top of page
Writer's picturewarriers.org

"Ente Kadavu" by Ravi Variyath

*എൻ്റെ കടവ്*

By രവി വാരിയത്ത്

👌👍: warriers.org

അതൊരു വലിയ തോണി ആയിരുന്നു.

എങ്കിലും അതിലിരിക്കാൻ എനിക്ക് പേടി തോന്നിയില്ല.

കാരണം അച്ഛൻ്റെ കൈ പിടിച്ച് അമ്മയുടെ മടിയിലിരുന്നായിരുന്നു ആ യാത്ര

കടവത്തു നിന്നും തോണി പതുക്കെ നീങ്ങി.

തീരം അകന്നു തുടങ്ങി.

ഞാൻ ആകാംക്ഷയോടെ ചുറ്റും നോക്കി പുഴയല്ല തോണിയാണ് ഒഴുകുന്നതെന്ന് എനിക്ക് തോന്നി.

മുറ്റത്തെ മഴവെള്ളത്തിൽ കാലാസു തോണി ഉണ്ടാക്കിക്കളിക്കുമ്പോൾ ഇത്ര രസം തോന്നിയിരുന്നില്ല. ഞാനതിലൊരു യാത്രക്കാരനായിരുന്നില്ലല്ലൊ.

തോണിക്കാരൻ ഞാൻ കേൾക്കാത്ത രീതിയിലൊരു പാട്ടു പാടുന്നുണ്ടായിരുന്നു.അത് കേട്ടിട്ടായിരിക്കും പുഴവെള്ളം തോണിക്കു പോകാൻ വഴിയൊരുക്കുന്നുണ്ടായിരുന്നു.

എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി.

ശാന്ത സുന്ദരമായ പുഴ.

ചുറ്റും തെളി നീർ.

ഞാൻ അമ്മയുടെ മടിയിൽ നിന്നിറങ്ങി. എനിക്ക് കുഞ്ഞോളങ്ങളെ തൊടാൻ മോഹം .

ഞാൻ ഇടത് കൈ തോണിയുടെ കൈവരിയിൽ വെച്ച് വലതു കൈ കൊണ്ട് പുഴ വെള്ളം കോരിയെടുത്തു മുഖം നനച്ചു കഴുകി.

എന്തൊരു സുഖം. ഞാൻ ഒരോരൊ കുസൃതികൾ കാട്ടി തോണിയിൽ ഓടിക്കളിച്ചു.

അത് അരുത് എന്ന് അച്ഛൻ പറഞ്ഞില്ല പകരം സൂക്ഷിക്കണം എന്ന് മാത്രം പറഞ്ഞു.

തോണി മുന്നോട്ടു മുന്നോട്ടു പോയി

കാലവും അതോടൊപ്പം പോയി.

തോണി ഏതോ ഒരു കടവിൽ നിന്നു.

കുറച്ചു പേർ അവിടെയിറങ്ങി.

അച്ഛനും കൂടെയിറങ്ങി.

ഞാൻ അച്ഛൻ വരുന്നതും നോക്കിയിരുന്നു.

തോണി പോകാനൊരുങ്ങി.

എനിക്ക് പേടി തോന്നി.

അച്ഛൻ ഇനിയും വന്നിട്ടില്ല. എനിക്കപ്പോൾ മറ്റൊരു കാഴ്ച്ചയും കാണാൻ തേന്നിയില്ല .

അച്ഛൻ മാത്രമായിരുന്നു മനസ്സിൽ.

തോണി കടവിൽ നിന്നും അകന്നു.

പക്ഷെ അച്ഛൻ വന്നില്ല.

അച്ഛാ........ എന്ന് ഞാൻ ഉറക്കെ വിളിച്ചു.

പക്ഷെ അതാരും കേട്ടില്ല.

അമ്മ ഒന്നും പറയാതെ ആ കടവിലേക്കു തന്നെ നോക്കിയിരുന്നു.

തോണി തിരിച്ചു വരുമ്പോൾ അച്ഛൻ കയറുമായിരിക്കും ഞാൻ കരുതി.

എന്നാലും അച്ഛനെന്തിനാ ഞങ്ങളെ വിട്ട് പോയത് എന്നൊരു ചോദ്യം മനസ്സിലുണ്ടായിരുന്നു.

അത് വല്ലാത്ത സങ്കടമായപ്പോൾ ഞാൻ അമ്മയോട് ചോദിച്ചു.

അമ്മേ ....അച്ഛൻ കയറിയില്ലല്ലൊ

അമ്മ പറഞ്ഞു.

ഇല്ല

അച്ഛൻ പോയി.

എങ്ങോട്ട്.

ഞാൻ ചോദിച്ചു.

നിയ്യതൊന്നും അറിയേണ്ട സമയമായിട്ടില്ല.

ഞാനില്ലെ നിൻ്റെ കൂടെ.

ഉം ഞാൻ മൂളി.

