top of page

JAIHIND - Short Story By Ravi Variyath

Writer's picture: warriers.orgwarriers.org

*ജയ് ഹിന്ദ്.*


രാധേട്ടാ...

എന്താത്ര ആലോചിച്ചോണ്ട് നടക്കണത്.

ഇന്ന് ഷേവിങ്ങും കുളീം..... ഒന്നൂല്യേ.


അടുക്കള ജനലിലൂടെ എന്നെ നോക്കി ഭാര്യ ചോദിച്ചു.


ജനുവരി മാസത്തിൻ്റെ കുളിരുള്ള കാറ്റും പ്രകൃതിയുടെ പുലർകാല സുഗന്ധവും ആസ്വദിച്ച് ഗതകാല സ്മരണകളെ അയവിറക്കി കൊണ്ട് ഞാൻ ചരൽ മുറ്റത്ത് കൂടി നടക്കുകയായിരുന്നു. അപ്പോഴാണ് ആ ചോദ്യം ഞാൻ കേട്ടത്.


ഇന്ന് നാലാം ശനി ആഴ്ച്ചയാണ്. ഓഫീസ് അവധിയാണ്.

അതു കൊണ്ട് നിത്യവൃത്തികളൊക്കെ ഇത്തിരി വൈകിയാലും ഈ മുറ്റത്തു കൂടി മുണ്ട് മടക്കിയുടുത്ത് അർദ്ധനഗ്നനായി

നടക്കുമ്പോൾ കിട്ടുന്ന പരമാനന്ദം മതിയാവാത്തതു കൊണ്ട് അടുക്കള ജനലിലൂടെ കേട്ട ആ ചോദ്യം അവഗണിച്ച്

ഞാൻ നടത്തം തുടർന്നു.

വീടുവെക്കുമ്പോൾ മുറ്റം മുഴുവൻ

ടൈൽസ് പതിക്കണമെന്ന് പത്താം ക്ലാസിൽ പഠിക്കുന്ന മകനും എട്ടാം ക്ലാസുകാരി മകളും പറഞ്ഞതായിരുന്നു.

ഭാര്യയും അതിന് അനുകൂലിച്ചുകൊണ്ട് പറഞ്ഞു.

അത് വേണം ട്ടോ

അപ്പുറത്തെ സാവിത്രി ചേച്ചിയുടെ വീട് കണ്ടില്ലേ എന്താ രസം. നല്ല ചുവപ്പും കറുപ്പം നിറമുള്ള ആ വീടിൻ്റെ മുറ്റം കണ്ടാൽ അവിടെ കിടക്കാൻ തോന്നും.

അപ്പോൾ ഞാനൊന്ന് പതുക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു.

അതാ പ്രശ്നം മുറ്റം നടക്കാനുള്ളതാണ് കിടക്കാനുള്ളതല്ല.

നടക്കുബോൾ കാലടികളിൽ മണ്ണു പറ്റണം കല്ലു കുത്തണം .

എന്നാൽ അത് അക്യു പങ്ചർ ചികിത്സ പോലെ നാഡീ ഞെരമ്പുകൾക്ക് ഊർജ്ജം പകരും. മാത്രമല്ല ചെരിപ്പില്ലാതെ ഈ മഞ്ഞു വീണ മണ്ണിൽ ചിതറി കിടക്കുന്ന നനഞ്ഞ ഇലകളെ ചവിട്ടിയുള്ള നടത്തം പഞ്ചഭൂതങ്ങളുമായിട്ടുള്ള നമ്മുടെ ഒരു ഇഴചേരൽ കൂടിയാവും.


ദാ .....പിന്നേയ്

ഒരു കുപ്പായമിട്ടൂടെ മനുഷ്യാ നിങ്ങക്ക്.

ഈ ജനറൽ ബോഡീം കാണിച്ച് ഈ തണുപ്പത്ത് നടക്കണോ...

ജലദോഷോ, പനിയോ വന്നാൽ കിടപ്പാവും ട്ടൊ .

കൊറോണ പോയ ശേഷം എന്തൊക്കെ അസുഖങ്ങളാ വരണതെന്ന് ദൈവത്തിനും കൂടി അറിയില്ല.


ഭാര്യയേ കൊണ്ട് കൂടുതൽ പറയിപ്പിക്കേണ്ട എന്ന് കരുതി ഞാൻ മെല്ലെ അകത്തേക്കു നടന്നു.

