ജനൽപ്പടികൾ by ഇള
" തങ്കം, ആരാ അവിടെ ? ഉണ്ണിയാണോ ? എപ്പോഴാ വന്നത്?"
അച്ഛന്റെ ശബ്ദം, ഉണ്ണിയുടെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നു.
അച്ഛന്റേയും, അമ്മയുടേയും മുറി,അവിടത്തെ തെക്കോട്ടുള്ള ജനൽ തുറന്നാൽ ഉമ്മറത്തു നിന്ന് വരുന്ന ആളുകളേയും പറമ്പിന്റെ കുറച്ചു ഭാഗവും കാണാം. ആ മുറിയിൽ കയറി ഇറങ്ങുന്ന തെക്കൻ കാറ്റിന് അമ്മയുടെ മുടിയിഴകളുടെ അഴക് കൂട്ടിയിരുന്ന കാച്ചിയ എണ്ണയുടെ മണമായിരുന്നു പണ്ട്. പക്ഷെ ഇപ്പോൾ ധന്വന്തരം കൊഴമ്പിന്റെ മണമാണ്. കുറേ കാലമായി അച്ഛൻ വാതം പിടിച്ച് കിടപ്പിലായിട്ട്. അച്ഛന് പുറം ലോകമായുള്ള ബന്ധം നിലനിർത്താൻ സഹായിക്കുന്നത്, ആ ജനലാണ്.
ആ ജനൽപ്പടികൾക്കും ഉണ്ട് പല കഥകൾ പറയാൻ. ഞങ്ങൾ കുട്ടികൾ കാണിക്കുന്ന കുറുമ്പുകൾ അമ്മയെ കാണിച്ചു കൊടുക്കുന്നതും ആ ജനലാണ്. പണ്ടെല്ലാം എനിക്ക് ആ ജനലിനെ ഇഷ്ടമായിരുന്നില്ല. " പാര പണിയുന്ന ജനൽ"!!!
ഞാൻ കുറച്ചു വലുതായപ്പോൾ ആ ജനൽപ്പടികളിൽ തൂങ്ങി, എന്നെ കാത്തു നിൽക്കുന്ന അച്ഛന്റെ മുഖം ഇപ്പോഴും ഓർമ്മ വരുന്നു.
" തങ്കം, അവൻ വന്നില്ലല്ലോ?" അച്ഛന്റെ ആവലാതി.
"നിങ്ങൾ ഒന്നുകിടക്കുന്നുണ്ടോ ? ഇന്ന് മാസാവസാനമല്ലേ, അവനും ഒപ്പം ജോലി ചെയ്യുന്ന കുട്ടികൾക്കും കണക്ക് ബോധിപ്പിക്കേണ്ട ദിവസമല്ലേ ? എല്ലാം കഴിയുമ്പോഴേയ്ക്കും നേരം ഇശ്ശിയാവും ? " അമ്മയുടെ സാന്ത്വന വാക്ക്.
" അതന്യാ എന്റെ പേടി. അവനാവും കാർ ഓടിക്കുന്നത്. ഇശ്ശിദൂരല്ലേ ഈ എറണാംകുളത്തു നിന്ന് ഇവിടേയ്ക്ക്.? രാത്രി വളരെ വൈകിയില്ലേ, ഉറക്കം വല്ലതും അവന് വന്നാലോ? ശിവ ,ശിവ!! ഓർക്കാൻ വയ്യ " അച്ഛന്റെ വാക്കുകളിൽ ,ഒരിക്കലും ഞാൻ പുറത്തു കാണാത്ത വാൽസല്യം നിറഞ്ഞിരുന്നു, മകനെ കുറിച്ചുള്ള കരുതലും….
അതിനും ആ ജനൽപ്പടികൾ സാക്ഷി. എത്രയോ മാസ അവസാന രാത്രികൾ അച്ഛന് കൂട്ടായി ,അല്ല താങ്ങായിട്ടുള്ള ഈ അഴികൾ.…….
