മാടശ്ശേരി മാധവവാര്യർ
••••••••••••••••••••••
മാടശ്ശേരി മാധവവാര്യർ ഇരുപതാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ മലയാളസാഹിത്യരംഗത്ത് നിറഞ്ഞു നിന്ന എഴുത്തുകാരനാണ്: എന്നാൽ പുതുതലമുറ അധികം കേട്ടിട്ടില്ലാത്ത ഒരു ഗ്രന്ഥകാരനും... ഒറ്റ ശ്ലോകം മുതൽ മഹാകാവ്യം വരെ എഴുതി; ഏകാങ്ക നാടകം മുതൽ ഹാസ്യ നാടകം വരെ രചിച്ചു; വിശ്വസാഹിത്യ കൃതികൾ മൊഴി മാറ്റം നടത്തി' രണ്ട് സാഹിത്യ ചരിത്ര ഗ്രന്ഥങ്ങൾ രചിച്ചു....
🌍
മാടശ്ശേരി മാധവവാര്യരുടെ ജനനം 1910 ജൂലൈ 21-ന് ഹരിപ്പാട്ട്; പിതാവ്: ചുനക്കര രാമവാര്യർ; മാതാവ്: മാടശ്ശേരി വാരിയത്ത് ലക്ഷ്മികുട്ടി വാരസ്യാർ. ഹരിപ്പാട്, കൊല്ലം, മാന്നാർ ഇവിടെ പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം സയൻസ് കോളേജിൽ ഇന്റർമീഡിയേറ്റ പഠനം. പഠനാന്തരം ഫോറെസ്റ്റ് ഡിപ്പാർട്മെൻ്റിൽ ജോലിക്കു ചേർന്നു. 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽവീയപുരം, കോട്ടയം, റാന്നി, കോന്നി, ചാലക്കുടി, തെന്മല, ചെംകോട്ട, തിരുവനന്തപുരം, പാറമ്പുഴ, തുടങ്ങി 13 ഇടത്ത് ജോലി ചെയ്തു. 1965ൽ പെൻഷൻ ആയി.
മാടശ്ശേരി മാധവവാര്യരുടെ നിരവധി കൃതികൾ പ്രകാശിക്കപ്പെട്ടത് 'മലയാള രാജ്യം' വാരികയിൽ ആയിരുന്നു. മാടശ്ശേരി മാധവവാര്യർ എഴുതിയ പുസ്തകമാണ് 'കേരളത്തിലെ ആദിമസിവാസികൾ' എന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം തൻ്റെ ഔദ്യോഗിക ജീവിതത്തിനിടയിൾ നിരീക്ഷിച്ച കാര്യങ്ങളുടെ സമഗ്രവിവരണം ഉൾക്കൊള്ളുന്നതാണ് ഈ പുസ്തകം....
🌍
ആദ്യം പ്രസിദ്ധപ്പെടുത്തിയത് 'കൈത്തിരി' എന്ന ചെറുകഥ സമാഹാരം, അടുത്തത് 'നാളത്തെ നാടകം അല്ലെങ്കിൽ ഇന്നത്തെ വനിത' എന്ന സാമൂഹ്യനാടകം. പിന്നെ 'ഷാപ്പിലെ കല്യാണി' എന്ന ചെറുകഥ സമാഹാരം. ഇത് മൂന്നും ജോലി ഇല്ലാതെ ഹരിപ്പാട്ട് താമസിക്കുന്ന കാലത്ത് സ്വന്തം ചെലവിൽ പ്രസിദ്ധപ്പെടുത്തി. 1950-ൽ കോട്ടയത്തേക്ക് താമസം മാറ്റി; 1962 വരെ കൊട്ടയത്തായിരുന്നു താമസം.
ചെറുകഥാ സമാഹാരങ്ങളും നോവലുകളും എഴുതി കഥകളിയെ കുറിച്ച് സമഗ്രമായി പഠിച്ച് 'കഥകളിയും സാഹിത്യ'വും എന്ന ഗ്രന്ഥം എഴുതി. മലയാള സാഹിത്യത്തെ കുഞ്ചൻ നമ്പിയാരെ ഒരു അടിസ്ഥാനമായി കണക്കാക്കി 'കുഞ്ചൻ വരെ കുഞ്ചൻ്റെ ശേഷം' എന്ന രണ്ട് സാഹിത്യ ചരിത്ര ഗ്രന്ഥങ്ങൾ രചിച്ചു പ്രസിദ്ധപ്പെടുത്തി. കുഞ്ചൻ്റെ കൂടെ എന്ന ഗ്രന്ഥം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഉദ്യാനപ്രവേശം ചമ്പുവിന് പഠനം പ്രസിദ്ധീകരിച്ചു. 'രുഗ്മാംഗത ചരിത'ത്തെ കുറിച്ച് പഠനം പ്രസിദ്ധപ്പെടുത്തി;.അത് അല്പം വിവാദത്തിന് ഇടയായി. കുമാരൻ ആശാൻ, വള്ളത്തോൾ, ഉള്ളൂർ ഇവരെ കുറിച്ചുള്ള പുസ്തകം പ്രസിദ്ധപ്പെടുത്തി.
