top of page
Writer's picturewarriers.org

Nerpathakalile Valavukal - short story by Giri B Varier

*നേർപ്പാതകളിലെ വളവുകൾ*


ഗിരി ബി വാരിയർ

ത്രൈലോക്യമംഗലം വാരിയം

ഗീതാഞ്ജലി, തലോർ


👌👍: warriers.org


"ഡോക്ടറെ, എന്റെ കൊറോണ ടെസ്റ്റ് റിപ്പോർട്ട് പോസിറ്റീവ് ആക്കാൻ പറ്റുമോ.."

എന്റെ തൊണ്ടയിൽ നിന്നും സ്രവമെടുത്തശേഷം തൊട്ടടുത്ത ബെഡ്‌ഡിലെ രോഗിയുടെ സ്രവമെടുക്കാൻ നഴ്സ് പോകുമ്പോൾ കൂടെ ഉണ്ടായിരുന്ന ഡോക്ടറോട് ചോദിച്ചു. ഏകദേശം നാൽപ്പത്തിയഞ്ച് വയസ്സ് പ്രായം കാണും ഡോക്ടർക്ക്.

കൊറോണ ചികിത്സക്ക് കയറിയിട്ട് ദിവസം ഏഴ് കഴിഞ്ഞു. ഇവിടെ വന്ന് നാലുദിവസം പനിയുണ്ടായിരുന്നു, കൂടാതെ വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും എല്ലാം. ഇപ്പോൾ എല്ലാം മാറി. ഇനി ഒരിക്കൽ കൂടി ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെങ്കിൽ വീട്ടിൽ പോകേണ്ടിവരും.

ഇന്ന് വീണ്ടും ടെസ്റ്റ് ഉണ്ടാകുമെന്ന് ഡോക്ടർ അറിയിച്ച കാര്യം പറയാൻ കാലത്തു തന്നെ സീനത്ത് വിളിച്ചിരുന്നു.

സുനിക്കുട്ടൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് അവന്റെ അച്ഛൻ മരിച്ചത്. ആ ഷോക്കിൽ രാഘവേട്ടൻ മരിച്ച് രണ്ടാഴ്ച്ച കഴിയും മുൻപേ അദ്ദേഹത്തിന്റെ അമ്മയും പോയി. അതോടെ സുനിക്കുട്ടനും താനും മാത്രമായി. രാഘവേട്ടന്റെ ജോലി തനിക്ക് കിട്ടിയതു കൊണ്ടു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ക്ലേശിക്കേണ്ടി വന്നില്ല.

പ്ലസ്ടുവിന് സുനിക്കുട്ടൻ 95 ശതമാനം മാർക്ക് വാങ്ങിയിരുന്നു. എന്റെ നിർബന്ധത്തിന് വഴങ്ങി എൻട്രൻസ് എഴുതി. എഞ്ചിനീയർ ആയാൽ എന്നെ ഒറ്റയ്ക്കാക്കി അന്യനാട്ടിൽ പോകേണ്ടിവരുമെന്ന് പറഞ്ഞ് എഞ്ചിനീയറിംഗ് ചെയ്യാൻ അവൻ കൂട്ടാക്കിയില്ല. സ്റ്റാറ്റിസ്റ്റിക്‌സ് ഐച്ഛികമായെടുത്ത് ബിരുദവും ബിരുദാനന്തരബിരുദവും ചെയ്തശേഷം ബാങ്ക് ടെസ്റ്റ് എഴുതി സ്റ്റേറ്റ് ബാങ്കിൽ ജോലിക്ക് കയറി.

സീനത്തിനെ അവൻ പരിചയപ്പെടുന്നത് കൊച്ചിയിൽ ജോലി ചെയ്യുമ്പോഴാണ്. സീനത്തിന്റെ പപ്പയും മമ്മയും ദുബായിയിൽ ജോലി ചെയ്യുകയായിരുന്നു. ദുബായിൽ പ്ലസ് ടു വരെ പഠിച്ച് എഞ്ചിനീയറിംഗ് കേരളത്തിൽ ചെയ്യുകയായിരുന്നു സീനത്ത്. പപ്പയുടെ ഓരോ കാര്യങ്ങൾക്കായി സീനത്ത് ബാങ്കിൽ പോകാറുണ്ടായിരുന്നു.

