top of page
Writer's picturewarriers.org

"Hum Rahenge Akele" short story by Ravi Variyath

ഹം രേഹ്ഗയേ

അകേലെ ......

👌👍: warriers.org

തുലാമാസത്തിലെ അമാവാസിയാണ് ഇന്ന്.

ഇന്ന് ദീപാവലിയാണ്.

പാലാഴിയിൽ നിന്നും മഹാലക്ഷ്മി അവതരിക്കുകയും മഹാവിഷ്ണുവിനെ

പതിയായി സ്വീകരിക്കുകയും ചെയ്ത ദിവസം. ഐശ്വര്യത്തിനും സമ്പൽ സമൃദ്ധിക്കുമായി ലക്ഷ്മി പൂജ നടത്തുന്ന ദിവസം.

ഐതിഹ്യങ്ങൾ പലതുമുണ്ട്. അതെന്തായാലും ദീപാലങ്കാരങ്ങൾ വർണ്ണ വിസ്മയം തീർക്കുന്ന ദിവസമാണ് ദീപാവലി.

സമയം പുലർച്ചെ ഏഴു മണി.

ഞാൻ ബാൽക്കണിയുടെ കമ്പികളിൽ പിടിച്ച് ചുറ്റും നോക്കി നിന്നു. അണയ്ക്കാൻ മറന്നു പോയ ദീപാവലിയുടെ അലങ്കാര വിളക്കുകൾ ജാലകങ്ങൾക്കിപ്പുറം

ഇപ്പോഴും കത്തുന്നുണ്ട്.

പക്ഷെ അതിന് രാത്രിയിൽ കാണുന്ന ഭംഗിയൊന്നും ഇല്ല.

ചുറ്റുവട്ടത്തിൽ നിന്നൊക്കെ പടക്കം പൊട്ടുന്ന ശബ്ദവും കേൾക്കുന്നുണ്ട്.

ഒരാഴ്ച്ച മുൻപ് വരെ ഉണ്ടായിരുന്ന ആ കടുത്ത ചൂട് പോയിരിക്കുന്നു .

പകരം ചെറിയൊരു കുളിരും കുളിർ കാറ്റും വന്നിരിക്കുന്നു.

കാറ്റിന് പടക്കത്തിൻ്റെ ഗന്ധമുണ്ട്.

അപ്പോൾ എൻ്റെ ഫോൺ പാടാൻ തുടങ്ങി.

"ഓ ദൂർ കേ മുസാഫിർ

ഹം കൊ ഭി സാഥ് ലേലേരേ

ഹം രഹ് ഗയേ അകേലെ"

എന്ന ഗാനം .

മൂന്നു നാലു വർഷങ്ങളായി ആ പാട്ടാണ് എൻ്റെ ഫോണിലെ റിംഗ് ടോൺ.

ഞാൻ ഫോണെടുത്തില്ല. സേവ് ചെയ്യാത്ത നമ്പറിൽ നിന്നും ഫോൺ വന്നാൽ ഞാൻ എടുക്കാറില്ല.

കാറു വേണോ, ലോണു വേണോ, ഫുൾ ബോഡി ചെക്കപ്പ് വേണോ മുതലായ ചോദ്യങ്ങൾ ചോദിക്കാനായിരിക്കും ആ വിളികളൊക്കെ.

അതുകൊണ്ട് ഫോൺ നിർത്താതെ പാടിക്കൊണ്ടേയിരുന്നു. എൻ്റെ ഏകാന്തതകളിൽ ആ പാട്ട് കേൾക്കുമ്പോൾ ഞാനിപ്പോഴും ആ പഴയ കാലങ്ങൾ ഓർമ്മിക്കും.