അച്ഛനെ എനിയ്ക്ക് ശരിയ്ക്കും ബഹുമാനമായിരുന്നു. കുടുംബത്തിലെ കാരണവർ. വളരെ ചെറുപ്പത്തിലേ കുടുംബഭാരം തോളിലേറ്റേണ്ടി വന്ന ഒരു പാവം സ്കൂൾ അദ്ധ്യാപകൻ. സഹോദരിമാരുടെ വിവാഹം കഴിഞ്ഞ് സ്വയം വിവാഹം കഴിയ്ക്കാൻ വളരെ വൈകി. എന്റെ പത്താം ക്ലാസ്സ് കഴിഞ്ഞതോടു കൂടി, അച്ഛനും ജോലിയിൽ നിന്ന് വിരമിച്ചു. പിന്നീട് അച്ഛന്റെ ഇഷ്ടപ്പെട്ട വിനോദം, പേപ്പർ വായനയും, പുസ്തകങ്ങളും ആയിരുന്നു. പല നിറങ്ങളിലുള്ള റോസ്സ് ചെടികളും വളർത്തിയിരുന്നു. എന്നും രാവിലെ റോസ പൂക്കളോട് കിന്നാരം പറഞ്ഞിരിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. പക്ഷെ ആ പനിനീർ പുഷ്പങ്ങളെ പറിയ്ക്കുവാൻ ആരേയും അനുവദിച്ചിരുന്നില്ല. അച്ഛന്റെ പഴയ വിദ്യാർത്ഥികൾ പലരും വീട്ടിൽ വരുമായിരുന്നെങ്കിലും, അച്ഛൻ എന്തുകൊണ്ടോ , ആരോടും അത്ര അടുപ്പം കാണിച്ചിരുന്നില്ല !!!. പൂർവ്വ അദ്ധ്യാപകരെ ആദരിക്കുന്ന ഒരു ചടങ്ങ് ,അച്ഛൻ പഠിപ്പിച്ച സ്കൂൾ സംഘടിപ്പിച്ചിരുന്നു. പക്ഷെ അച്ഛൻ പോയില്ല. ജീവിതത്തിലെ കൊഴിഞ്ഞു പോയ ഏടുകളെ എന്തോ, അച്ഛൻ തുറക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല.!!!!! എന്റെ ഓർമ്മയിൽ അച്ഛൻ പിന്നീട് ആ സ്കൂളിലേയ്ക്കുതന്നെ പോയിട്ടില്ല. ഇന്നലെകളെ സ്നേഹിക്കാതെ ഇന്ന് ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളായിരുന്നു അച്ഛൻ.….
അച്ഛനെ എപ്പോഴാണ്, ഈ വാതരോഗം പിടികൂടിയത് എന്ന് എനിയ്ക്ക് ശരിയ്ക്കും ഓർമ്മയില്ല. തീരെ കിടപ്പിലായത് എന്റെ വിവാഹത്തിന് മുമ്പാണ്. ഇപ്പോഴും എനിയ്ക്ക് ഓർമ്മയുണ്ട്, എന്റെ വിവാഹത്തിനു വേണ്ടി
കുമ്മായം അടിയ്ക്കുന്ന സമയം. എല്ലാ മുറികളും കുമ്മായമടിച്ച ശേഷമേ, അച്ഛന്റെ മുറി ചെയ്തുള്ളൂ. അതിനു വേണ്ടി അച്‌ഛനേയും, അച്ഛന്റെ കട്ടിലിനേയും മുറിയിൽ നിന്ന് മാറ്റേണ്ടി വന്നു.
" എന്നെ എന്റെ സ്വർഗ്ഗത്തിൽ നിന്ന് മാറ്റി കിടത്തി, നീയ്യ് അല്ലേ ?" അച്ഛൻ മുഖത്തു നോക്കി ചോദിച്ച നിമിഷം.…
ആ മുറിയും അവിടത്തെ ആ ജനലും , മര അലമാറയും എല്ലാം അടങ്ങിയതായിരുന്നു ആ സ്വർഗ്ഗം. തനിക്ക് നടക്കാൻ കഴിഞ്ഞില്ലെങ്കിലും ആ ജനലിൽ കൂടി എല്ലാം കാണാൻ സാധിക്കുമായിരുന്നു.
വിവാഹം കഴിഞ്ഞ് താമസിയാതെ എനിക്ക് ബോംബെയിലേയ്ക്ക് മാറ്റം കിട്ടി. അന്ന് ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. പിന്നീട് എന്റെ സന്ദർശനം കൊല്ലത്തിൽ ഒരു തവണയായി മാറി. ഓരോ പ്രാവശ്യം വരുമ്പോഴും അച്ഛനും,അമ്മയ്ക്കും പ്രായം കൂടി കൂടി വന്നുകൊണ്ടേ ഇരുന്നു.….
ഇന്ന് ഞാൻ വരാന്തയിൽ കാല് വെയ്ക്കുമ്പോൾ എന്റെ വരവും കാത്ത് കാതോർത്തിരിക്കുന്ന ആ രണ്ട് കണ്ണുകൾ അടഞ്ഞു പോയിരിക്കുന്നു. കുഴമ്പിന്റെ മണം, കത്തിച്ചു വെച്ചിരിക്കുന്ന ചന്ദനത്തിരികളും, സാമ്പ്രാണിയും സ്വന്തമാക്കി. എല്ലാ സ്നേഹവും, വാൽസല്യവും ഹൃദയത്തിൽ സൂക്ഷിക്കുന്ന എന്റെ അച്ഛൻ സ്വർണ്ണ തേരിലേറി യാത്രയായി.…..
അമ്മ മാത്രം തെക്കോട്ട് തുറന്നിരിക്കുന്ന സന്തോഷത്തിന്റേയും ,വിഷമത്തിൻന്റേയും , പരിഭവത്തിന്റേയും, ദേഷ്യത്തിന്റേയും, ഉൽക്കണ്ഠയുടേയും , ധന്വന്തരം കുഴമ്പിന്റേയും മണമുള്ള ജനൽപ്പടികളിൽ തൂങ്ങി, അച്ഛന്റെ ചിത എരിയുന്നതും കണ്ട് നിൽപ്പായി.……
(Sunitha Anil is D/o of Soudamini , Peringode Warriam & Ekkanda Warrier,Thalor Warriam.)
👍👌: Warriers.org
Commentaires