top of page

Koduvayur Variam - Palakkad

Writer's picture: warriers.orgwarriers.org

Updated: May 25, 2021

കൊടുവായൂരിനു തിലകക്കുറിയായി കൊടുവായൂർ വാര്യം.


പാലക്കാട്‌ ജില്ലയിൽ കൊടുവായൂർ പഞ്ചായത്തിൽ വാരിയത്ത്‌ പടി എന്ന സ്ഥലത്താണ്‌ പഴമയുടെയും പാരമ്പര്യത്തിന്റെയും നേർക്കാഴ്ച്ചയായി , കൊടുവായൂർ എന്ന പാലക്കാടൻ ഗ്രാമത്തിന്റെ തിലകക്കുറിയായ കൊടുവായൂർ വാര്യം സ്ഥിതി ചെയ്യുന്നത്‌. പഴയ രേഖകളിൽ കരുവന്നൂർ വാര്യം എന്നാണീ വാര്യത്തിന്റെ യഥാർത്ഥ നാമമായി കാണുന്നത്. പിന്നീട് കാലക്രമേണ കൊടുവായൂർ എന്ന ദേശത്തിന്റെ പേരോട്‌ ചേർത്ത്‌ വായിക്കപ്പെട്ടു എന്നു വേണം കരുതാൻ . അങ്ങനെയാണ്‌ കൊടുവായൂർ വാര്യം എന്ന പേർ വന്നിട്ടുണ്ടാകുക. വാരിയം നിൽക്കുന്ന സ്ഥലത്തിന്‌ വാര്യത്ത്‌ പടി എന്നൊരു നാമം കൂടിയുണ്ട്(ഇന്ന് ആ സ്റ്റോപ് മിനി ഇന്റസ്ട്രിയിൽ സ്റ്റോപ് എന്ന് അറിയപ്പെടുന്നു) നമുക്ക് ഒന്ന് കൊടുവായൂർ വാര്യത്തിന്റെ ചരിത്രത്തിലേക്ക്‌ സഞ്ചരിക്കാം .