പിന്നിൽ അപ്പോഴും

നാനാ വർണ്ണ പ്രസൂനങ്ങളുടെ സുഗന്ധം പൂശിയ

തെന്നൽ വീശിക്കൊണ്ടേയിരുന്നു.


നാളെ ജനുവരി ഇരുപത്താറല്ലെ രാധേട്ടാ നമുക്കിന്ന് പുതിയ മാളിൽ പോയാലൊ.

ഭാര്യ ചോദിച്ചു.

അത്

വെറും മാളല്ല ട്ടൊ.

ഇൻ്റർ നാഷണലാണ്.

വിദേശത്തൊക്കെ

ഉള്ള മെഗാ മാളുകൾ പോലെ . അവിടെ കിട്ടാത്തതൊന്നും ഇല്ല.

അതോണ്ട് ഒരു പാട്

ഓഫറുകളുണ്ടാവും

സ്ക്കീമുകളും ഉണ്ടാവും


ഓ ....ജനുവരി 26

റിപ്പബ്ലിക്ക് ദിനം.

നാളെ ഞായറാഴ്ച്ച

ഒരു ഹോളിഡെ പോയി കിട്ടി.

ഞാൻ മനസിൽ പറഞ്ഞു.


എന്നാ നാളെ പോവാം. ഞാൻ പറഞ്ഞു.


അത് വേണ്ട നാളെ ഭയങ്കര തിരക്കാവും.

നമുക്ക് ഇന്നു തന്നെ പോവാം.


ങും... ശരി

ഞാൻ സമ്മതിച്ചു.


എന്നാ നമുക്കിന്ന് ഡോമിനോസിൽ പോയി പിസ കഴിക്കാം ട്ടൊ അച്ഛാ.


മക്കളുടെ കോറസ് കേട്ട് ഞാൻ അതിനും സമ്മതം മൂളി.

പുറത്ത് പോയി ഭക്ഷണം കഴിക്കുന്നത് അത്ര സാധാരണമല്ലാത്തൊരു കാലമായിരുന്നു എൻ്റെ കുട്ടിക്കാലം.

അന്ന് ഇത്ര വലിയ ഭക്ഷണ സംവിധാനങ്ങളൊന്നും പട്ടണങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. ഓണത്തിന് ഇടാൻ പുതിയ കുപ്പായത്തിനും, ട്രൗസറിനും തുണിയെടുക്കാൻ അച്ഛൻ്റെ കൂടെ നാലഞ്ചു കിലോമിറ്റർ ദൂരേയുള്ള ഒറ്റപ്പാലത്തേക്ക് പോയപ്പോഴാണ് ആദ്യമായി ഞാനൊരു ഹോട്ടലിൽ കയറിയത്.

അന്ന് ഞാൻ എട്ടാം ക്ലാസിലായിരുന്നു.

സുബ്രഹ്മണ്യ വിലാസം സസ്യഭോജന ശാല എന്നായിരുന്നു ആ ഹോട്ടലിൻ്റ പേര്. ഞാനും അച്ഛനും രണ്ടു കസേരകളിൽ മുഖാമുഖം ഇരുന്നു. നടുക്ക് ചെറിയൊരു മേശ.അതിൻ്റെ ഒരു കാല് ഇളകുന്നതായിരുന്നു. അപ്പോഴേക്കും

രണ്ടു കാപ്പിയും ഈരണ്ട് ഉഴുന്നുവടകളും ആരോ ഒരാൾ മേശപ്പുറത്ത് കൊണ്ടു വന്നു വെച്ചു. അപരിചിതരുടെ മുന്നിലിരുന്ന് അത് കഴിക്കാൻ എനിക്കിത്തിരി സങ്കോചമുണ്ടായിരുന്നു. പക്ഷെ ചൂടുള്ള സാമ്പാറിൽ നിന്ന് ആവി പൊന്തുന്ന വട എന്നെ വല്ലാതെ കൊതിപ്പിച്ചുകൊണ്ടിരുന്നു.

സ്വർണ്ണം പോലെ മിന്നുന്ന ഒരു പിച്ചള ഗ്ലാസിലായിരുന്നു കാപ്പി .

അതിലും മിന്നുന്നൊരു പിച്ചള ഡവറയിലായിരുന്നു ഗ്ലാസ് കവിഴ്ത്തി വെച്ചിരുന്നത്.

