top of page

A short story 'Kaka Samvadam'

Writer: warriers.orgwarriers.org

*കാക സംവാദം* A short Story by Ravi Warriath


തുള്ളിക്കൊരു കുടം പെയ്യുന്ന കർക്കിടക മഴയുടെ കൊട്ടി ചൊരിയൽ ഒന്ന് ഒതുങ്ങിയപ്പോൾ നദീതീരം വീണ്ടും സജീവമായി.

പുഴവക്കത്തെ മരക്കൊമ്പിലിരുന്നു കൊണ്ട് രണ്ടു കാക്കകൾ സംവാദം തുടങ്ങി.

താഴെ ബലിതർപ്പണത്തിൻ്റെ മന്ത്രധ്വനികൾക്കിടയിൽ

ഒന്നാം കാക്ക രണ്ടാം കാക്കയോട്‌ ചോദിച്ചു.

വന്നോ മക്കളും കുട്ട്യോളും.


രണ്ടാം കാക്ക പറഞ്ഞു.

ഇല്ല .


അതെന്താ വരില്ലേ ?


വരും വരും തീർച്ചയായിട്ടും വരും.

രണ്ടാം കാക്കയുടെ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞു.

അത് ചാഞ്ഞും ചെരിഞ്ഞും നോക്കി സ്വയം സമാധാനിപ്പിക്കുന്ന പോലെ തന്നോടു തന്നെ പറഞ്ഞു .

വരും വരാതിരിക്കില്ല.


ഒന്നാം കാക്ക വീണ്ടും ചോദിച്ചു.

ബലിച്ചോറുണ്ണാൻ തിടുക്കായോ .


രണ്ടാം കാക്ക പറഞ്ഞു

ഏയ് ഇല്ല.

ഉണ്ടെങ്കിൽ തന്നെ

അവരിടുന്ന ബലിച്ചോറ് ഞാൻ കൊത്താറില്ല.


ഇല്ലേ .... അതെന്താ


ജീവിച്ചിരിക്കുമ്പോൾ

ഒരു പിടി ചോറോ ഒരു തുള്ളി വെള്ളമോ, തരാത്തവാരാണ് അവർ.

അനാഥാലയത്തിൽ നിന്നും

ശ്മശാനത്തിലേക്കുള്ള യാത്രയിൽ ഒരു കാഴ്ച്ചക്കാരെനെ പോലേയെങ്കിലും കൂടെ വരാത്തവരാണ് അവർ.

അവർ വെക്കുന്ന

പിണ്ഡം ഞാനെന്തിന് കൊത്തണം.

ശാരീരികമായും മാനസികമായും പീഡിപ്പിച്ചു കൊന്ന ബന്ധങ്ങൾക്ക് കാപട്യം കൊണ്ട് ബലിയിട്ടു പോകുന്ന നാടകം.....

നാടകമേ ഉലകം .

പക്ഷെ

ഇന്നവർ വരും. കാരണം

അവർക്ക് ഇതൊരു പിക്ക്നിക്കാണ്. കുപ്പിപ്പെട്ടിക്കലാണ്

ഹോട്ടലിൽ ഭക്ഷണം ഒരു സിനിമയും.

അല്ലാതെ കൈലാസം നന്നാവാൻ ആരെങ്കിലും ശിവരാത്രി നോറ്റിട്ടുണ്ടൊ.

ഇതൊരു പഴഞ്ചൊല്ലാണ് ട്ടൊ.

പഴഞ്ചൊല്ലിൽ പതിരുണ്ടെങ്കിൽ പശുവിൻ പാൽ കയ്ക്കും എന്ന് മറ്റൊരു മഹാ മൊഴിയും ഉണ്ട്.

വെറുതേ തർക്കിക്കേണ്ടാ എന്ന് കരുതി പറഞ്ഞതാ .


ആയ്ക്കോട്ടെ ഞാനതിൽ കൊത്താൻ വരുന്നില്ല.

എന്തിനും ഏതിനും പുലഭ്യം പറഞ്ഞ് അലറി വിളിച്ച് ഒച്ചക്കാരൻ മെച്ചക്കാരനാവുന്ന ചാനലുകളിലെ അന്തി ചർച്ചയൊന്നും അല്ലല്ലൊ ഇത്.

അതു കൊണ്ട്

അത് പോട്ടെ. ബലിയിട്ട പിണ്ഡം ഭുജിക്കാനല്ലെങ്കിൽ

പിന്നെ ഇദ്ദേഹം എന്തിനാ ഇങ്ങോട്ട് വന്നത്.


ചുറ്റും പറന്നൊരു വിഹഗ വീക്ഷണം നടത്തി തിരിച്ചു വന്നിരുന്നു കൊണ്ട് രണ്ടാം കാക്ക മൊഴിഞ്ഞു.


എനിക്കൊന്ന് കാണാൻ അവർ....... എൻ്റെ മക്കളല്ലേ പേരക്കുട്ടികളല്ലേ.....


ഓ.... അത് ശരി. നിറഞ്ഞ സ്നേഹം. വൈകാരികം.