ഷേക്സ്പിയറിൻ്റെ മൂന്ന് കൃതികൾ മൊഴി മാറ്റം നടത്തി. മോപ്പസാങ്ങിൻ്റെ കൃതികൾ മുഴുവനും മൊഴിമാറ്റം നടത്തി: മോപ്പസാങ്ങിൻ്റെ 'Boule de Suif' എന്ന കൃതി മലയാളത്തിൽ മൊഴിമാറ്റിയപ്പോൾ അതിന്റെ പേർ 'കൊഴുപ്പുണ്ട' എന്നതിന് പകരം 'തടിച്ചവേശ്യ' എന്നാക്കി; 'നാട്ടിൻപുറത്തെ യുവതി' മറ്റൊരു മോപ്പസാങ്ങ് മറ്റൊരു പരിഭാഷ.
കേന്ദ്ര സാഹിത്യ അക്കാദമി പ്രോൽസാഹന പുരസ്‌കാരം കിട്ടി; ഉള്ളൂർ കവിത പഠനത്തിന് 'സാഹിത്യ പരിഷത്ത്' പുരസ്‌കാരം കിട്ടി.
🌍
Sukumaramenon TA ഓർക്കുന്നു: "ഞാൻ തിരുവനന്തപുരത്ത് ജോലി ലഭിച്ചു് ചെല്ലുമ്പോൾ (1962 ഒക്ടോബറിൽ) മറ്റു താമസ സൗകര്യങ്ങൾ ലഭിയ്ക്കാതിരുന്നതിനാൽ ഏകദേശം ഒരു മാസത്തോളം മാത്യു എം. കുഴിവേലിയുടെ തനന്തൻകോട്ടുള്ള 'ബാലൻ പബ്ലിക്കേഷനിൽ' താമസ്സിക്കുകയുണ്ടായി... ചിൽഡ്രൻസ് എൻസൈക്ലോപീഡിയക്കു വേണ്ടി ചില ചിത്രീകരണ ജോലി കിട്ടിയതിനാൽ ആണ് പ്രസ്സിനോടു ചേർന്നുള്ള ചെറിയ താമസ സൗകര്യം ഉപയോഗിച്ചത്... മാത്യൂ സാറിൻ്റെ മകൻ എനിക്ക് മുറി കാണിച്ചു തന്നപ്പോൾ അവിടെ മറ്റൊരാൾ കൂടി ഉണ്ടെന്നു പറഞ്ഞു..... മാടശ്ശേരി മാധവ വാര്യർ.... രാത്രി ഒരു പന്ത്രണ്ടു മണി വരെ എഴുതിക്കൊണ്ടിരിക്കും.... അധികം സംസാരിക്കാത്ത അദ്ദേഹം പരിചയപ്പെടലും പരിമിതമായ വാക്കുകളിലായിരുന്നു."
മകൻ അഡ്വക്കേറ്റ് ശ്രീരാമൻ വാര്യർ ഓർമ്മക്കുന്ന ചില കാര്യങ്ങൾ: "അക്കാലം (1962) കഴിഞ്ഞ് വഴുതക്കാട് ജംഗ്‌ഷനിൽ ഒരു മുറിയിൽ ഞാനും അച്ഛനും കൂടി താമസിച്ചു 1963-64 വർഷങ്ങളിൽ. ഞാൻ BL ഫൈനൽ ഇയർ പഠിച്ചപ്പോൾ. ആ മുറി ഇപ്പോഴും ഉണ്ട്. പഴയ ഓടിട്ട ഒരു രണ്ട് നില കേട്ടിടം. ഞാൻ 10-11 മണിക്ക് കിടക്കുമ്പോഴും അച്ഛൻ വായിക്കുകയും എഴുതുകയോ ആയിരിക്കും ഞാൻ 4-5 മണിക്ക് ഉണരുമ്പോഴും അച്ഛൻ കസേരയിൽ കിടന്ന് എഴുതുകയോ വായിക്കുകയോ ആയിരിക്കും."