അതിന് ഭയങ്കര ചൂട്. എനിക്കത് തൊടാൻ തന്നെ പേടി ആയി. അപ്പോൾ അച്ഛൻ ഗ്ലാസെടുത്ത് മാറ്റി കാപ്പി ആറ്റി തന്നു.

ഊതിയൂതി കുടിക്ക് അല്ലെങ്കിൽ നാവ് പൊള്ളും

എന്നും പറഞ്ഞു.


ഭാര്യയും മക്കളും തീരുമാനിച്ച പോലെ ഞങ്ങൾ വൈകുന്നേരം നാലു മണിയോടെ മാളിലേക്ക് പോകാനായി കാറിൽ കയറി.

പുറത്ത് തണുപ്പുണ്ട്

പക്ഷെ പിള്ളേർക്ക് ഏസി വേണം ... ഭാര്യക്ക് വേണ്ട.

പുറത്തെ കാറ്റിനാണ് കുടുതൽ സുഖം,

ഏസിയിലിരുന്നാൽ എനിക്ക് തല വേദനക്കും എന്ന് അമ്മയും അല്ല അത് പൊള്യൂട്ടഡ് എയറാണെന്ന് മക്കളും തമ്മിലുള്ള

തർക്കം തീരുന്നതിന് മുമ്പേ ഞങ്ങൾ മാളിലെത്തി. അവിടെ

കാറ് പാർക്ക് ചെയ്യാനുള്ള സ്ഥലം നിറഞ്ഞു കവിഞ്ഞിരുന്നതുകൊണ്ട് ഞാനവരെ ഇറക്കിവിട്ട് ദുരെ കാർ നിർത്തി തിരിച്ചു വന്നു.

ഇതിൻ്റെ ഉൽഘാടനം കഴിഞ്ഞിട്ട് അഞ്ചാറു മാസമെ ആയിട്ടുള്ളു.

സാധനങ്ങൾ മേടിക്കാനൊന്നും ഇല്ലെങ്കിലും മാൾ എന്ന മാന്ത്രിക കൊട്ടാരം കാണാനാണ് കുടുംബ സമേതം ആളുകൾ ഇവിടെ വരുന്നത്.

പക്ഷെ തിരിച്ചു പോകുമ്പോൾ ട്രോളിയും ഉന്തി വരുന്നതു കണ്ടാൽ ദുബായിൽ നിന്ന് വിമാനമിറങ്ങി വരുന്ന യാത്രക്കാരൻ്റെ ഭാവമായിരിക്കും എല്ലാവർക്കും.

ഒന്നും വാങ്ങാനില്ലാത്തവനെ കൊണ്ടു പോലും ഒരു

നാലയ്യായിരം രൂപക്കുള്ള സാധനങ്ങൾ വാങ്ങിപ്പിക്കുക എന്ന ആധുനിക കച്ചവട തന്ത്രം പഠിച്ചവരാണ് മാളുകാർ. റാക്കുകളിൽ സാധനങ്ങൾ

അടുക്കിയും, ഒതുക്കിയും വെക്കുന്നതിൽ പോലും ആ തന്ത്രം വ്യക്തമായി കാണാൻ സാധിക്കും. പിന്നെ ഒന്നെടുത്താൽ ഒന്ന് ഫ്രി ,

എം ആർ പി യിൽ നിന്ന് ഒരുപാട് ശതമാനം വിലക്കുറവ് എന്നൊക്കെ ബോർഡു വെച്ച് കസ്റ്റമറുടെ മനസ്സിൽ ലഡു പൊട്ടിക്കുന്ന സൂത്രം അവർ നന്നായി പ്രയോഗിക്കുകയും ചെയ്യും.

നാലു നിലയുള്ള മാളിൽ ഒന്നാം നിലയിലെ കാഴ്ച്ചകൾ തന്നെ കഴിഞ്ഞിട്ടില്ല.

എന്നാലും ഒരു ഓട്ട പ്രദക്ഷിണം പോലെ എക്സലേറ്ററുകൾ മാറി മാറി കയറി ഞങ്ങൾ നാലാം നിലയിലെത്തി.

ആ നിലയിൽ മുഴുവൻ ലേഡീസ് ഡ്രസ്സുകളാണ്.

കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ ധാരയിൽ വസ്ത്രങ്ങളുടെ തിളക്കം വിസ്മയിപ്പിക്കുന്നതായിരുന്നു.