ഒരിക്കൽ കൊച്ചിയിൽ വെച്ച് സുനിക്കുട്ടൻ സീനത്തിനെ എനിക്ക് പരിചയപ്പെടുത്തിത്തന്നു. സാമ്പത്തികമായി വളരെ ഉയർന്ന നിലയിലായതിനാൽ സീനത്തുമായി അധികം അടുക്കണ്ട എന്ന് പറഞ്ഞിരുന്നു. കൊച്ചിയിൽ നിന്നും വീട്ടിനടുത്തുള്ള ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റം കിട്ടിയതോടെ എല്ലാം കഴിഞ്ഞിട്ടുണ്ടാകും എന്നാണ് കരുതിയത്..

ഒരു ദിവസം തികച്ചും അപ്രതീക്ഷിതമായാണ് സീനത്തിന്റെ പപ്പയും മമ്മയും വീട്ടിൽ വരുന്നത്. മകളുടെ സന്തോഷത്തിനപ്പുറം ജാതിയും മതവുമൊന്നും അവർക്ക് പ്രശ്‌നമല്ലാത്തതിനാൽ ഈ ബന്ധം നടത്തിത്തരണമെന്നും അപേക്ഷിച്ചു. സുനിക്കുട്ടന്റെ കണ്ണുകളിൽ സീനത്തിനോടുള്ള പ്രണയം പലപ്പോഴും വായിച്ചിട്ടുള്ളതിനാൽ മറുത്തൊന്ന് ചിന്തിക്കാൻ തോന്നിയില്ല.

വലിയ ആർഭാടങ്ങളൊന്നും ഇല്ലാതെ ഹൈന്ദവാചാരപ്രകാരം വിവാഹം ഒരു ഹാളിൽ വെച്ചുനടത്തി. അടുത്തദിവസം കൊച്ചിയിൽ സീനത്തിന്റെ പപ്പ അവരുടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി ഒരു റിസപ്ഷൻ വെച്ചു. വിവാഹം കഴിഞ്ഞ് രണ്ടുമാസം തികയുംമുൻപേ സീനത്തിന് കൊച്ചിയിൽ ഒരു ഐ ടി കമ്പനിയിൽ ജോലി കിട്ടി. കൊച്ചിയിലുള്ള അവരുടെ ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. ആഴ്ചയിൽ ഒരിക്കൽ മാത്രം സീനത്ത് വീട്ടിൽ വരും. എത്ര നിർബന്ധിച്ചിട്ടും കൊച്ചിയിൽ താമസിക്കാൻ സുനിക്കുട്ടൻ തയ്യാറായില്ല.

നാല്പത്തിയെട്ടാം വയസ്സിൽ എന്റെ ഗർഭപാത്രം എടുത്തുകളഞ്ഞതോടെ ഓരോരോ അസുഖങ്ങൾ തുടങ്ങി. സുനിക്കുട്ടന്റെ നിർബന്ധത്തിന് വഴങ്ങി അൻപതാം വയസ്സിൽ ജോലിയിൽ നിന്നും വളണ്ടറി റിട്ടയർമെന്റ് എടുത്തു. കഴിഞ്ഞ എട്ടുവർഷമായി വീട്ടിൽ ഇരിപ്പായിട്ട്. അസുഖമായതോടെ സീനത്ത് ജോലി ഉപേക്ഷിച്ച് ഞങ്ങളുടെ വീട്ടിൽ താമസമാക്കി. അവർക്ക് രണ്ടുമക്കളും ഉണ്ട്.

"റിപ്പോർട് പോസിറ്റിവ് ആക്കാനും നെഗറ്റീവ് ആക്കാനുമൊന്നും പറ്റില്ല, അതൊക്കെ സർക്കാർ റെക്കോർഡ് ചെയ്യുന്നതല്ലേ. ഇന്ന് ടെസ്റ്റ് ചെയ്താലും രണ്ടു ദിവസം എടുക്കും റിപ്പോർട്ട് വരാൻ.. അല്ല, നിങ്ങളെന്തിനാ പോസിറ്റീവ് ആക്കാൻ പറ്റുമോ എന്ന് ചോദിച്ചത്. വീട്ടിൽ പോകാൻ ഇഷ്ടമല്ലേ.."

