ഇടിച്ചക്ക - Short Story by Sunitha Anil ( Ella)
ഇന്ന് ഇടിച്ചക്ക ഉപ്പേരി വയ്ക്കാം എന്ന് ഗൗരി തീരുമാനിച്ചു ഇടിച്ചക്ക അരിയുമ്പോൾ, ഗൗരിയുടെ മനസ്സ്,ഒരു പഴയകാല ഓർമ്മയിലേക്ക് പോയി…
“ ഗൗരി, വേഗം കുളിച്ച് റെഡിയാവൂ. നമുക്ക് മുത്തശ്ശന്റെ വാര്യം വരെ ഒന്ന് പോണം. ഇശ്ശി ദിവസായി രാമ വല്യച്ഛനെ കണ്ടിട്ട്. എല്ലാമാസവും പെൻഷൻ വാങ്ങിക്കാൻ വരുമ്പോൾ വരാറുള്ളതാണ്.എന്താ അറിയില്ല ഈ മാസം കണ്ടില്ല. വല്ല വയ്യായ്മയും ഉണ്ടോ ആവോ? “ രാധമ്മ യുടെ ശബ്ദം കളിച്ചുകൊണ്ടിരിക്കുന്ന ഗൗരി കേട്ടു….
രാമൻ മുത്തശ്ശൻ, ഗൗരിയുടെ മുത്തശ്ശൻ ചേട്ടൻ, രണ്ടാം
ഇന്ത്യ -പാക്ക് യുദ്ധത്തിൽ മിലിട്ടറിയിൽ നിന്ന് , റിട്ടയർമെന്റ് വാങ്ങിച്ച കക്ഷിയാണ്.
രാമൻ മുത്തശ്ശനെ ഗൗരിക്കും വലിയ ഇഷ്ടമാണ്. എല്ലാം അഭിനയിച്ച് കാട്ടിത്തരുന്ന മുത്തച്ഛൻ. ഒരാൾ മരണത്തെ അഭിമുഖീകരിക്കുമ്പോൾ അയാളുടെ മുഖത്തെ ചേ ഷ്ഠകൾ , യുദ്ധമുഖത്തെ പട്ടാളക്കാരെ എല്ലാം മുത്തശ്ശൻ അഭിനയിച്ചു കാട്ടിത്തരും. പട്ടാളത്തിലെ കുശിനിക്കാരൻ ആയിരുന്നു മുത്തച്ഛൻ, എന്നിട്ടും തോക്കേന്തിനിൽക്കുന്ന പട്ടാളക്കാരുടെ മുഖഭാവം!! തന്റെ മുഖത്ത് അനായാസം വരുത്താനുള്ള കഴിവ് രാമ മുത്തച്ഛന് ഉണ്ടായിരുന്നു. ഗൗരിക്കും വളരെ ഇഷ്ടമായിരുന്നു അഭിനയം കാണാൻ…
“ മുത്തച്ഛന്റെ വീട്ടിലേക്ക് അല്ലേ?അമ്മേ….ഞാനിപ്പോ റെഡിയാവാം”
മുത്തച്ഛന്റെ വീട്ടിൽ വേറൊരു കാഴ്ച ഗൗരിക്ക് ഇഷ്ടമായിരുന്നു., പറമ്പിൽ കെട്ടിയിരിക്കുന്ന മനക്കലെ ആന…
പക്ഷേ മുത്തശ്ശന്റെ വീട്ടിലെ കാഴ്ച ആ സന്തോഷമെല്ലാം ഇല്ലാതാക്കി. വീട് നിറയെ ചെറിയ ചെറിയ ഉറുമ്പ്, അടിച്ചുവാരിയിട്ടു തന്നെ കുറെ ദിവസമായി. ഒരു മുറിയിൽ പ്രസവിച്ചു കിടക്കുന്ന മകന്റെ ഭാര്യ, സുനന്ദ ഏടത്തി!!….ചെറിയ കുട്ടിയുടെ നിർത്താത്ത കരച്ചിൽ.. ഇതെല്ലാമാണ് ആ വീട്ടിൽ ഗൗരിയെ സ്വാഗതം ചെയ്തത്... മുത്തച്ഛന് തൊട്ടാൽ പൊള്ളുന്ന പനിയും…
രാധമ്മ വേഗം ചൂല് എടുത്തു. അവിടെയെല്ലാം അടിച്ചുവാരി വൃത്തിയാക്കി. കുറേ ഉറുമ്പ് രാധമ്മയുടെയും മേലും കയറി..