അന്ന് ഒരു ദീപാവലി ദിവസം ആർമി നേവി ബിൽഡിങ്ങിലുള്ള ഞങ്ങളുടെ ഓഫീസിൽ നിന്ന് ലക്ഷ്മി പൂജ കഴിഞ്ഞ് വരികയായിരുന്നു ഞാൻ. ടാക്സിയിറങ്ങി

ചർച്ച്ഗേയ്റ്റ്

സ്റ്റേഷനിലേക്ക് കയറിയപ്പോൾ തന്നെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിലുള്ള ഇൻഡിക്കേറ്ററിൽ ₹വിരാർ ഫാസ്റ്റ് 10.15" എന്ന് തെളിഞ്ഞിരുന്നു. ഞാൻ തോളിൽ തൂക്കിയ ബാഗിൻ്റെ വള്ളിയിൽ ഒരു കൈ ചേർത്ത് പിടിച്ച് അങ്ങോട്ട് നടന്നു.

സാധാരണ പോലെ

യുദ്ധത്തിന് പോകുന്ന യോദ്ധാവിൻ്റെ

ശരീരഭാഷയൊന്നും ഇല്ലായിരുന്നു എനിക്കപ്പോൾ.

കാരണം അന്ന് അവധി ദിവസമായിരുന്നല്ലൊ.

എല്ലാ കൊല്ലവും ദീപാവലി ദിവസം ഓഫീസിൽ വെച്ച് നടത്തുന്ന ലക്ഷ്മി പൂജക്ക് സ്റ്റാഫൊക്കെ പോകാറുണ്ട്.

പൂജ കഴിഞ്ഞാൽ ഒരു വലിയ പാക്കറ്റ് സ്വീറ്റ്സും ഒരു കവറും കിട്ടും. പാക്കറ്റിൽ നിറയെ പലവിധ മിഠായികളായിരിക്കും.

പിന്നെ അണ്ടി പരിപ്പും മുന്തിരങ്ങയും, പിസ്തയും, അഞ്ചീറും കടിച്ചാൽ പൊട്ടാത്ത ഏതോ ഒരു കായയും.

കവറിൽ പുതിയ നോട്ടുകളായിരിക്കും.

അത് എത്രയെന്ന് കണക്കൊന്നും ഇല്ല.

ചിലപ്പോൾ ആയിരം ചിലപ്പോൾ അതിൽ കൂടുതലും. കമ്പനിയുടെ ലാഭനഷ്ടങ്ങൾക്ക് അനുസരിച്ചായിരിക്കും തുകയുടെ ഏറ്റക്കുറച്ചിലുകൾ.

ബോണസ്സിന് പുറമെ കിട്ടുന്ന ആ കവറിന് ഒരു പ്രത്യേക സന്തോഷമാണ്. അതിലെത്ര പൈസയുണ്ട് എന്നറിയാനൊരു ആകാംക്ഷയാണ്.

അതാണ് പിന്നിൽ തൂക്കിയ എൻ്റെ ബാഗിനുള്ളിൽ.

വണ്ടി

പ്ലാറ്റ്ഫോമിലേക്ക് വന്ന് ഒന്നു രണ്ട് കമ്പാർട്ടുമെൻ്റുകൾ എന്നെ കടന്നു പോയി.

ബാഗ് ഞാൻ മാറോട് ചേർത്ത് പിടിച്ചു എങ്കിലും

പതിവിന് വിപരീതമായി ചാടിയൊ, പറന്നോ കയറാതെ മെല്ലെ നടന്ന് ഞാൻ വണ്ടിയിൽ

കയറി ജനൽ സീറ്റിൽ ചെന്നിരുന്നു.

ജനൽ സീറ്റ് കിട്ടിയാൽ പിന്നെ സുഖമായിട്ടൊരു ഉറക്കം .

അതാണ് പതിവ്.

പക്ഷെ കിട്ടാറില്ല അത് വേറെ കാര്യം.

വണ്ടിയിൽ ആളും അനക്കവുമില്ലാത്തതു കൊണ്ട് സീറ്റ് കിട്ടി ഇരുന്നിട്ടും ഒരു രസം തോന്നിയില്ല.

ഒരു തൃല്ല് ഉണ്ടായില്ല.

ഒരു മണിക്കൂറും ഇരുപത് മിനിട്ടും വേണം ഇവിടെ നിന്നും വിരാറിലെത്താൻ. അതിൻ്റെ തൊട്ടു

മുൻപിലെ സ്റ്റേഷനിലാണ് എനിക്കിറങ്ങേണ്ടത്.