നൂറ്റാണ്ടുകൾ പഴക്കം ഉണ്ട്‌ ഈ പരമ്പരയ്ക്ക്‌. തമിഴ്‌ ചുവയുള്ള പാലക്കാടൻ ഗ്രാമങ്ങളിലേക്ക്‌ എങ്ങനെയാണ്‌ വാര്യർ പരമ്പര എത്തിയത്‌ എന്ന് ചോദിച്ചാൽ അതിന്‌ ഒരുപാട്‌ ചരിത്രങ്ങളിലേക്ക്‌ ഊഴ്‌ന്നിറങ്ങി പോകേണ്ടി വരും.പതിനഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ സാമൂതിരി പാലക്കാട്ടെ കൊല്ലങ്കോട്‌, നെന്മാറ,മങ്കര, കൊടുവായൂർ, തുടങ്ങി 23 ഓളം ദേശങ്ങൾ കീഴടക്കുകയും , താങ്ങളുടെ സാമന്തന്മാരായ കുതിരവട്ടം നായന്മാരെ കൊടുവായൂർ ഭരണ സിരാകേന്ദ്രമാക്കി ഭരിക്കാൻ ഏർപ്പാടാക്കുകയും ചെയ്തു. കൊടുവായൂർ അവർ തങ്ങളുടെ പരദേവതയായ തിരുവളയനാട്‌ ഭഗവതിയ്ക്ക്‌ ഒരു ക്ഷേത്രവും നിർമ്മിച്ചു. ക്ഷേത്രത്തിന്റെ കഴകം കൊടുവായൂർ വാര്യർക്കായിരുന്നു . ഒന്നുകിൽ ഇവരെ കഴക ആവശ്യങ്ങൾക്കായും, ദേശത്തിന്റെ ഒരു ഭാഗം നോക്കി നടത്താനും വേണ്ടി സാമൂതിരി കൊണ്ടു വന്നതായിരിക്കണം. കാരണം സാമൂതിരി താൻ കീഴടക്കിയ ഭാഗങ്ങളിലേക്ക്‌ എല്ലാം അങ്ങനെ ഒരുപാട്‌ കുടുംബങ്ങളെ കൊണ്ടു വന്നിട്ടുണ്ട്‌ .എന്തായാലും കാലഘട്ടം വച്ച്‌ നോക്കുമ്പോൾ ഈ പരമ്പരയ്ക്ക്‌ ഒരു അറുനൂറ്‌ വർഷം പഴക്കം ഉണ്ടാകും.അത്‌ പോലെ ഇവരുടെ ഇവിടെയ്ക്കുള്ള വരവിനെ കുറിച്ച്‌ മറ്റൊരു കഥയും ഉണ്ട്‌. നൂറ്റാണ്ടുകൾക്ക്‌ മുന്നെ നരിക്കോട്ട്‌ മനക്കാർ പാലക്കാട്ടേക്ക്‌ വന്നു എന്നും അവരുടെ കൂടെ ക്ഷേത്ര, പൂജാദികാര്യങ്ങളിൽ സഹായിക്കാൻ കൂടെ വന്നവരാണിവർ എന്നും, പടയോട്ട കാലത്ത്‌/ അല്ലെൽ നമ്പൂതിരിമാർ പാലക്കാട്ട്‌ രാജാവിന്റെ അപ്രീതിക്ക്‌ പാത്രമായ കാലത്ത്‌ നരിക്കോട്ട്‌ നമ്പൂതിരിയുടെ കൊടുവായൂർ നിന്ന് പോവുകയും പോകുന്ന സമയം നമ്പൂതിരിയിൽ നിന്ന് കൊടുവായൂർ വാര്യത്തെ കാരണവർ പൊന്നും വില കൊടുത്ത്‌ ഇന്ന് വാര്യം നിൽക്കുന്ന സ്ഥലം( പണ്ട്‌ നരിക്കോട്ട്‌ മന നിന്ന സ്ഥലം) വിലയ്ക്ക്‌ വാങ്ങി. നരിക്കോട്ട്‌ മനക്കാർ തങ്ങളുടെ അമ്പലമായ നരിക്കോട്‌ വിഷ്ണു ക്ഷേത്രം ഇവരെ നോക്കാൻ ഏൽപ്പിക്കുകയും ചെയ്തു.ഇപ്പോൾ വാര്യം നിൽക്കുന്ന , സ്ഥലത്ത്‌ നിന്ന് കുറച്ച്‌ മാറിയാണ്‌ ഇവരുടെ മൂല സ്ഥാനം അഥവ പഴയ വാര്യം ഉണ്ടായിരുന്നത്‌. പിന്നീട്‌ കാലങ്ങൾക്ക്‌ ശേഷം നരിക്കോട്ട്‌ മനക്കാരിൽ നിന്ന് അവരുടെ ഭൂമി വാങ്ങിയതിന്‌ ശേഷമാണ്‌ ഇവർ ഇപ്പോൾ കാണുന്ന ഭാഗത്തേക്ക്‌ വന്നത്‌. പഴയ വാര്യത്തിന്റെ മുകൾ ഭാഗം അഗ്നിക്ക് ഇരയായപ്പോൾ ആണ് ഇങ്ങോട്ടേക്കു വന്നത് . നൂറ്റാണ്ടുകൾക്ക്‌ മുന്നെ വാര്യത്ത്‌ സ്ത്രീ ജനങ്ങൾ ഇല്ലാതായപ്പോൾ ,സന്തതി പരമ്പരയുടെ നിലനിൽപ്പിനായി കുത്തനൂർ വാര്യത്ത്‌ നിന്ന് ദത്തെടുത്തിട്ടുണ്ട്‌ . കൊടുവായൂർ തിരുവളയനാട്‌ ക്ഷേത്രത്തിന്റെ കഴകത്തോടൊപ്പം കുതിരവട്ടം സ്വരൂപത്തിന്റെ ഭൂമി നോക്കി നടത്താനും ഇവരെ ഏൽപ്പിച്ചിരുന്നു. ജന്മിത്തം ഉണ്ടായിരുന്നു ഇവർക്ക്‌.കൊടുവായൂർ, കരിപ്പോട്‌ , കുത്തനൂർ, എത്തനൂർ , എന്നീ ഭാഗങ്ങളിലായി ധാരാളം കൃഷി ഭൂമികൾ ഉണ്ടായിരുന്നു ഇവർക്ക്‌. വാര്യം‌ നിൽക്കുന്നതിന്റെ ഇടത്ത് ഭാഗത്തായും കൃഷിഭൂമി ഉണ്ടായിരുന്നു ഇവർക്ക് .