“ എന്താ സുനന്ദെ എങ്ങനെ?… എന്നോട് ഒന്ന് പറയാമായിരുന്നില്ലേ, കുട്ടിക്ക് പാല് കൊടുക്കൂ സുനന്ദെ “
“അമ്മായി, എന്തു പാല് കൊടുക്കാൻ? എല്ലാം വറ്റി, നേദ്യചോറിൽ, ഉപ്പുമാങ്ങയും പച്ച മുളകും കൂട്ടി തിരുമ്പി മാത്രം കഴിച്ചാൽ എങ്ങനെ പാൽ ഉണ്ടാവാൻ? “
അത് കേട്ടതും രാധമ്മയുടെ കണ്ണുകൾ നിറഞ്ഞു. കേൾക്കേണ്ട താമസം രാധമ്മ പറമ്പിലേക്ക് ഓടി. മനയുടെ പറമ്പിനും വാരിയത്തിന്റെ പറമ്പിനും അതിർത്തികൾ ഉണ്ടായിരുന്നില്ല. പാപ്പാൻ ശങ്കരനെ രാധമ്മ കണ്ടു.
“ ശങ്കരാ, ഒന്ന് ഇവിടെ വരൂ, വിരോധമാവില്ലെങ്കിൽ, ഇക്ക് കുറച്ചു മാങ്ങയും, പ്ലാവിൽ നിന്ന് ഇടിച്ചക്കയും ഇട്ടു തരുമോ? “
ശങ്കരൻ ഓടിവന്നു. കുറെ മാങ്ങയും ചക്കയും ഇട്ട് തന്നു. അപ്പോഴേക്കും സുനന്ദഏടത്തി എഴുന്നേറ്റു വന്നു.
“ അമ്മായി വന്നപ്പോ തൊട്ടു പണിയെടുക്കുന്നതല്ലേ? ഞാൻഉണ്ടാക്കി തരാം.”
അന്നത്തെ മാങ്ങാപുളിയുടെയും,ഇടിച്ചക്ക ഉപ്പേരി യുടെയും സ്വാദ് ഇന്നും ഗൗരിയുടെ നാവിൽ……..
“ ഞാനൊന്ന് മനക്കലെ തമ്പുരാട്ടിയെ കണ്ടിട്ട് വരാം” രാധമ്മ നടന്നു…
ഗൗരി,സുനന്ദഏടത്തിയുടെ പാചകപ്പുരയിൽ, അമ്മിയിൽ വേവിച്ച ഇടിച്ചക്ക ചതക്കുന്നതും… പച്ച മാങ്ങയിൽ ചുവന്ന മുളക് ഇടിച്ചു ചേർത്ത്, തേങ്ങ പോലും ചേർക്കാതെ ഉണ്ടാക്കുന്ന മാങ്ങാ പുളിയേയും നോക്കിയിരുന്നു. ഒപ്പം ഉറങ്ങിക്കിടക്കുന്ന കുഞ്ഞുവാവ ഉണരുന്നുണ്ടോ എന്നും…
രാധമ്മ, അമ്മയെ പോലെ സ്നേഹിക്കുന്ന മനക്കിലെ തമ്പുരാട്ടിയോട് വാര്യത്തെ ശോചനാവസ്ഥയെ കുറിച്ച് പറഞ്ഞു. അത് കേട്ടതും തമ്പുരാട്ടി…..
“ രാധേ, ആ കുട്ടി എന്നോട് ഒന്നും പറഞ്ഞില്ല…. ഞാൻ എല്ലാ ദിവസവും മനക്കിൽ നിന്ന് ഇനി ആ കുട്ടിക്ക് കുടിക്കാനുള്ള പാലും, തൈരും എന്താ വേണ്ടെങ്കിൽ കൊടുത്തയക്കാട്ടോ? രാധ സമാധാനമായി വീട്ടിലേക്ക് പോയിക്കോളൂ “
തിരിച്ചുവന്ന രാധമ്മയുടെ കയ്യിൽ നല്ല ഉറ തൈരും, കടുമാങ്ങ അച്ചാറും, രണ്ടുമൂന്ന് നാളികേരവും ഉണ്ടായിരുന്നു. “
ഇപ്പോൾ കുക്കറിൽ വേവിച്ച ഇടിച്ചക്ക യെ കുഴുതിൽകൊണ്ട് ഇടിച്ച് ഉടയ്ക്കുമ്പോൾ, അന്ന് കഴിച്ച ഇടിച്ചക്ക ഉപ്പേരിയുടെ സ്വാദ് ഗൗരിയുടെ മനസ്സിൽ നിറഞ്ഞു. ഒപ്പം നല്ല മനസ്സുള്ള ആ തമ്പുരാട്ടി അമ്മയെയും ഓർത്തു 🙏🏻🙏🏻
ഇള
(സുനിത അനിൽ )
Comments