ഞാൻ കാലുകൾ മുൻസീറ്റിൻ്റെ അടിയിലേക്ക് നീട്ടിവെച്ച് ചാരി കിടന്നു.

വണ്ടി പുറപ്പെട്ടു.

വാങ്കെഡെ സ്റ്റേഡിയവും, പോലീസ് ജിംഘാനയും കഴിഞ്ഞപ്പോഴേക്കും കടൽക്കാറ്റിൻ്റെ സുഖലഹരിയിൽ ഉറക്കം കൺപോളകളെ അടച്ചു കുറ്റിയിട്ടു.

ആറ്റും മണമ്മേലെ ഉണ്ണിയാർച്ച

ഉറക്കത്തിൽ സ്വപ്നങ്ങൾ കണ്ട പോലെ

ഞാനും കണ്ടു ഉറക്കത്തിൽ സ്വപ്നങ്ങൾ.

അത് പക്ഷെ അല്ലിമലർക്കാവും

അയ്യപ്പൻക്കാവും ആയിരുന്നില്ല ഹിന്ദി സിനിയിലെ

"ജോ വാദാ കി യാ വോ

നിഭാനാ പടേഗ..."

എന്ന പാട്ടു സീനായിരുന്നു.

എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടായിരുന്നു അത്.

ഒരു കാലത്ത് അമീൻ സയാനി യുടെ ബിനാക്കാ ഗീത് മാലയിൽ സ്ഥിരമായി കേട്ടിരുന്ന ഗാനം. എത്രയോ തവണ അത് കേൾക്കാൻ "റേഡിയൊ സിലോണും",

"വിവിദ് ഭാരതിയും₹ തുറന്നിരുന്നിട്ടുണ്ട് ഞാൻ .

പെട്ടന്ന് വണ്ടിയൊന്ന് കുലുങ്ങി ഉലഞ്ഞു . എൻ്റെ കണ്ണുകൾ താനേ തുറന്നു.

പക്ഷെ അപ്പോഴും ആ പാട്ട് ഞാൻ കേൾക്കുന്നുണ്ടായിരുന്നു.

അത് എന്നെ വല്ലാതെ അതിശയിപ്പിച്ചു. സ്വപ്നത്തിൽ കേട്ട ഗാനം സ്വപ്നം കഴിഞ്ഞിട്ടും കേട്ടുകൊണ്ടിരിക്കുന്നു.

ഇതെന്തൊരത്ഭുതം.

ഞാൻ ഒന്ന് നിവർന്നിരുന്ന് മൂന്നു പുറവും നോക്കി.

കയറിയ പോലെയല്ല സീറ്റൊക്കെ നിറഞ്ഞിരിക്കുന്നു. ചിലർ അങ്ങിങ്ങായി നിൽക്കുന്നുമുണ്ട്.

അതിനിടയിലൂടെയാണ് ഡോറിൻ്റെ ഒരു സൈഡിൽ ഇരുന്ന് പാട്ടു പാടുന്ന രണ്ട് പേരെ ഞാൻ കണ്ടത്.

അവരായിരുന്നു സ്വപ്നത്തിൽ ഞാൻ കേട്ട പാട്ട് പാടി കൊണ്ടിരുന്നത്.

ഒരു പുരുഷനും ഒരു സ്ത്രീയും.

അറുപത് വയസ്സിന് മുകളിൽ പ്രായം തോന്നിക്കും അവരെ കണ്ടാൽ . ഭാര്യാഭർത്താക്കന്മാരാണെന്ന് തോന്നുന്നു.

എന്താ ശബ്ദം, എന്താ താളം, എത്ര മധുരമായ സംഗീതാലാപനം.

പുരുഷന്റെത് മുഷിഞ്ഞ ഒരു ജുബ്ബയും ഒരു ജീൻസ് പാൻ്റുമായിരുന്നു വേഷം.

ജുബ്ബക്ക് മുകളിൽ ഒരു തോൽ കുപ്പായം ഇട്ടിരുന്നു. നരച്ച മുടിക്ക് മുകളിൽ ഒരലങ്കാരത്തിനെന്ന പോലെ ഒരു തൊപ്പിയും വെച്ചിട്ടുണ്ട്.

