ടൂത്രമ്മാൻ (ഇ.ഐ. വാരിയർ) by സന്ധ്യ ഇ.
തടിച്ച്, പൊക്കമുള്ള ശരീരം. പല്ലെല്ലാം പോയതിനാൽ തൊണ്ണു മുഴുവൻ കാണിച്ചുള്ള ചിരി. എപ്പോഴും എന്തോ ചവച്ചുകൊണ്ടിരിക്കുംപോലെ. അമ്മയുടെ ചേച്ചി കൊടുക്കു ഭക്ഷണം പരാതിയോ പരിഭവമോ ഇല്ലാതെ നിലത്തിരുന്നു കഴിയ്ക്കും. പാത്രം കഴുകി ഒരു ബഞ്ചിനു കീഴെ വെച്ച് ഒന്നും മിണ്ടാതെ പോകും. തലയ്ക്ക് സുഖമില്ലാത്ത ആളെന്ന നിലയിൽ കുടുംബക്കാർ എഴുതിത്തള്ളിയ ആ മനുഷ്യൻ മലയാള സിനിമാചരിത്രത്തിന്റെ ഭാഗമായിരുന്നു എന്നറിയാൻ വൈകി. അറിഞ്ഞിരുവർ പലരും അറിഞ്ഞില്ലെന്നു നടിച്ചു. അദ്ദേഹമാണ് ടൂത്രമ്മാൻ എന്ന് എല്ലാവരും വിളിച്ചിരുന്ന ഇ.ഐ. വാരിയർ. എന്റെ മുത്തശ്ശിയുടെ സഹോദരിയുടെ മകൻ. വീണവായനയിൽ അദ്വിദീയനായിരുന്നു അദ്ദേഹം. അതിപ്രശസ്തനായ വൈണികൻ ശ്രീ ആറ്റൂർ കൃഷ്ണപ്പിഷാരടിയായിരുന്നു ഗുരു. അദ്ദേഹം ഇത്ര മിടുക്കനായ മറ്റൊരു വിദ്യാർത്ഥിയെ പഠിപ്പിച്ചിട്ടില്ലത്രെ. സംഗീതാഭ്യസനകാലത്ത് ഈ ശിഷ്യനോ സ്വന്തം മകനോ കേമനെന്ന സംശയമുണ്ടായിരുന്ന ഗുരുവിന്, ശിഷ്യൻ തന്നെയാണ് അല്പം മുന്നിലെന്ന് ബോധ്യപ്പെടുകയും അത് ചില അസ്വാരസ്യങ്ങൾക്ക് കാരണമാവുകയും ചെയ്തു. വീണ, ടൂത്രമ്മാന് പലതരത്തിൽ വഴങ്ങിക്കൊടുത്തിരുന്നു. ആ അതുല്യ പ്രതിഭാധനൻ വീണ മാറിൽ വിലങ്ങനെവെച്ചും കുത്തനെ നിർത്തിയും ഒക്കെ വായിക്കാറുണ്ടായിരുന്നു. ടൂത്രമ്മാനും സംഗീതത്തിൽ കമ്പക്കാരായ മറ്റു ചില ബന്ധുക്കളും ചേർന്ന് ചില വൈകുന്നേരങ്ങളിൽ തറവാട്ടിലെ പടിപ്പുരയിൽ അരങ്ങേറിയിരുന്ന സംഗീതസദിരുകൾ എന്റെ അമ്മ ഓർത്തെടുക്കുന്നുണ്ട്. ആ സംഗീതസപര്യ കുറച്ചുകൂടി മെച്ചമാക്കാനാവും അദ്ദേഹം ബോംബെക്ക് പോകാമെന്ന് തീരുമാനിച്ചത്. തീരുമാനം ഗുരുവിനെ അറിയിച്ചപ്പോൾ എന്തോ മുന്നിൽ കണ്ടെന്നപോലെ അദ്ദേഹം ചോദിച്ചുവത്രേ, ''അതു വേണോ ടൂത്രാ'' എന്ന്. പക്ഷേ, ശിഷ്യൻ പോകുകതന്നെചെയ്തു. ബോംബെ എന്ന മഹാനഗരത്തിന്റെ ഭാഗമായി. അനേകം പ്രശസ്ത ഹിന്ദിസിനിമകൾക്ക് (അനാർക്കലി ഉൾപ്പെടെ) സംഗീതസംവിധാനം ചെയ്ത സി. രാമചന്ദ്രക്ക് ഒപ്പം പ്രവർത്തിച്ചു. പ്രശസ്തിയിൽ നിന്ന് പ്രശസ്തിയിലേക്ക് ഉയർന്ന നാളുകളിലൊന്നിൽ അതു സംഭവിച്ചു. മനസ്സ് താളം തെറ്റി പാടാൻ തുടങ്ങി. 