ഡോക്ടറുടെ മറുപടി കേട്ടാണ് ചിന്തയിൽ നിന്നുമുണർന്നത്.

"അങ്ങിനെയൊന്നും ഇല്ല, പോസിറ്റീവ് ആയാൽ കുറച്ചുദിവസം കൂടി ഇവിടെ തങ്ങാലോ എന്ന് കരുതി."

"പ്രശ്നം മരുമകൾ തന്നെ അല്ലേ. ഇന്നത്തെ വലിയ പ്രശ്നമാണ് ഇത്. അമ്മായിയമ്മയും മരുമകളും ചേരില്ല. എന്റെ വീട്ടിലെ പ്രശ്നവും ഇതുതന്നെയായിരുന്നു, അമ്മയും ഭാര്യയും ചേരില്ല. ഒടുവിൽ അമ്മയെ ഒരു ഓൾഡ് ഏജ് ഹോമിൽ ആക്കി. അതോടെ കക്ഷി വല്ലാത്ത സന്തോഷത്തിലായി. ഒരു വിശേഷത്തിന് പോലും വീട്ടിൽ വരാൻ അമ്മയ്ക്കിപ്പോൾ ഇഷ്ടമല്ല. അങ്ങിനെ വല്ലതും ചെയ്യുന്നതാണ് ബുദ്ധി.”

"അതൊന്നുമല്ല, സീനത്തിന്റെ പപ്പയും മമ്മയും ലോക്ക് ഡൌൺ തുടങ്ങിയത് മുതൽ കൊച്ചിയിൽ താമസമുണ്ട്. എന്നെ ഒറ്റയ്ക്കാക്കി സീനത്ത് എങ്ങും പോവില്ല. സീനത്തിന്റെ പപ്പക്കും മമ്മക്കും മോഹം കാണില്ലേ രണ്ടുദിവസം മകളുടെ കൂടെ നില്ക്കാനും കൊച്ചുമക്കളെ കളിപ്പിക്കാനും മറ്റും.

കൊറോണ പോസിറ്റീവ് ആയപ്പോൾ വീട്ടിൽ മുകളിലെ നിലയിൽ ഇരുന്നാൽ മതിയെന്നാണ് മകനും മരുമകളും പറഞ്ഞത്. ഞാൻ ഇങ്ങോട്ട് മാറിയതുതന്നെ സീനത്തും മക്കളും പപ്പയുടെയും മമ്മയുടെയും കൂടെ നിൽക്കട്ടെ എന്നുകരുതിയാണ്. രണ്ടുദിവസം കൂടി ഞാൻ ഇവിടെ നിന്നാൽ അത്രയും ദിവസം അവളുടെ മമ്മക്കും പപ്പക്കും കൊച്ചുമക്കളേയും കണ്ടോണ്ടിരിക്കലോ എന്നോർത്തിട്ടാ."

"സോറി അമ്മേ, ഞാൻ കരുതി. You are so lucky to have children like them" ഡോക്ടറുടെ വാക്കുകളിൽ കുറ്റബോധം അലയടിക്കുന്നത് വ്യക്തമായിരുന്നു.

"ഡോക്ടർ. തീവണ്ടിപ്പാത ശ്രദ്ധിച്ചിട്ടുണ്ടോ, അതിലെത്രയോ വളവുകൾ ഉണ്ട്, പക്ഷെ ആ വളവുകളിലെ രണ്ടുപാളങ്ങളും ഒരുപോലെയായതിനാൽ ആരും ആ വളവുകൾ അറിയുന്നുമില്ല വണ്ടി പാളം തെറ്റുന്നുമില്ല. പക്ഷെ ആ രണ്ടുപാളങ്ങളേയും ബന്ധിപ്പിക്കുന്നത് താഴെയുള്ള കോൺഗ്രീറ്റ് ബാറുകളാണ്. നമ്മുടെയെല്ലാം കുടുംബജീവിതവും അതുപോലെ തന്നെയാണ്.”

യാത്ര പറയുമ്പോൾ ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

(ശുഭം)

ഗിരി ബി. വാരിയർ

11 ഡിസംബർ 2020

8 views0 comments

Comments


bottom of page