ഇന്ന് കാണുന്ന കൊടുവായൂർ വാര്യം സമുച്ചയം ഒരു നാലുകെട്ടും പത്തായപ്പുരയും കൂടി ചേർന്നതാണ്‌ . നാലുകെട്ടിന്‌ 200ഇൽ അധികം പഴക്കം ഉണ്ട്‌. പത്തായപ്പുര 1924 ആണ്‌ നിർമ്മിച്ചത്‌. ഒരു പ്രത്യേക ഭംഗി തന്നെയാണ്‌ ഇവിടെ നിർമ്മിതിക്ക്‌. ദൂരെ നിന്ന് തലയുയർത്തി നിൽക്കുന്ന തെങ്ങിനോടൊപ്പം വാര്യവും കാണാം നമുക്ക്‌. നാലുകെട്ട്‌ രണ്ട്‌ നിലയും പത്തായപ്പുര മൂന്ന് നിലയുമാണ്‌ . നാലുകെട്ടിനെയും പത്തായപ്പുരയെയും ഒരു വരാന്തയിലൂടെ യോജിപ്പിച്ചിരിക്കുന്നു. തുളസിത്തറ നമ്മെ സ്വീകരിക്കാൻ ആയി വാര്യത്തിന്‌ മുന്നിൽ തന്നെ നിൽക്കുന്നത്‌ കാണാം .തൂണുകൾ ഉള്ള വരാന്തയും മനോഹരമായ കൊത്തുപണികൾ ഉള്ള പഴമയേറെയുള്ള പ്രധാന വാതിലും, പുറത്താളവും , വല്ലിയ തൂണുകൾ ഉള്ള തെക്കിനിത്തറയും, ചെറിയ നടുമുറ്റവും, പതിനാലോളം മുറികളും, വല്ലിയ തളങ്ങളും, പ്രസവമുറി, മച്ച്‌, എന്നിവ അടങ്ങിയതാണ്‌ നാലുകെട്ട്‌. ധാരാളം കൊത്തുപണികളും, കിളിവാതിലുകളും നാലുകെട്ടിനു ഭംഗി കൂട്ടുന്നു.പത്തായപ്പുര 1924 ആണ്‌ നിർമ്മിച്ചത്‌.താഴത്തെ നിലയിൽ പത്തായവും ( പിന്നീട്‌ അത്‌ മാറ്റി) നിലവറകുണ്ടും, നാല്‌ മുറികളും, വല്ലിയ തളങ്ങളും വരാന്തകളും അടങ്ങിയതാണ്‌ പത്തായപ്പുര. മനോഹരമായ മുറികളിൽ പഴയകാലത്തെ കട്ടിലുകളും, മറ്റും കാണാം നമുക്ക്‌. തട്ടുകൾക്ക്‌ ഒന്നും ഒരു കേടുപാടുകളും സംഭവിച്ചിട്ടില്ല . പഴമയുടെ സുഗന്ധം എങ്ങും നിറഞ്ഞു നിൽക്കുന്നു.പണ്ട്‌ നാലുകെട്ടിനോട്‌ ചേർന്ന് അടുക്കള കിണറും, കൊട്ടത്തളവും എല്ലാം ഉണ്ടായിരുന്നു.സമുച്ചയത്തിനോട്‌ ചേർന്ന് ഒരു കിണറും വല്ലിയ കുളവും ഉണ്ട്‌. ഒരു കാലത്ത്‌ ഇവിടെ ഒരു കൂട്ടുകുടുംബ വ്യവസ്ഥിതി തന്നെ നില നിന്നിരുന്നു. ധാരാളം വാല്യക്കാരും, അവർക്ക്‌ താമസിക്കാൻ ഉള്ള സൗകര്യവും , ക്ഷേത്രത്തിൽ പൂജിക്കാൻ വരുന്ന ശാന്തിക്കാരനു ഉള്ള താമസ സൗകര്യവും ഇവിടെ തന്നെ ഏർപ്പാടാക്കിയിരുന്നു. ഒരുപാട്‌ കുടുംബങ്ങൾ ഇവരെ ആശ്രയിച്ച്‌ ജീവിച്ചിരുന്നു. ഇന്നും അവരിലൊരാളെ നാലുകെട്ടിൽ വച്ച്‌ ഞാൻ കണ്ടുമുട്ടി. പഴയ കാലത്തെ വീണ്ടും കണ്ടുമുട്ടിയ പോലെ തോന്നി വാര്യത്ത്‌ ചെന്നപ്പോൾ. പാലക്കാടൻ തറവാടുകളിൽ വച്ച്‌ ഒരു വിത്യസ്ഥത ഈ വാര്യത്തിനുണ്ട്‌. വാര്യം കാത്തു സംരക്ഷിക്കുന്ന വാര്യത്തെ കുടുംബാംഗങ്ങൾക്ക്‌ എന്റെ കൂപ്പു കൈ