60 കളിലെപ്പോഴോ അദ്ദേഹം തിരിച്ചുവന്നു. ഇംഗ്ലീഷും ഹിന്ദിയും ഒക്കെ ചേർത്ത് ആരോടൊക്കെയോ ചറപറാ വർത്തമാനം പറഞ്ഞ് നടന്നു. നാട്ടിലുള്ളവർ അദ്ദേഹത്തിനാരോ കൈവിഷം കൊടുത്തു എന്നു തീർച്ചയാക്കി. സത്യാവസ്ഥയെന്തെ് പറയാവുന്ന ആരും ഒരിക്കലുമുണ്ടായിരുന്നില്ല. പിന്നീടെന്നോ മദിരാശിയിൽ എച്ച്.എം.വി.യുടെ സരസ്വതി സ്റ്റോഴ്‌സിൽ - അതൊരു ഗ്രാമഫോ റെക്കോർഡ് വിൽക്കുന്ന സ്ഥലമായിരുന്നു - സ്റ്റാഫ് ആർട്ടിസ്റ്റ് ആയി ചേർന്നതായി അറിവുണ്ട്. പക്ഷേ, അതും അധികകാലമുണ്ടായില്ല. നാട്ടിലേക്ക് തിരിയെ വന്നതിനുശേഷം ചില അമ്പലങ്ങളിലൊക്കെ ചെറിയ പരിപാടികൾക്ക് വീണ വായിക്കാൻ പോകാറുണ്ടായിരുന്നു. ഒരിയ്ക്കൽ പടിഞ്ഞാറെ കോട്ടയിലുള്ള സെന്റ് ആൻസ് സ്‌കൂളിന്റെ വാർഷികപരിപാടിക്ക് രണ്ടു പ്രോഗ്രാമിനിടക്കുള്ള സമയത്ത് ആരോ വീണ വായിക്കുതായി കേട്ട് എന്റെ ചേച്ചി നോക്കിയപ്പോൾ അത് ടൂത്രമ്മാനായിരുന്നു. ഇന്ത്യയറിയേണ്ടിയിരുന്ന ആ മഹാപ്രതിഭ തുച്ഛമായ കാശിനുവേണ്ടി ഇത്തരം ചെറിയ പരിപാടികൾക്ക് പോകേണ്ടിവന്നത് എന്തുവിധി വൈപരീത്യം! 1948 ൽ റിലീസ് ചെയ്ത നിർമ്മല എന്ന മലയാള ചലച്ചിത്രങ്ങളിലെ വിമലാ ബി. വർമ്മ പാടിയ ഏട്ടൻ വരുന്ന ദിനമേ... ആളുകൾ വീണ്ടും ശ്രദ്ധിച്ചത് നീണ്ട 59 വർഷങ്ങൾക്കുശേഷമാണ്. ചടുലമായ വാദ്യങ്ങളുടെ അകമ്പടിയോടെ ഈ ഗാനം വാട്‌സ് ആപ്പിൽ ഷെയർ ചെയ്തുവരികയായിരുന്നു. ഈ പാട്ടിന്റെയും അതോടൊപ്പമുള്ള മറ്റു 14 പാട്ടുകളുടെയും സംഗീതസംവിധാനം നിർവ്വഹിച്ചത് സാക്‌സഫോൺ വാദകനായ പി.എസ്. ദിവാകരനും ഇ.ഐ. വാരിയരുമാണ്. പി.വി. കൃഷ്ണയ്യർ സംവിധാനം ചെയ്ത്, പി.ജെ. ചെറിയാൻ നിർമ്മിച്ച മലയാളത്തിലെ നാലാമത്തെ ശബ്ദചലച്ചിത്രമായിരുന്നുവത്രെ നിർമ്മല. ഇതിലാണ് ആദ്യമായി ചലച്ചിത്ര പിന്നണിഗാനം അവതരിപ്പിക്കപ്പെട്ടത്. പുത്തേഴത്തു രാമൻമേനോൻ തിരക്കഥയും എം.എസ്. ജേക്കബിന്റെ സംഗീതവും സിനിമാറ്റോഗ്രാഫി ജെ.