാപ്പ്

എന്നൊരു വാക്കും.

മരിക്കുന്നതു വരെ ആ ഡയറി അച്ഛൻ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കയായിരുന്നു.

ഡയറിയുടെ ഒട്ടിപിടിച്ച പേജുകൾക്കിടയിൽ

ഉണങ്ങി കരിഞ്ഞ ഒരു ചുവന്ന പനിനീർ പൂവും ഉണ്ടായിരുന്നു.

ഞാനാ ഡയറി എടുത്ത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എന്നെങ്കിലും ഒരുന്നാൾ ആൻ്റിയെ കാണുമ്പോൾ......


വേണ്ട കുട്ടീ..... എനിക്കത് വേണ്ട.

അറിയിക്കപോലും ചെയ്യരുതായിരുന്നു.

അദ്ദേഹം എവിടേയെങ്കിലും ജീവനോടെ ഇരിക്കുന്നുണ്ടന്ന വിശ്വാസം അതെനിക്കൊരു ആശ്വാസമായിരുന്നു

ഒരു ധൈര്യവും പിന്നെ പ്രതീക്ഷയും.

ഇപ്പോൾ അതും ......


ക്ഷമിക്കു ആൻ്റീ....... എനിക്കറിയില്ലായിരുന്നു ആൻ്റിയുടെ കാത്തിരിപ്പും അച്ഛൻ്റെ നിസ്സഹായാവസ്ഥയും. അച്ഛന് വേണ്ടി ഞാൻ മാപ്പ്.......


അരുത്

അരുത് മോനെ

എനിക്കതൊന്നും കേൾക്കാനുള്ള ധൈര്യമില്ല കാണാനും.

സന്ധ്യ മയങ്ങി.

നേരം ഒരുപാടായി ചുറ്റും

ഇരുട്ട് പരന്നു തുടങ്ങി.

നന്ദനനുണ്ണി എന്നല്ലെ പേര് പറഞ്ഞത്


അതെ ആൻറ്റി


എന്നാൽ എൻ്റെ .......

എൻ്റെ ഉണ്ണി ഫോൺ വെച്ചോളൂ.

ഇനി

ഞാനും എൻ്റെ യാത്ര തുടങ്ങട്ടെ .

ഇരുട്ടിലേക്കുള്ള എൻ്റെ യാത്ര.......

ആരോടും ചോദിക്കാനില്ല പറയാനുമില്ല

ബന്ധങ്ങളില്ല അതുകൊണ്ട് ബന്ധനങ്ങളുമില്ല.

യാത്രക്ക് മുൻപ് എൻ്റെ കുട്ടി ഒരു തവണ ആൻ്റി എന്ന വാക്കു മാറ്റി എന്നെ *അമ്മേ*

എന്നൊന്ന് വിളിക്കണം.....

_ഒരു തവണ....._

_ഒറ്റത്തവണ മാത്രം_


*രവി വാരിയത്ത്.*


വെറുമൊരു ആഘോഷമായി വാലൻൻ്റൈൻ ദിനം മാറ്റുന്നതിന് മുൻപും ഭൂമിയിൽ പ്രണയമുണ്ടായിരുന്നു. പ്രണയനഷ്ടമുണ്ടായിരുന്നു.

വിരഹമുണ്ടായിരുന്നു

വിരഹ ദു:ഖമുണ്ടായിരുന്നു. വേർപിരിയലുകളുണ്ടായിരുന്നു.

മോഹങ്ങളും മോഹഭംഗങ്ങളുമുണ്ടായിരുന്നു.

പക്ഷെ അന്നൊന്നും ആസിഡ് ഒഴിക്കലും, വെട്ടി കൊല്ലലും, മാനഭംഗപ്പെടുത്തലും,

സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തലും ഇല്ലായിരുന്നു.

രണ്ടു മനസ്സുകളുടെ കൂടി ചേരലും അർപ്പണവുമായിരുന്നു പ്രണയം.

*അതാണ് പ്രണയം*

*അതാവണം പ്രണയം.*

🌹🙏🌹

22 views0 comments

コメント


bottom of page