ഒരു വട്ടത്തൊപ്പി. കാശ്മീരി തൊപ്പി.

നീണ്ടു വെളുത്ത താടി രോമങ്ങൾ കാറ്റിൽ പാറി പറക്കുന്നുണ്ട്.

അദ്ദേഹത്തിൻ്റെ കയ്യിൽ ചിരട്ട പോലെ എന്തോ ഒന്നിൽ കമ്പും കമ്പിയും കെട്ടിയ ഒരു സാധനമുണ്ടായിരുന്നു. അത് ഒരു സംഗീത ഉപകരണമായിരുന്നു. എകദേശം അതിന് ശബ്ദത്തിലും രൂപത്തിലും വയലിൻ്റെ രൂപ സാദൃശ്യമാണ്.

അതിൽ ഒറ്റക്കമ്പിയെ ഉണ്ടായിരുന്നുള്ളൂ. എങ്കിലും എത്രയോ ആർദ്രമായ ശബ്ദമായിരുന്നു അതിൽ നിന്നും പുറത്തു വന്നിരുന്നത്. അത് വെറും

ശബ്ദമായിരുന്നില്ല സ്വര രാഗ വീചികളായിരുന്നു. അദ്ദേഹത്തിൻ്റെ

അടുത്തിരുന്നിരുന്ന സ്ത്രീ കണ്ണാടി ചില്ലുകൾ പതിച്ച നീണ്ട കൈകളുള്ള കുപ്പായവും ഒരു പാട് വർണ്ണങ്ങളുള്ള പാവാടയുമാണ് ധരിച്ചിരുന്നത്.

മുടി മറച്ചിട്ടിരുന്ന തട്ടത്തിൻ്റെ നിറം കറുപ്പായിരുന്നു.

അവരുടെ അൽപ്പം നീളം കൂടിയ ചെവികളിൽ വെള്ളി കൊണ്ടുള്ള ചില തൂങ്ങലുകൾ ഉണ്ടായിരുന്നു.അവർ

കഴുത്തിൽ ധാരാളം മാലകൾ അണിഞ്ഞിരുന്നു. മാലകൾ കല്ലുകളും മുത്തുകളും കൊണ്ടായിരുന്നു.

കുപ്പായം ഞൊറിഞ്ഞു വെച്ച കൈ നിറയെ വെള്ളയും ചുവപ്പും, കറുപ്പും നിറമുള്ള വളകളും കൈകളിൽ പച്ചകുത്തിയതും കാണാമായിരുന്നു.

കാലിൽ ഞെരിയാണിക്ക് മുകളിലായി വെള്ളി കൊണ്ടു തന്നെയുള്ള ഒരു കട്ടി തളയും ഇട്ടിരുന്നു അവർ. അവരുടെ കാലിൻ്റെ മടമ്പുകൾ വിണ്ട് പൊട്ടിയിരുന്നു.

ആ സ്ത്രീയാണ് ഹാർമോണിയം വായിക്കുന്നത്. അവരുടെ നീളം കൂടിയ വിരലുകളിൽ പല നിറത്തിലുള്ള കല്ലു പതിച്ച മോതിരങ്ങൾ ഉണ്ടായിരുന്നു.

ആ ഹാർമോണിയ പെട്ടിക്കും അവരുടെ അത്രതന്നെ പ്രായം തോന്നിക്കുന്നുണ്ട്.

പക്ഷെ ഒരു അപ ശബ്ദം പോലും അതിൽ നിന്നും ഉയർന്നിരുന്നില്ല.

അവർ രണ്ടു പേരും കൂടിയാണ്

...ജോ വാദാ കി യാ വോ.. എന്ന പാട്ട് പാടിയിരുന്നത്. പാടുമ്പോൾ അവരുടെ മുഖം കൂടുതൽ തുടുത്തിരുന്നു.

