top of page
Writer's picturewarriers.org

"Koova Payasam" short story by Ravi Variath

Thiruvathira Ashamskal: warriers.org


കൂവപ്പായസം.


അമ്മേ....എനിക്കൊരു സ്പൂൺ വേണം ട്ടൊ.


എന്തിനാ പായസം കഴിക്കാനോ

ആ ... അതെ

അമ്മ മൂക്കത്ത് വിരൽ വെച്ച് ഒരു പരിഹാസചിരിയോടെ എന്നേ നോക്കി കൊണ്ട് പറഞ്ഞു.

ൻ്റെ കുട്ടി ആ കയ്യോണ്ടങ്ങട് കഴിച്ചാ മതി ട്ടൊ ....

പായസം കഴിക്കാൻ സ്പൂണേ...


ഇതിന് ഭയങ്കര ചൂടാമ്മെ ,

കയ്യില് ഒട്ടിപിടിക്കുണു.


അതൊന്നും സാരല്ല്യ. പതുക്കെ ഊതി കഴിച്ചാ മതി.


ഇതേയ് കറുത്ത പായസാ എനിക്ക് വെളുത്ത പായസാ ഇഷ്ടം.


അതിനേയ് ഇത് പഞ്ചാര പായസോ, സേമിയാ പായസോ അല്ല.

ഇന്ന് തിരുവാതിരയല്ലേ അതോണ്ടിന്ന്

കൂവപ്പായസാ. കൂവപ്പായസത്തില്

ശർക്കരേ ചേർക്കാൻ പാടൂ.

അതോണ്ടാ അതിൻ്റെ നിറം കറുത്തിരിക്കണത്.

കറുത്താലെന്താ പഞ്ചാരയിട്ടാ ഇത്ര സ്വാദുണ്ടാവില്ല അതറിയോ നിനക്ക്.

കഴിച്ചു നോക്ക്

നല്ല മധുരം എത്ര കഴിച്ചാലും മതിയാവില്ല.


കൂവപ്പായസോ....

അതെന്താ


രണ്ടു മാസം മുമ്പ് നമ്മൾ തൊടിയിൽ നിന്നും പറിച്ചു കൊണ്ടുവന്നില്ലേ കൂവ കിഴങ്ങ് .

അത് കഴുകി അരച്ച് വലിയൊരു ചെമ്പിൽ കലക്കി വെച്ചില്ലേ,

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അതൊക്കെ താഴെ ഊറി വെളുത്തിട്ടൊരു പൊടി കിട്ടീല്യേ നമുക്ക് .

അതാ കൂവ പൊടി.

അതോണ്ടാ പായസം ഉണ്ടാക്കിയിരിക്കുന്നത്.


ഇതിലെന്താമ്മെ തുമ്പപ്പൂവിട്ടിട്ടുണ്ടൊ


ഏയ് ഇല്ലല്ലോ എന്താ ചോദിച്ചത്.


പിന്നന്താ ഇതില് ചെറിയ ചെറിയ വെളുത്ത പൂക്കൾ പോലെ ഓരോന്ന്.


അതോ.......അമ്മ വീണ്ടും നന്നായൊന്ന്

ചിരിച്ചു കൊണ്ട് പറഞ്ഞു.

അത് നാളികേരം ചിരകിയിട്ടതാടാ.

പിന്നെ പഴം നുറുക്കിയിട്ടതും.


നാക്കിലയിൽ വിളമ്പി വെച്ചിരുന്ന കൂവപ്പായസവും കദളിപ്പഴവും പപ്പടവും നോക്കി ഞാൻ ഇരിക്കുമ്പോൾ

അമ്മ അടുത്തുവന്ന് പായസവും പപ്പടവും കൂടി കുഴച്ചു തന്നിട്ട് പറഞ്ഞു.

കഴിച്ചോളൂ ട്ടൊ.

കൂവപ്പായസം പപ്പടം കൂട്ടിട്ട് വേണം കഴിക്കാൻ എന്നാലെ അതിൻ്റെ മുഴുവൻ സ്വാദും കിട്ടൂ.


ചൂടാറി തുടങ്ങിയ പായസം ഞാൻ വാരി വാരി കഴിച്ചു.

അമ്മ പറഞ്ഞ പോലെ നല്ല സ്വാദ്.

നല്ല മധുരം.

അതിന് മീതെ രണ്ടു പഴവും. എനിക്ക് മതിയായില്ല പക്ഷെ പറയാൻ നാണക്കേട്


എൻ്റെ മനസ്സറിഞ്ഞ അമ്മ ചോദിച്ചു.

ഇനീം വേണോ നെനക്ക് പായസം.