ജി. വിജയനും ജി. രംഗനാഥനും. കേരള ടാക്കീസായിരുന്നു നിർമ്മാണക്കമ്പനി, ഗാനരചന പ്രശസ്തകവി ജി. ശങ്കരക്കുറുപ്പ്. ആകെ 15 പാട്ടുകൾ. പി. ലീല, സി.കെ. രാഘവൻ, സരോജിനി മേനോൻ, ടി.കെ. ഗോവിന്ദറാവു, വാസുദേവക്കുറുപ്പ്, വിമല ബി. വർമ്മ എന്നിവർ ഗായകർ. വിമലയേയും സഹോദരി ഗിരിജയേയും പാടാനായി ക്ഷണിച്ചത് അവരുടെ സംഗീത അദ്ധ്യാപിക ആയിരുന്ന സരോജനി മേനോൻ ആണ്. സേലത്തെ മോഡേൺ തീയറ്ററിൽ വെച്ചായിരുന്നു ഗാനങ്ങളുടെ റെക്കോർഡിംഗ്. ഗാനങ്ങൾ റെക്കോർഡ് ചെയ്തു കഴിഞ്ഞപ്പോൾ അതേ ചിത്രത്തിൽ അഭിനയിക്കാനും അവർക്ക് അവസരം കൈവന്നു. സരോജിനി മേനോൻ ചിട്ടപ്പെടുത്തിയ ''കരുണാകര പീതാംബര'' എന്ന് തുടങ്ങുന്ന ഗാനവും, മറ്റു രണ്ടു ഗാനങ്ങളും അവർ സിനിമയിൽ പാടി. ഇതിൽ ആദ്യഗാനം അഭിനയിച്ചതും വിമല തന്നെ. മലയാളത്തിലെ ആദ്യ ഡബിൾ റോളുകാരി എന്ന ബഹുമതിയും ഈ സിനിമയിലൂടെ അവർ സ്വന്തമാക്കി. നിർമ്മലയിലെ 'ഏട്ടൻ വരു ദിനമേ' എന്ന ഗാനരംഗം അഭിനയിച്ചത് വിമലയാണ്. നിർമ്മലയുടെ പ്രിന്റ് കിട്ടാനില്ല. നിർമ്മല എന്ന സിനിമയ്ക്ക് മറ്റനേകം പ്രത്യേകതകൾ കൂടിയുണ്ട്. നിർമ്മലയ്ക്കു മുമ്പിറങ്ങിയ മൂന്നു മലയാളത്തിലുള്ള സിനിമകളുടെ നിർമ്മാതാക്കൾ തമിഴരായിരുന്നു. അതിന്റെ പിന്നിൽ പ്രവർത്തിച്ചവരും കേരളമൊഴികെയുള്ള മറ്റു തെക്കൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരായിരുന്നു. കേരളീയ സ്പർശമില്ലാത്ത സിനിമകളായിരുന്നു അവയെല്ലാം. പാട്ടുകളാവട്ടെ, തമിഴ്, ഹിന്ദി സിനിമാഗാനങ്ങളുടെ മുഴുവൻ അനുകരണവും. പക്ഷേ, 'നിർമ്മല' ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മലയാളി നിർമ്മിച്ച, മലയാളികൾ അണിയറയിൽ പ്രവർത്തിച്ച, മലയാളി സ്പർശമുള്ള കഥയുള്ള സിനിമയായിരുന്നു. അതിലെ നായകൻ നിർമ്മാതാവ് പി.ജെ. ചെറിയാന്റെ മകനായ ജോസഫ് ചെറിയാനും നായക ജോസഫിന്റെ ഭാര്യയും രണ്ടുകുട്ടികളുടെ അമ്മയുമായ ബേബിചെറിയാനുമായിരുന്നു. 