അവർ ബാന്ദ്ര യിൽ നിന്നും കയറിയവരാണെന്ന് തോന്നുന്നു. വഴിയോര ഗായകരാണെങ്കിലും അവരുടെ മുഖത്ത് ഒരു ചൈതന്യം നിറഞ്ഞു നിന്നിരുന്നു.

വിലെ പാർലെ സ്റ്റേഷൻ കഴിഞ്ഞു.

ആ പാട്ടും കഴിഞ്ഞു. അവരുടെ മുന്നിൽ തുറന്നു വെച്ചിരുന്ന പിച്ചള കൊണ്ടുള്ള തൂക്കു പാത്രത്തിൽ യാത്രക്കാർ പണം ഇട്ടു കൊടുത്തു. പക്ഷെ അപ്പോഴും അവരുടെ ശ്രദ്ധ പാട്ടിലും സംഗീതത്തിലും മാത്രമായിരുന്നു.

വണ്ടി അന്ധേരി വിട്ടു. അവർ മറ്റൊരു പാട്ട് പാടാൻ തുടങ്ങി. ചിരട്ട വയലിൻ്റെ കമ്പിയിൽ തൊട്ടപ്പോൾ തന്നെ എനിക്ക് പാട്ട് മനസ്സിലായി. 1949 ൽ ഇറങ്ങിയ ദുലാരി എന്ന സിനിമയിലെ "സുഹാനി രാത്ത് ഢൽ ചുകീ

നാ ജാനേ തും കബ് ആവൊഗെ."

എന്ന പാട്ടാണ് അതെന്ന്.

മുഹമ്മദ് റാഫിയുടെ അനശ്വര ഗാനം ഹിന്ദി സിനിമയിലെ ഏറ്റവും നല്ല പത്തു ഗാനങ്ങൾ എടുത്താൽ അതിലൊന്ന് ഈ ഗാനമായിരിക്കും. കാലങ്ങൾ എത്രയോ കഴിഞ്ഞു പോയിട്ടും സുഹാനി രാത്ത് എന്ന ഗാനം ഇന്നും ഹിന്ദി പാട്ടു കേൾക്കുന്നവർക്ക് ഒരു ദൗർബല്യമാണ്.

എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ദൗർബല്യം..

അവർ ആ പാട്ടു പാടാൻ തുടങ്ങിയതോടെ ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു. എന്നേപ്പോലെത്തന്നെ വേറേയും ചിലർ സീറ്റിൽ നിന്നും എഴുന്നേറ്റു വന്നു.

ചിലരൊക്കെ അവർക്ക് മുന്നിൽ വെച്ചിരുന്ന പിച്ചള പാത്രത്തിൽ പണം ഇടുന്നുണ്ടായിരുന്നു. വണ്ടി പോലും അവരുടെ പാട്ടിനനുസരിച്ച് താളം പിടിച്ചു കൊണ്ടിരുന്നു.

രാം മന്ദിർ സ്റ്റേഷൻ കഴിഞ്ഞു.

അവർ തമ്മിൽ തമ്മിൽ എന്തോ പിറുപിറുത്തു.

ഇനി ഏത് പാട്ട് ചൊല്ലണം എന്ന ചർച്ച പോലെ.

കംമ്പാർട്ടുമെന്റിൽ ഉണ്ടായിരുന്നവർക്കൊക്കെ അവരുടെ ആ പാട്ട് വലിയ ഇഷ്ടമായിരിക്കുന്നു.

അടുത്ത പാട്ട് കേൾക്കാൻ എല്ലാവരും റെഡിയായി.

കയ്യിലുള്ള സംഗീത ഉപകരണത്തിൽ വിരൽ തട്ടി അയാൾ ശബ്ദം ഉണ്ടാക്കി.

ഹാർമോണിയത്തിൽ ചില തുണ്ടു സ്വരങ്ങൾ വരുത്തി ആ സ്ത്രീയും തയ്യാറായി.

അദ്ദേഹം പാടാൻ തുടങ്ങി.

"ഓ ദൂർകേ മുസാഫിർ

ഹം ക്കൊ ഭീ സാഥ് ലേലേരെ

ഹം ക്കൊ ഭീ സാഥ് ലേലെ

ഹം രേഹ് ഗയേ അകേലെ....."