ചെമ്പകശെരി വാരിയത്ത് ഭാഗീരഥി അമ്മയാണ് ഭാര്യ; നാലുമക്കൾ- അഡ്വക്കേറ്റ് ശ്രീരാമൻ; പരേതനായ ഉണ്ണികൃഷ്ണൻ (HCC Chief execute) ശകുന്തള, ഹരിമാധവൻ (chartered acountant)
1979 മെയ് 9-ന്, 69 വയസ്സിൽ, TB ( (ക്ഷയം) രോഗം മൂലം അന്തരിച്ചു. അന്ന് മെഡിക്കൽ കോളേജിൽ പ്രഫസർ ആയിരുന്ന പ്രഗത്ഭനായ ഡോ. ജി കെ വാരിയർ ചികില്സിച്ചുവെങ്കിലും ചികില്സ തേടാൻ വൈകിയതുകൊണ്ടു രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. (ഡോ. ജി കെ വാരിയർ അദ്ദേത്തിന്റെ ബന്ധുവും സഹപാഠിയും കൂടിയായിരുന്നു.)
________________
ആർ.ഗോപാലകൃഷ്ണൻ | 2021 മേയ് 09
............................
#വാലറ്റം:
ഒരു രേഖപ്പെടുത്തൽ ആവശ്യമായതിനാൽ മാടശ്ശേരി മാധവവാര്യരുടെ മുഴുവൻ കൃതികയുടെയും പട്ടിക ചേർക്കുന്നു:
1.ആദ്യത്തെ കൃതി ചെറുകഥ സമാഹാരം കൈത്തിരി./ 2.നാളത്തെ നാടകം/ 3.ഷാപ്പിലെ കല്യാണി/ 4. ചെറുകഥ സമാഹാരം/ 5.നരനും നാരാധിപനും പുരാണ ഗ്രന്ഥം/ 6. മാധവന്റെ മഹാകാവ്യം/ 7. കുമാരൻ ആശാൻ/ 8. ഉള്ളൂർ/ 9. വള്ളത്തോൾ/ 10. കഥകളിയും സാഹിത്യവും/ 11. കുഞ്ചൻ വരെ/ 12. കുഞ്ചന്റെ കൂടെ/ 13. കുട്ടികളുടെ സാഹിത്യചരിത്രം/ 14. അമരനായ ജവഹർ/ 15. എന്റെ ശകുന്തള (നോവൽ)/ 16. നരകത്തിലെ നടികൾ (നോവൽ)/ 17. സാമാന്യന്റെ കഥ (നോവൽ)/ 18. പീലിവള/ 19. കമ്പോഡിയയും ലാവോസും ചരിത്രം/ 20. മാനവഭാഗധേയം ('Human Destiny')- (മൊഴിമാറ്റം)/ 21.ടെംപെസ്റ്റ് (മൊഴിമാറ്റം)/ 22. മാക്ബെത് (മൊഴിമാറ്റം)/ 23. സ്വപ്നം/ 24. അമ്പിളിക്കല/ 25. മോപ്പസാങ് കഥകൾ (9 ഭാഗങ്ങൾ)/ 26. ടോൾസ്റ്റോയ് കഥകൾ (4 ഭാഗങ്ങൾ)/ 27. വാസ്തവ കഥകൾ മൊഴിമാറ്റം/ 28. മണി ചൂഢൻ/ 29. ലോകോപകാരികൾ (ബാലസാഹിത്യം)/ 30. ലോകസഞ്ചാരികൾ/ 31.കടലിലെ അദ്‌ഭുതങ്ങൾ/ 32. കരയിലെ അദ്‌ഭുതങ്ങൾ/ 33. ആകാശത്തിലെ അദ്‌ഭുതങ്ങൾ/ 34. ഉദ്യാനപ്രവേശം ചമ്പു പഠനം/ 35. രുഗ്മങ് കഥചരിതം പഠനം/ 36. സന്താനഗോപാലം-പന (പഠനം)/ 37. രാമപുരത്തു വാരിയരും കുചേലവൃത്തവും (പഠനം)/ 38. ലങ്കാം രാവണപാലിതാം- Political Satire (ഇന്ദിരാഗാന്ധിയേയും സംഘത്തേയും രാവണന്റെ കൊട്ടാര പശ്ചാത്തലത്തിൽ വിവരിക്കുന്നു.)/ 39. മരണച്ചീട്ട് (നോവൽ)/ 40. വന മഹോത്സവം (കവിത)
........................
Courtesy: FB post by Gopalakrishnan R & Adv.Sriraman
Comentarios