ദേശീയപതാകയുടെ നിറങ്ങളിൽ തുക്കിയിട്ട തുണികളും

ആലക്തിക ദീപ പ്രഭയിൽ നീരാടി നിൽക്കുന്ന മാളും, പരിസരവും കണേണ്ടതു തന്നെയാണെന്ന് എനിക്ക് ബോധ്യമായി.

അതു കൊണ്ട്

ഞാനാ കാഴ്ച്ചകളും കണ്ട് കടയ്ക്ക് പുറത്ത് നിന്നു.

അല്ലെങ്കിലും ഭാര്യക്കൊപ്പം തുണിയെടുക്കാൻ ഞാൻ പോകാറില്ല.

പോയാൽ തന്നെ പുറത്ത് കസേരയിലിരുന്ന് മൊബെയിൽ ഫോണിൽ പാട്ടുകേൾക്കുകയോ സിനിമ കാണുകയോ ആണ് എൻ്റെ പതിവ്.


ഇനി അഥവാ പോയാലൊ....

രണ്ടു മൂന്നു മണിക്കൂർ കൊണ്ട് ചില്ലലമാറികളിൽ നിന്നും ഓരോനോരന്നായി എടുത്തു കാണിച്ചതൊന്നും ഇഷ്ടമാവാതെ ഒരു കൂസലും കൂടാതെ മറ്റൊരു കടയിലേക്ക് നീങ്ങുന്ന ഭാര്യയുടെ സ്വഭാവത്തോട് യോജിക്കാനാവാതെ എനിക്കിഷ്ടപ്പെട്ട ഒരു സാരി വാങ്ങി കടക്കാരൻ്റെ ചീത്ത കേൾക്കാതെ

രക്ഷപ്പെടുകയാണ് ചെയ്യാറുള്ളതും.

എന്നാൽ

എന്നേപ്പോലെ നിസ്സഹായകരായ ഭർത്താക്കൻമാരെ ധാരാളം കണ്ടിട്ടുള്ള തുണി കടക്കാരൻ അതൊന്നും അത്ര കാര്യമാക്കാതെ എന്നെ നോക്കി ഒന്ന് ചിരിക്കും. അതിന് മറുപടിയായി എൻ്റെ മുഖത്ത് വിരിയുന്ന ചിരി കണ്ടാൽ ഞാൻ കരയുകയാണെന്നേ ആരും പറയൂ.


അത് മാത്രമല്ല ഒരു പാട് തിരഞ്ഞ് വരകളും കുറികളും, തുണികളും, നിറങ്ങളും നോക്കി മേടിച്ചു വീട്ടിൽ കൊണ്ടു പോയാൽ തന്നെ അതിഷ്ടപ്പെടാതെ മാറ്റി വാങ്ങാൻ പിറ്റേ ദിവസം കൊണ്ടുവരികയും ചെയ്യും.

അതു കൊണ്ട് ഞാനീ പരിപാടിക്ക് കൂട്ടുനിൽക്കാറില്ല.


നോക്കു രാധേട്ടാ അതെങ്ങിനെണ്ട്....


ഭാര്യ അടുത്തുവന്ന് ഒരു ഡെമ്മി പ്രതിമയെ അണിയിച്ചിരുന്ന പഞ്ചാബി ഡ്രസ്സ് ചൂണ്ടി കാണിച്ച് എന്നോട് ചോദിച്ചു.

തരക്കേടില്ല പക്ഷെ നല്ല വിലയാവും.

ഞാൻ പറഞ്ഞു.

ഏയ്

അത്രേന്നൂല്ല്യ രാധേട്ടാ മുവ്വായിരത്തി ഇരുന്നുറ് രൂപേള്ളു .

അതു മാത്രല്ല ഇരുപത് ശതമാനം വിലക്കിഴിവുമുണ്ട്.

നല്ല ലാഭാ..


3200 രൂപയോ... ഞാൻ തലയിൽ കൈ വെച്ച് ചോദിച്ചു.

അതത്ര നിസ്സാര തുകയാണോ.

പുറത്ത് ഏതെങ്കിലും ചെറിയ കടകളിൽ നിന്നെടുത്താൽ ഇതിൻ്റെ പകുതി വിലക്ക് ഇതിലും നല്ല ഡ്രസ്സ് കിട്ടും.

അവർക്കിത്ര എസ്റ്റാബ്ലിഷ്മെൻ്റ് കോസ്റ്റ് വരില്ല.


അതൊക്കെ രാധേട്ടന് തോന്നാ .