ഇനിയിപ്പോൾ കളിക്കാൻ പോവ്വായില്ലെ ...

വിശക്കണ്ട.

വയറ് നിറച്ച് കഴിച്ചോ.

അമ്മ വീണ്ടും ഒന്നു രണ്ട് കയ്യിൽ പായസം കൂടി ഇലയിൽ വിളമ്പി തന്നു. കൂടെ

ഒന്നു രണ്ടു പപ്പടവും പഴവും.

അതും കൂടി കഴിച്ചു കഴിഞ്ഞപ്പോഴേക്കും വള്ളി ട്രൌസറിൻ്റെ കുടുക്കുകൾ പൊട്ടും എന്ന മട്ടിലായി.


കുളിച്ച് കണ്ണെഴുതി ഓപ്പോള് വന്ന് . മനക്കല് കൈകൊട്ടി കളിയുണ്ട്. അത് കാണാൻ പോകാനാ തോന്നുന്നു പുതിയ പട്ടു പാവായും ജംബ്ബറുമാണ് വേഷം.

വന്നപാടെ എൻ്റെ നെറ്റിയിൽ ഒരു ഗോപിക്കുറി തൊട്ടു തന്നിട്ട് ശബ്ദം താഴ്ത്തി ചോദിച്ചു.

കുംഭ നിറഞ്ഞോ എന്ന്.

ഉവ്വ് എന്നർത്ഥത്തിൽ ഞാൻ തലയാട്ടി കാണിച്ച് എഴുന്നേറ്റ് പുറത്തേക്കു പോകുമ്പോൾ

എനിക്ക് വല്ലതും ബാക്കി ഉണ്ടോ എന്തോ എന്ന്

ഓപ്പോൾ സ്വയം ചോദിക്കന്നത് ഞാൻ കേട്ടു അത് എൻ്റെ വയറ് കണ്ടിട്ടായിരിക്കും....


അതൊക്കെ കഴിഞ്ഞിട്ട് വർഷങ്ങൾ പത്തറുപത് കഴിഞ്ഞു

ഇന്നിതാ മറ്റൊരു തിരുവാതിര വന്നിരിക്കുന്നു .


ഭാര്യ

മേശപ്പുറത്ത് സ്റ്റീൽ കിണ്ണത്തിൽ വിളമ്പി വെച്ചിരുന്ന കൂവപ്പായസത്തിന് ഒരു മധുരവും ഇല്ല

ഞാൻ ചോദിച്ചു

ഇതെന്താ ഇങ്ങിനെ


എങ്ങിനെ..


മധുരം ഒട്ടും.......


കുട്ട്യോളെ പ്പോലെ മധുരത്തോടെന്താ ഇത്ര മോഹം

പ്രമേഹം പടിവാതിൽ തുറന്നെത്തിയിരിക്കുന്നു.

ഇനി മധുരം അത് മറന്നേക്കു....

നടത്തോം, വ്യായാമോം ഒന്നൂല്യേത്തോണ്ട് ഓരോ അസുഖങ്ങള് വന്നാൽ പിന്നെ അത് പോവില്ല.

ഭാര്യ പറഞ്ഞു.


എന്നാലും തിരുവാതിരയല്ലേ ഒരു പഴോ ....

രണ്ട് പപ്പടോ .....

അതും പാടില്ല്യേ.

ഞാൻ ചോദിച്ചു.


ഇല്ല കാച്ചിയ പപ്പടം പറ്റില്ല.

അത് കൊളസ്ട്രോളിൻ്റെ അളവ് കൂട്ടും

വേണങ്കിൽ പപ്പടം ചുട്ടു തരാം .

പിന്നെ പഴം......


ബാക്കി പറയേണ്ട .

ഞാൻ പറഞ്ഞു.

എനിക്കറിയാം.

തോല് വേണങ്കിൽ തിന്നോളൂ

പഴം വേണ്ടാ എന്നല്ലെ....


ഒരു നെടുവീർപ്പോടെ ഞാൻ കൂവപ്പായസത്തിലേക്ക് നോക്കിയിരുന്നു. അപ്പോൾ

വയറ് നിറച്ച് കഴിച്ചോ എന്ന് പറയാനോ

കുംഭ നിറഞ്ഞോ എന്ന് ചോദിക്കാനൊ ആരുമില്ലല്ലോ എന്ന് സങ്കടം കൊണ്ട് എൻ്റെ കണ്ണുകൾ നിറഞ്ഞു.


എല്ലാവർക്കും തിരുവാതിര ആശംസകൾ.

🙏

by രവി വാരിയത്ത്.


👌👍: warriers.org



1,045 views0 comments

Comments


bottom of page