2008-ൽ നിർമ്മലയുടെ ഷഷ്ഠിപൂർത്തി കൊച്ചിയിൽ, കൊച്ചിൻ ഫിലിം സൊസൈറ്റി ആഘോഷിക്കുകയുണ്ടായി. ഗോവിന്ദറാവുവും വിമലയും സിനിമയോടു സഹകരിച്ച മറ്റു ചിലരും പങ്കെടുത്ത ചടങ്ങി്ൽ ടൂത്രമ്മാൻ വിസ്മരിക്കപ്പെട്ടു. എന്തായാലും അതിനുമുമ്പ് അദ്ദേഹം മറ്റൊരു ലോകത്തേക്ക് -- ഒരു പക്ഷേ, സംഗീതത്തിന്റെ മാത്രം ലോകത്തേക്ക് - പൊയ്ക്കഴിഞ്ഞിരുന്നു. തൃപ്പൂണിത്തുറയിൽ മകളോടൊപ്പം താമസിക്കുന്ന ശ്രീമതി വിമലാവർമ്മയിൽ നിന്നും ചില വിവരങ്ങൾ അറിയാനായി. ടൂത്രമ്മാന്റെ സംഗീതജീവിതവുമായി ബന്ധമുള്ള ഒരാളെന്ന നിലയിൽ അവർ ചില ഓർമ്മകൾ പങ്കുവച്ചു. പറഞ്ഞുകൊടുക്കുന്ന ഭാഗങ്ങൾ നന്നായി പാടുമ്പോൾ കുട്ടി വിമലയുടെ തോളത്ത് തട്ടി അഭിനന്ദിക്കുമായിരുന്നു വാര്യർസാർ. ഒത്ത ഉയരവും വണ്ണവുമുള്ള, ശാന്തസ്വരൂപി. അന്നും എന്തോ ചില മാനസികപ്രശ്‌നങ്ങൾ ഉള്ളതായി അവർക്കും തോന്നിയിട്ടുണ്ട്. പാട്ടു പഠിപ്പിക്കുതിനിടെ പെട്ടെന്ന് എഴുന്നേറ്റു പോകുകയും അല്പം വിശ്രമിച്ചശേഷം മടങ്ങിവന്ന് വീണ്ടും ഊർജ്ജസ്വലനായി പഠിപ്പിക്കുകയും ചെയ്യുമായിരുന്നുവത്രെ. ഒരിക്കൽപ്പോലും അദ്ദേഹം ദേഷ്യപ്പെടുകയോ കയർത്തു സംസാരിക്കുകയോ ചെയ്തിട്ടില്ല. വാര്യർസാറിന്റെ അസ്വസ്ഥതകളുടെ സമയത്ത് ഗോവിന്ദറാവുവായിരുന്നു ഹാർമോണിയത്തിൽ സ്വരസ്ഥാനം വായിച്ച് ഗായകരെ പരിശീലിപ്പിച്ചിരുത്. ഏട്ടൻ വരുന്ന ദിനമേ എന്ന ഗാനം വിമല പാടിയത് ആറാംക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. ഈ ഗാനത്തിന്റെ പശ്ചാത്തല സംഗീതം ഒരു തീവണ്ടിയുടെ താളവുമായി ഇണക്കിച്ചേർത്തപോലെയാണ് ടൂത്രമ്മാൻ സംവിധാനം ചെയ്തത്. ദൂരദേശത്തു നിന്നും തീവണ്ടിയിൽ വരു ഏട്ടനെയോർക്കുന്ന ഒരു കുട്ടിയുടെ മനസ്സിൽ തീവണ്ടിയുടെ താളം രൂപം കൊള്ളുത് എത്ര സ്വാഭാവികം. ഏകദേശം 50 വർഷത്തോളം വിമലാവർമ്മ തൃശ്ശൂരിൽ താമസിച്ചുവെങ്കിലും പിന്നീട് ഒരിക്കലും ടുത്രമ്മാനെ കണ്ടിട്ടില്ല എന്നും അവർ സങ്കടത്തോടെ ഓർക്കുന്നു. 1973 ലോ മറ്റോ ആകാശവാണിയിൽ അനൗസറായി ജോലി ചെയ്യുന്ന അവസരത്തിൽ ഒരിക്കൽ കാണാൻ ചെന്നെങ്കിലും അപ്പോഴ്ക്ക് ടൂത്രമ്മാൻ പോയിക്കഴിഞ്ഞിരുന്നനുവത്രെ. ആകാശവാണിയുടെ ഗാനരചയിതാവും ആനുകാലികങ്ങളിലെ കോളമെഴുത്തുകാരനുമായ ശ്രീ എഴുമാവിൽ രവീന്ദ്രനാഥും ടൂത്രമ്മാനെക്കുറിച്ച് ചിലതുപറയാനുണ്ടായിരുന്നു. സംഗീതവുമായി ബന്ധപ്പെട്ട