തോണിക്കാരൻ വീണ്ടും പാടാൻ തുടങ്ങി. വഴിയിലിറങ്ങി പോകുന്ന യാത്രക്കാരുടെ അപദാനങ്ങൾ ആയിരുന്നു ആ പാട്ടുകൾ.

അച്ഛനേക്കുറിച്ചുള്ള വരികൾ കേട്ടപ്പോൾ അമ്മ മെല്ലെ തേങ്ങി.

എനിക്കപ്പോൾ പുഴ വെള്ളം കോരിയെടുക്കാൻ തോന്നിയില്ല.

ഒരു കുസൃതിയും തോന്നിയില്ല.

സൂര്യനിപ്പോൾ നിറുകയാലാണ് കത്തുന്നത്.

ദൂരെ വെള്ളവും വെളിച്ചവുമായി സംഗമിക്കുന്ന പോലെ.

അമ്മ സാരിത്തലപ്പു കൊണ്ട് തല മൂടി മെല്ലെ പറഞ്ഞു.

വല്ലാത്ത ചൂട്

അകവും പുറവും .

ഞാൻ തോണിക്കുള്ളിൽ നടന്നു.

എനിക്കപ്പോൾ തോണി പരിചയമായി തുടങ്ങിയിരിക്കുന്നു. ഒഴുക്കിൻ്റേയും

ഓളങ്ങളുടേയും ചലന വ്യത്യാസങ്ങൾ ഞാൻ പഠിച്ചിരിക്കുന്നു. സഹയാത്രീകരുമായി

ഞാനൊരു സ്നേഹബന്ധവും സൃഷ്ടിച്ചിരുന്നു.

അമ്മയുടെ നെറ്റിയിൽ നിന്നും വിയർപ്പുതുള്ളികൾ വീണു കൊണ്ടിരുന്നു.

ഞാനത് തുടച്ചു കൊടുത്തു.

തോണി വീണ്ടും മറ്റൊരു കടവത്തെത്തി.

അവിടേയും കുറച്ചു പേർ ഇറങ്ങി.

കൂടെ അമ്മയും ഇറങ്ങി. തോണിക്കടവത്ത് നിന്ന്

അമ്മ സാരി കൊണ്ട് മുഖം നന്നായി തുടച്ചു.

അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.

അമ്മ ആകെ ക്ഷീണിച്ചിരിക്കുന്നു.

മുഖത്ത് ചുളിവുകൾ വീണിരിക്കുന്നു. എണ്ണമയം ഇല്ലാത്ത

കുമ്മായം തേച്ച മുടിയിഴകൾ പാറി പറക്കുന്നുണ്ടായിരുന്നു.

അമ്മ പറഞ്ഞു.

ഇനി

തോണിക്കാരനില്ല. അയാളും പോയിരിക്കുന്നു.

നീ ഒറ്റക്ക് തോണി തുഴയണം.

ഇനിയും കടവുകൾ വരും പലരും കയറും.

പലരും ഇറങ്ങും.

പിന്നെ എപ്പോഴെങ്കിലും നിൻ്റെ സ്വന്തം കടവ് വരും.

അവിടെ നിനിക്കിറങ്ങാം.

അമ്മ അവിടെ എവിടേയൊ അപ്രത്യക്ഷയായി.

ഞാനൊറ്റക്കായി.

പുഴയിപ്പോൾ ആകെ കലങ്ങിയിരിക്കുന്നു.

ഞാൻ ഇല്ലാത്ത കരുത്തുണ്ടാക്കി

തോണി തുഴഞ്ഞു.

എൻ്റെ കണ്ണുനീർ പുഴയിൽ വീണു. ദിക്കറിയാതെ ഞാൻ വലഞ്ഞു.

എങ്കിലും ഞാൻ തുഴച്ചിൽ നിർത്തിയില്ല. ആദ്യം തോണിയൊന്ന് ആടി ഉലഞ്ഞു എങ്കിലും മെല്ലെ മെല്ലെ ഞാനതിൻ്റെ നിയന്ത്രണം ഏറ്റെടുത്തു. എവിടേയൊ എനിക്കിറങ്ങാനുള്ള കടവിലേക്കുള്ള എൻ്റെ പ്രയാണം ഞാൻ തുടർന്നു .

കടവുകൾ പലതും വന്നു, പലരും കയറി പലരും ഇറങ്ങി. ഇറങ്ങുന്നവർ കരഞ്ഞു ഞാനും കരഞ്ഞു.

കയറുന്നവർ ചിരിച്ചു.

ഞാനും ചിരിച്ചു.

ഞാൻ തുഴച്ചിൽ തുടർന്നു.

പക്ഷെ എൻ്റെ കടവുമാത്രം വന്നില്ല

വരും .....

എൻ്റെ കടവും വരും വരാതിരിക്കില്ല.

ഞാൻ ചോർന്നു പോകുന്ന ശക്തിയിലും തോണി തുഴഞ്ഞു ....

തുഴഞ്ഞു കൊണ്ടേയിരുന്നു.

🙏

*രവി വാരിയത്ത്.*


24 views0 comments

Comments


bottom of page