ആദ്യം തലേന്ന് കൈയ്യെടുക്കു. ആരെങ്കിലും കണ്ടാൽ നിങ്ങടെ പിശുക്കത്തരം അവർക്കും മനസ്സിലാവും.

പിന്നേയ് രാധേട്ടന് അറിയാത്തോണ്ടാ പുറത്ത് കടകളിലെ ക്വാളിറ്റീം ഈ ക്വാളിറ്റീം തമ്മില് വല്യേ വ്യത്യാസണ്ട്.

നമ്മുടെ സത്യഭാമ കഴിഞ്ഞാഴ്ച്ച രണ്ട് ഡ്രസ്സ് എടുത്തിരുന്നു ഇവിടുന്ന്.

അവള് പറഞ്ഞതാ എന്നോട്

നല്ല സൂപ്പർ തുണ്യേ ട്ടൊ

ഇത്തിരി കാശ് കൂടുതൽ കൊടുത്താലെന്താ ഈ ഡിസൈയ്നുകളും ഇത്ര കളേഴ്സും പുറത്ത് കിട്ടില്ലാ എന്ന്.


കൂടുതൽ തർക്കത്തിന് നിൽക്കാതെ വില പേശലന് സാധ്യത പോലും ഇല്ലാതെ അവർ തന്ന ബില്ല് മുഴുവൻ ജി-പെ ചെയ്ത് ഞങ്ങൾ മൂന്നാം നിലയിലേക്ക് വന്നു.

അവിടേയാണ് ഭക്ഷണസാധനങ്ങളുടെ വിവിധ കലവറകൾ.

ദേശീയവും, പ്രദേശികവും അന്തർദേശീയവുമായ ഭക്ഷണ പദാർത്ഥങ്ങളുടെ സ്റ്റാളുകൾ കൊണ്ട് നിറഞ്ഞ മൂന്നാം നിലയിലെ രുചി ഭേദങ്ങൾ വായക്കകത്ത് കപ്പലോടിക്കാനുള്ള കടലൊരുക്കി. കുട്ടികളുടെ ഇഷ്ടം നോക്കി എനിക്ക്‌ പേര് പോലും അറിയാത്ത എന്തൊക്കേയോ വാങ്ങി കഴിച്ച് ഞങ്ങൾ പുറത്തേക്കിറങ്ങി .

അപ്പോൾ നിത്യവും കഴിക്കുന്ന ഇഡ്ഢലിയേക്കുറിച്ചും ദേശയെക്കുറിച്ചും ഞാനോർത്തു. അതിൻ്റേയൊക്കെ

സ്വാദ് ഒന്ന് വേറെ ത്തന്നെ എന്നും .


വെറും കയ്യോടെ വന്ന ഞങ്ങളുടെ എട്ടു കൈകളിലും ഓരോ നിറ സഞ്ചികൾ തൂങ്ങിക്കിടന്നിരുന്നു.

ഞങ്ങൾ മാളിൽ നിന്നും പുറത്തിറങ്ങി.

ഒരു ചെറു പൂരത്തിൻ്റെ തിരക്കുണ്ട് പുറത്തും .

അപ്പോൾ ഞാൻ പറഞ്ഞു.

കാറ് ഇങ്ങോട്ട് കൊണ്ടുവരാൻ പറ്റില്ല. നമുക്ക് അങ്ങോട്ട് പോകാമെന്ന്.

ഞാൻ മുന്നോട്ട് നടക്കാൻ തുടങ്ങിയപ്പോൾ അച്ചാ അച്ചാ..... പോകല്ലെ

എന്നൊരു യുഗ്മഗാനം പിന്നിൽ നിന്ന് കേട്ടു.

ഞാൻ തിരിഞ്ഞു നോക്കി ചോദിച്ചു.

ഇനി എന്താ വേണ്ടത് .

അപ്പോൾ മക്കൾ പറഞ്ഞു.

ദാ അവിടെ ഫ്ലാഗ്‌ വിൽക്കുന്നുണ്ട്. ഞങ്ങൾക്ക് അതും വേണം.

അൽപ്പം ദൂരെ എൻ്റെ മകളുടെ പ്രായത്തിലുള്ള ഒരു പെൺ കുട്ടി ഒരു കെട്ട് കൊടികളുമായി നിൽക്കുന്നു. മുട്ടോളം ഇറക്കമുള്ള പാവാടയും മുഷിഞ്ഞ് അൽപ്പാൽപ്പം പിഞ്ചിയ കുപ്പായവുമായിരുന്നു അവളുടെ വേഷം.