കണ്ടത്താർ കാവ്‌ ഭഗവതിയാണ്‌ ഇവരുടെ അടിമക്കാവ്‌. മച്ചിൽ ഭഗവതിയുണ്ട്‌. വാര്യത്ത്‌ തന്നെ ശ്രീകോവിൽ കെട്ടി ശ്രീ തിരുവളയനാട്‌ ഭഗവതിയെ കുടിയിരുത്തിയിട്ടുണ്ട്‌. വിളക്ക്‌ വയ്ക്കുന്നുണ്ട്‌ ഇവിടെ നിത്യേന .സർപ്പക്കാവും ഉണ്ട്‌ അവിടെ . വർഷാവർഷം ആയില്യത്തിന്‌ പൂജ പതിവുണ്ട്‌.നരിക്കോട്‌ ക്ഷേത്ര ഊരായ്മ ഉണ്ട്‌ ഇവർക്ക്‌ .ചതുർബാഹുവായ മഹാവിഷ്ണു ആണ് ഇവിടുത്തെ പ്രതിഷ്ഠ. നരിക്കോട്ട്‌ തേവർ എന്നാണീ മൂർത്തിയെ അറിയപ്പെടുന്നത്.


കൊടുവായൂരിന്റെ സാമൂഹികമായ പുരോഗതിയിലും കൊടുവായൂർ വാര്യക്കാർക്ക്‌ വല്ലിയ പങ്കുണ്ട്‌. ധാരാളം ഭൂമി ഭൂപരിഷ്കരണ നിയമം എല്ലാം വരുന്നതിനു മുന്നെ തന്നെ നാടിന്റെ വികസനത്തിനായി വിട്ടു കൊടുത്തിരുന്നു. പണ്ട്‌ കാലത്ത്‌ വഴിയാത്രക്കാർക്ക്‌ വിശ്രമിക്കാനായി അത്താണികളും , സംഭാര പാർച്ചകളും, വാര്യത്ത്‌ വരുന്നവർക്കെല്ലാം ഭക്ഷണവും,ഏർപ്പാടാക്കിയിരുന്നു. രാത്രി ഏട്ട്‌ മണിക്ക്‌ അത്താഴപ്പട്ടിണിക്കാരുണ്ടൊ എന്ന് ചോദിച്ച്‌ ഇവിടെ ആരും പട്ടിണി കിടക്കുന്നില്ലാ എന്നുറപ്പ്‌ വരുത്തിയെ അവർ ഉറങ്ങിയിരുന്നുള്ളൂ . വാര്യത്തെ വല്ലിയ കുളം നാട്ടിലെ ജനങ്ങൾക്ക്‌ എല്ലാം ആശ്രയമായിരുന്നു. ആന്ധ്ര വായു എന്ന രോഗ ശമനത്തിനായി വാര്യത്ത്‌ നിന്ന് പ്രത്യേക പച്ചമരുന്ന് ഉപയോഗിച്ച്‌ നിർമ്മിക്കുന്ന ഒരു ഔഷധ എണ്ണ കൊടുക്കുന്നുണ്ട്‌ . നൂറ്റാണ്ടുകളായുള്ള ഈ എണ്ണയുടെ വിശേഷണം അറിഞ്ഞ്‌ നാനാദേശത്ത്‌ നിന്ന് അനവധിയാളുകൾ വാര്യത്തേക്ക്‌ എണ്ണ വാങ്ങാൻ വരുന്നുണ്ട്‌.


