top of page

K W Achutha Warrier nominated for Santhosh Smrithi Award

Writer: warriers.orgwarriers.org

സന്തോഷ് സ്മൃതി പുരസ്‌കാരം ശ്രീ. കെ. ഡബ്ലിയു. അച്യുതവാരിയർക്ക്


ആറാട്ടുപുഴ ഉത്സവാഘോഷ കമ്മറ്റിയുടെ മൂന്നാമത് സന്തോഷ് സ്മൃ‌തി പുരസ്‌കാരത്തിന് ചേർപ്പ് ഭഗവതി ക്ഷേത്ര ത്തിലെ പാരമ്പര്യ കഴകവൃത്തിക്കാരൻ കെ. ഡബ്ലിയു. അച്യുതവാരിയർ അർഹനായി. അറുപത് വർഷമായി ചേർപ്പ് ഭഗവതി ക്ഷേത്രത്തിൽ നടത്തി വരുന്ന സേവനമാണ് ഇദ്ദേഹത്തെ പുരസ്ക്‌കാരത്തിനർഹനാക്കിയത്. 15001 രൂപയുടെ ക്യാഷ് അവാർഡും കീർത്തിമുദ്രയും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് ഈ പുരസ്ക്കാരം,


ആറാട്ടുപുഴ പുരവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളിലേയും അനുബന്ധ ക്ഷേത്രങ്ങളിലേയും സംബന്ധി അടിയന്തരക്കാർ, കഴകക്കാർ തുടങ്ങിയവരിൽ മികച്ച സേവനം നടത്തിവരുന്നവരെ ആദരിക്കുന്നതിനു വേണ്ടി ആറാട്ടുപുഴ ക്ഷേത്ര ഉപ ദേശക സമിതി ഏർപ്പെടുത്തിയതാണ് ഈ പുരസ്‌കാരം. പുരത്തിൻ്റെ കൊടിയേറ്റ ദിവസമായ ഏപ്രിൽ 3ന് വൈകുന്നേരം 6 മണിക്ക് ആറാട്ടുപുഴ ക്ഷേത്രാങ്കണത്തിൽ വെച്ച് ബഹു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പുരസ്ക്കാരം സമർപ്പിക്കും. ആറാട്ടുപുഴ ക്ഷേത്രത്തിൽ 40 വർഷത്തിലേറെ കാലം പാരമ്പര്യ കഴകക്കാരനായി സേവനം നടത്തിയ ആറാട്ടുപുഴ വാരിയത്ത് സന്തോഷിൻ്റെ സ്‌മരണാർത്ഥമാണ് ഈ പുരസ്‌കാരം നൽകുന്നത്.


കുട്ടനെല്ലൂർ വാര്യത്ത് ശേഖര വാര്യരുടെയും ചേർപ്പ് കിഴക്കേ വാര്യത്ത് മാധവി വാരസ്യാരുടെയും ഇളയ മകനായി 1943 ഏപ്രിൽ 5ന് അശ്വതി നക്ഷത്രത്തിൽ ജനനം. ചേർപ്പ് സി. എൻ.എൻ. ബോയ്‌സ് ഹൈസ്‌കൂളിലും തൃശ്ശൂർ സെന്റ്റ് തോമസ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. മലപ്പുറം ജില്ലയിലെ പുലാമന്തോൾ സർക്കാർ ഹൈസ്‌കൂളിൽ ഗണിതാദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. തൃശ്ശൂർ ജില്ലയിൽ മണലൂർ സർക്കാർ ഹൈസ്‌കൂൾ, പെരിങ്ങോട്ടുകര സർക്കാർ ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ സേവനത്തിനുശേഷം ചേർപ്പ് സർക്കാർ ഹൈസ്‌കൂളിലാണ് ദീർഘകാലം സേവനമനുഷ്ഠിച്ചത്. ചേർപ്പ് സർക്കാർ ഹൈസ്‌കൂളിന് ആദ്യമായി എസ്.എസ്.എൽ.സിക്ക് 100 ശതമാനം വിജയം നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. 1990ൽ സംസ്ഥാന അവാർഡും 1997ൽ മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്.


അദ്ധ്യാപകവൃത്തിയിൽ വ്യാപൃതനായിരിക്കുമ്പോഴും പരമ്പര്യമായി ലഭിച്ച ചേർപ്പ് ഭഗവതിയുടെ കഴകപ്രവൃത്തിയിലും ഭാര്യയുടെയും മക്കളുടെയും നിർലോഭമായ സഹായസഹകരണത്താൽ സജീവമായിരുന്നു. എത്രകണ്ട് തിരക്കുകൾ ഉണ്ടായിരുന്നാലും പെരുവനം, ആറാട്ടുപുഴ പൂരക്കാലത്ത് ചേർപ്പ് ഭഗവതിയുടെ വിളക്കും പന്തവും പിടിക്കാൻ സ്ഥിരസാന്നിധ്യമാണ്. നല്ലൊരു കർഷകൻ കൂടിയാണ് ഇദ്ദേഹം.


തന്റെ ഉപാസനാമൂർത്തിയായ ചേർപ്പ് ഭഗവതിക്ക് മാല കെട്ടിക്കൊടുക്കുന്നത് ഒരു ദിനചര്യയായി ഈ 82-ാം വയസ്സിലും തുടരുന്നു. മുളങ്ങിൽ വാര്യത്ത് ദേവി വാരസ്യാരാണ് ഭാര്യ. ഗീത, സുധ, ശ്രീദേവി, ധന്യ എന്നിവരാണ് മക്കൾ.


പുരസ്‌കാരത്തിൻ്റെ മുഴുവൻ ചെലവും വഹിക്കുന്നത്


ആറാട്ടുപുഴ വാരിയത്ത് സന്തോഷിൻ്റെ കുടുംബാംഗങ്ങളാണ്.


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐




Comments


bottom of page