പാട്ട് തുടങ്ങിയപ്പോൾ തന്നെ ഞാൻ എൻ്റെ മൊബെയിൽ ഫോണിൽ അത് റിക്കാർഡ് ചെയ്തു തുടങ്ങി. അതറിഞ്ഞിട്ടെന്ന പോലെ അവർ ഒരൽപ്പം ശബ്ദം കൂട്ടി പാടാനും തുടങ്ങി .

എന്തൊരു പെർഫെക്ഷൻ, നിസ്സാരമായ രണ്ടുപകരണങ്ങൾ കൊണ്ട് അവർ ഉണ്ടാക്കുന്ന സംഗീത വിസ്മയം എന്നെ അത്ഭുതപ്പെടുത്തി.

"ഒറ്റക്കമ്പി നാദം"...

എത്ര മധുരം, മധുരതരം .

പാട്ട് പാടുമ്പോൾ അവരുടെ കണ്ഠത്തിലുണ്ടാവുന്ന ഇളക്കം വാണി ദേവിയുടെ വിളയാട്ടം പോലെ എനിക്ക് തോന്നി.

മാത്രമല്ല

ആ പാട്ടിലെ വരികൾ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുകയും ചെയ്തു.

ഓ ..... ദൂരേക്കു പോകുന്ന സഞ്ചാരീ

ഞങ്ങളെ കൂടെ കൊണ്ടു പോകൂ ഞങ്ങൾ ഇവിടെ ഒറ്റപ്പെട്ടുപോയിരിക്കുന്നു.....

എന്ന വരികൾ

എന്തുകൊണ്ടോ എന്നെ വല്ലാതെ സ്വാധീനിച്ചു.

ഞാനവനരുടെ മുഖത്തേക്കു തന്നെ അൽപ്പനേരം നോക്കി നിന്നു.

അറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞു.

വണ്ടി കാന്തിവലി സ്റ്റേഷനിലൂടെ പാഞ്ഞു പോകുമ്പോൾ ആ പാട്ടു കഴിഞ്ഞു.

ഞാൻ ഫോൺ പോക്കറ്റിലിട്ടു.

അവർ പതുക്കെ എഴുന്നേറ്റു.

നിലത്ത് അവരുടെ ശരീരത്തോട് ചേർത്തു വെച്ചിരുന്ന ഭാണ്ഡ സഞ്ചി എടുത്ത് അദ്ദേഹം ചുമലിലിട്ടു.

വയലിൻ അതിൽ തിരുകി.

കൂടെ പിച്ചള കൊണ്ടുള്ള ചോറ്റുപാത്രവും അതിൽ തന്നെ വെച്ചു.

ഹാർമോണിയം ചുമലിലൂടെ പിന്നിലേക്ക് തൂക്കി അവരും തയ്യാറായി.

കിട്ടിയത് മേടിച്ചു എന്നല്ലാതെ അവർ ആരോടും ഒന്നും ചോദിച്ചില്ല, കൈ നീട്ടിയില്ല.

ബോറിവലിയിൽ അവർ ഇറങ്ങുമെന്ന് എനിക്ക് മനസ്സിലായി.

അവിടെ ഇറങ്ങേണ്ട യാത്രക്കാരൊക്കെ ഡോറിൻ്റെ മുന്നിൽ നിരന്നു നിന്നു.

പതിവുപോലെ

FCI ഗോഡൌണിൻ്റെ മുന്നിൽ സിഗ്നൽ കിട്ടാതെ വണ്ടി നിന്നു.

ചുമലിൽ സഞ്ചി തൂക്കി പുറത്തേക്ക് നോക്കി നിർനിമേഷരായി നിന്നിരുന്ന അവരുടെ അടുത്തു ചെന്ന് ഞാൻ പറഞ്ഞു.

ബഹൂത്ത് അച്ഛാ സെ ഗായെ ആപ്പ് ലോഗ്.

സുൻകെ ഖുശി ഹോഗയ.

റാഫി സാഹിബ്കി

ആവാജ് ഔർ ആപ് കി

ആവാജ് സെയിം സെയിം ലഗ്ത്താഹെ.