മരകൊമ്പുകളിലിരിക്കുന്ന മറ്റു പിതൃക്കളുടെ കോലാഹലം കൊണ്ട്

സംവാദം ഏതാനും നിമിഷം തടസപ്പെട്ടു. രംഗം ശാന്തമായിപ്പോൾ

രണ്ടാം കാക്ക ഒന്നാം കാക്കയെ വിസ്തരിക്കാൻ തുടങ്ങി,

അത് കേൾക്കാൻ മറ്റു കാക്കകളും ചുറ്റുമെത്തി.


ചോദ്യം.....

താങ്കളുടെ

എല്ലാവരും വന്നോ അതോ

ബലിയിട്ട് പോയോ.


ഇല്ല

എനിക്കാരും വരാനില്ല


അതെന്താ അനാഥനായിരുന്നോ.


അല്ല സനാഥനായിരുന്നു.


പിന്നെന്താ ആരും വരാനില്ലാത്തത്.


വരാൻ ആരും ഇല്ലാത്തതു കൊണ്ടല്ല

അവർ വന്ന് ബലിയിട്ടു പോകേണ്ട ആവശ്യമില്ലാത്തതു കൊണ്ടാ.


അതെന്താ അങ്ങനെ?

എനിക്ക് മനസ്സിലായില്ല.


എന്നാ കേട്ടോളൂ.

ഒന്നാം കാക്ക പറഞ്ഞു തുടങ്ങി.

എൻ്റെ അവസാന ശ്വാസം വരെ എൻ്റെ അരികത്തിരുന്ന് എന്നെ ശുശ്രൂഷിച്ചിരുന്നവരാണ് എൻ്റെ മക്കൾ.

എൻ്റെ ഏതാവശ്യവും സന്തോഷത്തോടെ ചെയ്തു തന്നവരാണ് അവർ.

ഞാൻ വയ്യാതെ കിടക്കുമ്പോൾ എൻ്റെ ഇഷ്ടം മാത്രമല്ല സ്വാദു പോലും മനസ്സിലാക്കി ഭക്ഷണം കുഴച്ചുരുട്ടി തന്നിരുന്നവരാണവർ.

എൻ്റെ വിസർജ്ജന വസ്തുക്കൾ അറപ്പോ, വെറുപ്പോ കൂടാതെ നിർമാർജ്ജനം ചെയ്തിരുന്നവർ. എന്നെ കുളിപ്പിച്ച് വൃത്തിയാക്കി കട്ടിലിൽ കിടത്തി അരികത്തിരുന്ന് തലോടി ഉറക്കിയവർ...... അവർ

എൻ്റെ മക്കൾ.

അതിൽ പരം എന്ത് പുണ്യമാണ് ഇവിടേ വന്ന് ബലിയിട്ടാൽ അവർക്ക് കിട്ടാനുള്ളത്,

എനിക്ക് എന്താണ് കൊടുക്കാനുള്ളത്.

ഒന്നുമില്ല.

പിന്നെ അവരെന്തിനാ ബലിയിടാൻ വരുന്നത്.


വീണ്ടും മഴ വന്നു.

സംവാദം തീർന്നു.

താഴെ ഉതിർന്നു വീണ് വെള്ള തുള്ളികളിൽ പിതൃക്കളുടെ കണ്ണുനീർ തുള്ളികൾ കലർന്നു.


ഒന്നാം കാക്ക പറന്നു പോയി.

ആരേയും കാത്തിരിക്കാതെ രണ്ടാം കാക്കയും പോയി,

കൂടെ സംവാദം കേൾക്കാനിരുന്ന കാകരും.

പോകാത്തവർ കഥയറിയാതെ

ആട്ടം കാണാൻ തുടങ്ങി.

അവരുടെ ക്രാ....ക്രാ എന്ന കോറസ്സിൽ മന്ത്രധ്വനികളുടെ ശബ്ദം കേൾക്കാതായി


പ്രാണീനാം ഉദകം ദത്തം

അക്ഷയം ഉപ്തിഷ്ടതു.


എളളും പൂവും അക്ഷതവും ചുറ്റും ചിതറി കിടന്നു.

ദക്ഷിണ കൈപറ്റി പൂജാരിമാർ ചാരിതാർത്ഥ്യ മടഞ്ഞു.

പിതാമഹൻ ഊറി ചിരിച്ചു.

പുഴയ്ക്കക്കരേയിരുന്ന് കുഞ്ചൻ നമ്പ്യാരുടെ ആത്മാവ് മന്ത്രിച്ചു.

ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം


താഴെ ബലികർമ്മങ്ങൾ നിർബാധം തുടർന്നു.

വിശ്വാസം അതല്ലേ എല്ലാം.


ഇതൊരു റീലാക്കണം

അതല്ലേ ഇപ്പോഴതെ ട്രെൻ്റ്.

കാക്ക കരയുന്നതും കാക്ക ചിരിക്കുന്നതും, കാക്ക തെറി പറയുന്നതും, പിന്നെ കാക്ക കാഷ്ടിക്കുന്നതും. അതു കൂടി ചേർത്തൽ ഒരു ഉഗ്രൻ ന്യൂജെൻ റീലാവും തീർച്ച.

🙏

രവി വാരിയത്ത്.


👌👍: warriers.org


Comments


bottom of page