യാത്രകളിൽ ടൂത്രമ്മാൻ കോട്ടയത്ത്, എരുമല്ലൂരിൽ, എഴുമാവിൽ തറവാട്ടിൽ, തികഞ്ഞ കലാസ്‌നേഹിയും കാക്കരശ്ശി നാടകത്തിന്റെ പ്രയോക്താവുമായിരുന്ന അദ്ദേഹത്തിന്റെ മുത്തച്ഛനോടൊപ്പം സമയം ചിലവഴിക്കാറുണ്ടായിരുന്നുവത്രെ. നരസിംഹമൂർത്തിയുടെ ചില കീർത്തനങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നിരുതായും, ജയകേരള തിയറ്റേഴ്‌സിന്റെ സ്ഥാപകനായ പ്രശസ്ത നർത്തകർ തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോനോടൊപ്പം സംഗീതസംബന്ധിയായ ജോലികൾക്കായി പ്രവർത്തിച്ചിരുന്നതായും അറിവുണ്ട്. പഞ്ചദേശാധിപതി അമ്പലത്തിൽ കച്ചേരി നടക്കുന്ന വൈകുന്നേരങ്ങളിൽ 'വാര്യർ' ചിലപ്പോൾ പെട്ടെന്ന് അപ്രത്യക്ഷനാവുകയും നരസിംഹമൂർത്തിയുടെ ക്ഷേത്രക്കുളത്തിന്റെ പടവുകളിൽ എന്തോ ഓർത്ത് ഇരിക്കുകയും ചെയ്യുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അമ്മൂമ്മ പറഞ്ഞതായി കേട്ടിട്ടുണ്ട്. വ്യക്തിജീവിതത്തിനും ഏറെ ദുരന്തങ്ങൾ ഏറ്റുവാങ്ങിയ ഒരാളായിരുന്നു അദ്ദേഹം. വിവാഹം കഴിച്ചിരുന്നുവെങ്കിലും കുട്ടികൾ ഉണ്ടായില്ല. ഭാര്യ, അവരുടെ സഹോദരിക്കൊപ്പം ആത്മഹത്യ ചെയ്തു. ഒരുപക്ഷേ, അദ്ദേഹത്തിന്റെ മാനസികനിലയായിരിക്കാം ആ ദുരന്തത്തിനു കാരണം. അവരുടെ വേർപാട് അദ്ദേഹത്തെ ഒന്നുകൂടി ദു:ഖിതനും ആലംബമറ്റവനുമാക്കി. ജീവിച്ചിരിക്കുമ്പോൾ വേണ്ടത്ര അംഗീകാരവും പരിഗണനയും കിട്ടാതെ വിസ്മൃതിയിലേക്കു പോയ അനേകമനേകം മഹാപ്രതിഭകളിൽ ഒരാളായി ടൂത്രമ്മാനും. 1919 മുതൽ 1979 വരെ 60 വർഷം നീണ്ട, പ്രതിഭയുടെ വെളിച്ചവും അസ്വസ്ഥതകളുടെ ഇരുളും പങ്കിട്ട ഒരു ജീവിതം പാടിത്തീർന്നു. കടപ്പാട്: ടൂത്രമ്മാനെക്കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും ശിവൻവാരിയർ (പട്ടിക്കാട്), തൃശ്ശൂർ പത്മനാഭൻ, വിമല ബി. വർമ്മ, എഴുമാവിൽ രവീന്ദ്രനാഥൻ എിവരോടും ദേശാഭിമാനി വാരാന്തപ്പതിപ്പിനോടും.
(സന്ധ്യ ഇ., നീലോൽപ്പലം, എസ്.എൻ. പാർക്ക് റോഡ്, പി.ഒ. പൂത്തോൾ, തൃശ്ശൂർ - 680004, mob: 9447437250 E-mail: esandhya@hotmail.com)
👌Very informative 🙏