ബഹൂത്ത്

ബഹൂത്ത് ശുക്രിയ .

ഞാൻ ബാഗ് തുറന്ന് ലക്ഷ്മി പൂജക്ക് കിട്ടിയ മിഠായി പാക്കറ്റും കവറും ഒന്ന് തുറന്നു പോലും നോക്കാതെ അദ്ദേഹത്തിൻ്റെ കൈകളിൽ ഏൽപ്പിച്ച് ഒന്ന് തൊഴുതു. അവർക്ക് ദീപാവലി ആശംസകൾ നേർന്നു. അപ്പോഴേക്കും വണ്ടി

സ്റ്റേഷനിൽ എത്തി.

അവർ കണ്ണുനീർ തുടച്ച് താഴേക്കിറങ്ങി ഒരു നിമിഷം തിരിഞ്ഞു നിന്ന് എനിക്കും ആശംസ നേർന്നു.

വണ്ടി നീങ്ങി.

ഞാൻ വാതിലിൻ്റെ ഇട കമ്പിയിൽ പിടിച്ച് അവരെ തന്നെ നോക്കി നിന്നു.

വണ്ടിക്ക് വേഗത കൂടി സ്റ്റേഷൻ വിടുമ്പോഴും അവർ കൈകൾ ഉയർത്തി വീശി അവിടെത്തന്നെ നിന്നിരുന്നു.

എനിക്ക് ഇറങ്ങാൻ ഇനിയും അരമണിക്കൂർ ബാക്കിയുണ്ട്'

ഞാൻ സിറ്റിൽ ചെന്നിരുന്ന് ഫോണിൻ്റെ റിംഗ് ടോൺ അവർ പാടിയ

ഓ ദൂർകേ മുസാഫിർ എന്ന പാട്ടാക്കി മാറ്റി. വർഷങ്ങൾ അഞ്ചാറ് കഴിഞ്ഞിട്ടും ഇപ്പോഴും എൻ്റെ ഫോണിൻ്റെ റിംഗ് ടോൺ അതു തന്നെ.

ഇപ്പോഴും ആ പാട്ട് കേൾക്കുമ്പോൾ ഞാൻ ലോക്കൽ ട്രെയിനിൽ ഇരിക്കുന്ന ഒരു പ്രതീതി.

ആളുകളുടെ സംഭാഷണങ്ങളും വണ്ടി ഓടുന്ന ശബ്ദവും

അഗലെ സ്റ്റേഷൻ

ബോറിവലി എന്ന അനൗൺസ്മെൻ്റും എല്ലാം പശ്ചാത്തലമായ

ആ ഗാനം റിട്ടയർമെൻ്റ് ജീവിതത്തിൽ ഗതകാല സ്മരണകളുടെ ഉണർത്തു പാട്ടായി മാറി.

പിന്നീട് പലപ്പോഴും

പല സ്റ്റേഷനുകളിലും ഞാനവരെ തിരഞ്ഞിട്ടുണ്ട്.

പക്ഷെ കാണാൻ സാധിച്ചിട്ടില്ല.

എൻ്റെ ഫോൺ

വീണ്ടും പാടി തുടങ്ങി.

അതേ പാട്ട്.

അത് സേവ് ചെയ്തിരുന്ന നമ്പറിൽ നിന്നു തന്നെ ആയിരുന്നതുകൊണ്ട്

ഞാൻ ഫോൺ എടുത്തു ചെവിയോട് ചേർത്തു പിടിച്ചു.

ഹലോ രവിയേട്ടാ

ഹാപ്പി ദീവാളി ട്ടൊ

അങ്ങേ അറ്റത്തു നിന്ന് അയാൾ പറഞ്ഞു.

ഓ താങ്ക്യൂ.. താങ്ക്യു സെയിം ടു യു.

ഇങ്ങേ അറ്റത്തു നിന്ന് ഞാനും പറഞ്ഞു.

🙏

എല്ലാവർക്കും ദിപാവലി ആശംസകൾ

രവി വാരിയത്ത് & warriers.org

33 views0 comments

Kommentare


bottom of page