പാറി പറക്കുന്ന മുടിയധികവും ചെമ്പിച്ചു പോയിരുന്നു.

അവൾ ഒരു കൈ കൊണ്ട് കൊടികൾ മാറോട് ചേർത്തു പിടിച്ച് മറ്റേ കയ്യിലുള്ള കൊടി വീശി കാണിക്കുന്നുണ്ടായിരുന്നു.

ഞാൻ ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു.

ഭാര്യയും മക്കളും കൂടെ വന്നു.

കൊടിക്ക് എന്താ വില

ഞാൻ ചോദിച്ചു.

അവൾ പറഞ്ഞു ഇരുപത്തി അഞ്ചു രുപ .


എന്തിനാ രാധേട്ടാ ഈ കൊടിയും വടിയുമൊക്കെ.

പിള്ളേർക്ക് മേടിച്ചതൊന്നും പോരേ.....


സാരല്യാന്ന് നാളെ റിപ്പബ്ലിക്ക് ദിനമല്ലെ നമുക്ക് വീട്ടിലും ഗേറ്റിലും കൊടി വെക്കാം പിന്നെ ഒരു കൊടി നമ്മുടെ കാറിലും വെക്കാം.


ഓ....പിന്നെ

ഇനി അതും കൂടിയേ വേണ്ടൂ.

അതും 25 രൂപയ്ക്ക് ഒന്ന്

ഇതൊക്കെ വെറും പറ്റിക്കലാ രാധേട്ടാ.

അഞ്ചു രൂപക്കാച്ചാ മേടിച്ചാൽ മതി . അതന്നെ വെറുതെ കാശ് കളയാ.


അത് കേട്ട് ഞാൻ ഉള്ളിൽ ഒന്ന് ചിരിച്ചു.

ഒരു പൈസ പോലും വിലപേശാനനുവാദമില്ലാത്ത

മാളിൽ നിന്നും അവർ എഴുതി തൂക്കിയ അതേ വിലക്ക് വാങ്ങിയ സാധനങ്ങൾ ഇരു കൈകളിലും തൂക്കി പിടിച്ചു കൊണ്ടാണ് ഉപജീവനത്തിന് വേണ്ടി വഴിയരികിൽ നിന്ന് കൊടി വിൽക്കുന്ന കുട്ടിയോടുള്ള വിലപേശൽ.

എന്തൊരു വിരോധാഭാസം.

ആറായിരത്തോളം രൂപ മാളിൽ ചിലവാക്കിയത് ആവശ്യം

25 രൂപയുടെ

ത്രിവർണ പതാക അനാവശ്യം.


ഭാര്യയുടെ നീരസമുഖം പ്രതീക്ഷാനിർഭരമായ കൊടിക്കാരി കുട്ടിയുടെ മുഖഭാവത്തിന് മുന്നിൽ തോറ്റു പോയപ്പോൾ

ഞാൻ 100 രൂപയുടെ ഒരു ഒറ്റനോട്ട് നീട്ടി ആ കുട്ടിയോട് പറഞ്ഞു.

ദാ.... 100 രൂപ എനിക്ക് നാല് കൊടി വേണം.

നാലോ ....

അവൾ അവിശ്വാസത്തോടെ ചില നിമിഷങ്ങൾ എൻ്റെ മുഖത്തേക്ക് നോക്കി നിന്നു. പിന്നെ മാറോട് ചേർത്തു പിടിച്ച കൊടികളിൽ നിന്ന് നാലെണ്ണം എടുത്ത് എൻ്റെ നേരെ നീട്ടി .

ഞാൻ ജയ്ഹിന്ദ് എന്ന മന്ത്രം ചൊല്ലി അത് ഏറ്റു വാങ്ങി. അപ്പോൾ അവളുടെ മിഴികളിൽ കണ്ട തിളക്കത്തിന് മാളിലെ വൈദ്യുതി ദീപങ്ങളേക്കാൾ പ്രകാശമുണ്ടായിരുന്നു.

അവളുടെ കുഞ്ഞി ചുണ്ടുകൾ ഏറ്റു പറഞ്ഞ ആ മന്ത്രത്തിൽ ഈ രാജ്യത്തിൻ്റെ ഹൃദയ തുടിപ്പുകളുണ്ടായിരുന്നു.


ജയ് ഹിന്ദ് ......


_*രവി വാരിയത്ത്.*_

👌👍: warriers.org



14 views0 comments

Comments


bottom of page