അനവധി ദീർഘ വീക്ഷണമുള്ള കാരണവന്മാർ വാര്യത്ത്‌ ഉണ്ടായിരുന്നു. സി ഐ ആയിരുന്ന ശ്രീ കെ വി കൃഷ്ണ വാര്യർ ( 1860-1946) അദേഹമായിരുന്നു പത്തായപ്പുര നിർമ്മിച്ചത്‌. സമൂഹത്തിലെ പ്രസിദ്ധനായ വ്യക്തിത്വമായിരുന്നു അദേഹം. തിരുവളയനാട്‌ ക്ഷേത്രത്തിന്റെ കാര്യങ്ങൾ നോക്കി നടത്തുകയും, വഴിയാത്രക്കാർക്ക്‌ വേണ്ടി അത്താണി ഒക്കെ നിർമ്മിക്കുകയും മറ്റും സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത ശ്രീ കെ വി രാഘവ വാര്യർ, കാര്യപ്രാപ്തിയും, കുടുംബത്തെ മുന്നോട്ട്‌ നയിക്കാനുള്ള പാടവവും കൊണ്ട്‌ പ്രസിദ്ധരായ ശ്രീ ഇക്കാളി വാരസ്യാർ, അവരുടെ മകൾ ശ്രീ ലക്ഷ്മി വാരസ്യാർ, വക്കീൽ ആയിരുന്ന ശ്രീ കെ വി ബാലചന്ദ്രൻ വാര്യർ, സേലം സ്റ്റീൽ പ്ലാന്റ്‌ മുതിർന്ന ഉദ്യോഗസ്ഥനും ഇപ്പോഴത്തെ വാര്യത്തെ കാരണവരുമായ ശ്രീ രാധാകൃഷ്ണ വാര്യർ എന്നിവർ വാര്യത്തെ പ്രമുഖർ ആണ്‌ . സ്ത്രീകളിൽ ഇപ്പോഴത്തെ തലമൂത്ത കാരണവർ ശ്രീ സീതാവാരസ്യാർ ആണ്‌ . ശ്രീ ലക്ഷ്മി വാരസ്യാരുടെ മക്കളും ( പാർവ്വതി വാരസ്യാർ, സരോജിനി വാരസ്യാർ, സീത വാരസ്യാർ, കമലദേവി വാരസ്യാർ, ശാരദ വാരസ്യാർ, ശ്രീ ബാലചന്ദ്രൻ, ശ്രീ രാധാകൃഷ്ണൻ )പേരക്കുട്ടികളും ആണിന്നീ പരമ്പരയിൽ ഉള്ളത്‌.കൊടുവായൂർ വാര്യക്കാർക്ക്‌ തറക്കൽ വാര്യവും, എത്തനൂർ വാര്യവും ആയി ബന്ധുത്വം ഉണ്ട്‌.കാലങ്ങൾ എത്ര കഴിഞ്ഞാലും കൊടുവായൂർ വാര്യത്തിനു പേരും പുകഴോടെയും എന്നും ഇങ്ങനെ ആഢ്യത്വത്തോടെ തലയുയർത്തി നിൽക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.


വാര്യത്തിൽ ചെന്ന എന്നെ സ്വീകരിക്കുകയും ഒരുപാട് കാര്യങ്ങള് എനിക്ക് പറഞ്ഞു തരികയും ചെയ്ത ശ്രീമതി രാധ വാരസ്യാർക്കും കുടുംബത്തിനും ,മറ്റു ചരിത്ര വിവരങ്ങൾ പറഞ്ഞ തന്ന വാര്യത്തെ ശ്രീ ഗിരീഷ് വാര്യർ അദ്ദേഹത്തിനും എന്റെ നന്ദി അറിയിക്കുന്നു

സായിനാഥ് മേനോൻ



136 views0 comments

Commenti


bottom of page